അടിയും ഇടിയും മാത്രമല്ല 'ആർ.ഡി.എക്സ്' - റിവ്യു
text_fieldsഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വീക്കെന്റ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആർ.ഡി.എക്സ് (RDX).
ക്ലീൻ എന്റെർടൈനർ വിഭാഗത്തിൽ പെടുന്ന ചിത്രം ഓണം റിലീസായിട്ടാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ഒരേ കുടുംബത്തിലെ രണ്ട് അംഗങ്ങളാണ് റോബർട്ടും ഡോണിയും. ഇവരുടെ ഉറ്റ സുഹൃത്താണ് സേവ്യർ. സേവ്യറിന്റെ അച്ഛൻ ഒരു മാർഷ്യൽ ആർട്സ് അക്കാദമി നടത്തുകയാണ്. അവിടെ ട്രെയിനിങ് നടത്തി പോരുന്ന മൂന്നു പേരും ഇണപിരിയാത്ത സുഹൃത്തുക്കളുമാണ്. ആ സൗഹൃദത്തിന്റെ ചുരുക്കപ്പേരാണ് RDX എന്നത്. തങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അത് സ്വന്തം പ്രശ്നമായി കണ്ട് കൈകാര്യം ചെയ്യുന്നവർ തന്നെയാണ് മൂന്നുപേരും. സിനിമ തുടങ്ങുന്നതും അത്തരമൊരു പ്രശ്നത്തിൽ നിന്ന് തന്നെയാണ്. മാസ് ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രം സമ്പന്നമാണ് ചിത്രം. അടിയും ഇടിയും തീപ്പൊരി പാറും രംഗങ്ങളും മാത്രമല്ല പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും എല്ലാം കഥയ്ക്ക് പശ്ചാത്തലമാകുന്നുണ്ട്.
വലിയ പുതുമ അവകാശപ്പെടാനുള്ള വിഷയമല്ലെങ്കിൽ കൂടിയും സിനിമ ക്രാഫ്റ്റ് ചെയ്തിരിക്കുന്ന രീതി തന്നെയാണ് ഏറ്റവും മികച്ചതായിരിക്കുന്നത്. പ്രണയമായാലും സൗഹൃദമായാലും ആക്ഷനായാലും മനസംഘർഷമായാലും അതെല്ലാം കഥാപാത്രങ്ങളുടെ അതേ അളവിൽ പ്രേക്ഷകർക്കും അനുഭവിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ക്രാഫ്‌റ്റിന്റെ മേന്മ. അതുകൊണ്ടുതന്നെ തന്റെ ആദ്യ സിനിമാശ്രമത്തിൽ സംവിധായകൻ നഹാസ് ഹിദായത്ത് നൂറു ശതമാനവും വിജയിച്ചു എന്ന് തന്നെ പറയാം. സ്ക്രീൻ സ്പേസിന്‍റെ കാര്യത്തിൽ പോലും യാതൊരു വിട്ടുവീഴ്ചയും നടത്താത്ത വിധത്തിൽ മൂന്നുപേർക്കും തുല്യ പ്രാധാന്യം തന്നെയാണ് സിനിമ നൽകിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ കണ്ട് ശീലിച്ച ആന്റണി പെപ്പേക്ക് കുടുംബ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങൾ ചേരുമെന്നും, പതിവ് വിഷാദ നായകന്മാരിൽ നിന്നും വ്യത്യസ്തമായി ഷെയ്ൻ നിഗത്തിന് പ്രണയവും നൃത്തവും ആക്ഷനും മാസ്സ് രംഗങ്ങളും ചേരുമെന്നും, നീരജ് മാധവന് ഗെറ്റപ്പ് കൊണ്ട് ഏത് വിധത്തിലും വ്യത്യസ്തനാകാൻ സാധിക്കുമെന്നും തെളിയിച്ച ചിത്രം കൂടിയാണ് ആർ ഡി എക്സ്.
നായകന്മാരോളം തന്നെ പ്രാധാന്യമർഹിക്കുന്നു വിഷ്ണു അഗസ്ത്യ അവതരിപ്പിച്ച പോൾസൺ എന്ന വില്ലനും. എതിർപക്ഷത്തുള്ള വില്ലൻ ശക്തനായാൽ മാത്രമേ നായകന്മാർക്കും കെട്ടുറപ്പുള്ളൂ എന്ന് പറയുന്നതുപോലെ പോൾസൺ തികച്ചും ശക്തനാണ്. സിനിമയുടെയും വൈര്യത്തിന്റെയും ആക്ഷന്റെയും അടിസ്ഥാനം തന്നെ മറുവശത്ത് ശക്തനായ വില്ലനായി പോൾസൺ ഉണ്ട് എന്നത് തന്നെയാണ്. സുജിത് ശങ്കർ, സിറാജുദ്ദീൻ (അവിയൽ ഫെയിം), ദിനീഷ് പി., ഹരിശങ്കർ, നിഷാന്ത് സാഗർ എന്നീ നടന്മാരും വില്ലനോടൊപ്പം ഒത്തുച്ചേരുമ്പോൾ സിനിമ പ്രേക്ഷകരെ ഹൈപ്പിലെത്തിക്കുന്നു.
ആക്ഷൻ രംഗങ്ങളില്‍ നായകൻമാരുടെയും വില്ലന്മാരുടെയും പ്രകടനത്തിന്റെ എല്ലാ ക്രെഡിറ്റും നൽകേണ്ടത് ആക്ഷൻ രംഗം കൊറിയോഗ്രാഫി ചെയ്‍ത അൻപറിവിനാണ്. കെജിഎഫിനും വിക്രത്തിനുമൊക്കെ ആവേശകരമായ സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ പരീക്ഷണങ്ങളുമായാണ് ആർ ഡി എക്സിൽ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. ലാൽ, ബാബു ആന്റണി, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാലാ പാര്‍വതി, ബൈജു സന്തോഷ് എന്നിങ്ങനെയുള്ള എല്ലാ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കിയിരിക്കുന്നു.
ഒരു മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായ ചിത്രം കുടുംബബന്ധങ്ങളുടെ വൈകാരികതയും പറഞ്ഞു പോകുന്നുണ്ട്. അതിനാൽ തന്നെ കുടുംബപ്രേക്ഷകരെയും മാസ് ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ചിത്രം തന്നെയാണ് ആർ ഡി എക്സ്. സംഘട്ടന രംഗത്തിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ ചടുലമായ എഡിറ്റിങ്ങും ജോസഫ് നെല്ലിക്കലിന്റെ ആര്‍ട് വർക്കും അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒന്നാണ്. സംവിധായകന്റെ കഥക്ക് ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവർ ശക്തമായ തിരക്കഥ രചിച്ചു എന്നതും സംവിധായൻ മെയ്ക്കിങ് കൊണ്ട് അത് മികച്ചതാക്കി എന്നും വേണം പറയാൻ. ഒരു പക്കാ ആക്ഷൻ എന്റർടൈനർ ചിത്രം നൽകാൻ കെല്പുള്ള സംവിധായകനായി നഹാസ് ഹിദായത്ത് അടയാളപ്പെടുന്നതിനോടൊപ്പം തന്നെ ഈ ഓണം മൊത്തത്തിൽ ആർ ഡി എക്സ് തൂക്കിയെടുത്തു എന്ന് തന്നെ ഉറപ്പിച്ചു പറയാം. സിംപിളായി പറഞ്ഞാൽ ഈ ആർ. ഡി. എക്സ് കൊലത്തൂക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.