'കരയിലുള്ളതെല്ലാം കടലിലുമുണ്ട്; കരയിൽ തിമിംഗലമില്ല കടലിൽ മനുഷ്യരും'-ആവാസവ്യൂഹം റിവ്യൂ
text_fields'കരയിലുള്ളതെല്ലാം കടലിലുമുണ്ട്; കരയിൽ തിമിംഗലമില്ല കടലിൽ മനുഷ്യരും' ആ ഒറ്റ ഡയലോഗിൽ മനസിലേക്ക് പാഞ്ഞു കയറിയ കൊള്ളിയാൻ ഇപ്പോഴും പിടക്കുന്നുണ്ട്. ചിത്രംതുടങ്ങി നിമിഷങ്ങൾക്കകം മനസിലെ ചിന്തകളെ ഇളക്കും. രണ്ടുമണിക്കൂർ കണ്ണിമചിമ്മാതെ വലിച്ചിടാനുള്ള കാന്തിക ശക്തി ആവാസവ്യൂഹത്തിനുണ്ട്. പ്രകൃതിയുടെയും മനുഷ്യന്റെയും ഹൃദയതാളത്തിന്റെ രാഷ്ട്രീയം പറഞ്ഞ അപൂവ്വതകളിൽ ഒന്നായി ചിത്രത്തെ ഇന്ത്യൻ സിനിമക്ക് ഹൃദയത്തിൽ അടയാളപ്പെടുത്താം
മനുഷ്യനും പ്രകൃതിയുമായി ഇഴപിരിയാനാവാത്ത നാടീ ബന്ധമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതിൽ കൃഷാന്ത് എന്ന സംവിധായകൻ കയ്യടി അർഹിക്കുന്നു. അത്രമേൽ സൂക്ഷ്മമായാണ് പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക മനുഷ്യൻ മറന്നുപോയ ജൈവികതയുടെ വേരുതേടിയുള്ള യാത്രയാണ് യഥാർത്ഥത്തിൽ സിനിമ. അതിനുവേണ്ടി പ്രകൃതിയും മനുഷ്യനും നടത്തിയ പോരാട്ടങ്ങളും ഇഴപൊട്ടാതെ തുന്നി ചേർത്തിട്ടുണ്ട്.
സമയം തികയ്ക്കാൻ വേണ്ടിയുള്ള സരസമായ കഥപറച്ചിലല്ല. വിഷയത്തിലേക്ക് എത്തിക്കുന്നതിന് കൂടുതൽ ഡ്രാമയുമില്ല. കഥക്കൊപ്പം പറഞ്ഞ ഡാറ്റകളുടെ വിവരണമാണ് ആവാസവ്യൂഹത്തിന്റെ മാജിക്ക്. മണ്ണാഴങ്ങളിലേക്ക് പടർന്നു പിടിക്കുന്ന വേരുകളെപ്പോലെ അത് പ്രേക്ഷകന്റെ മനസിലേക്ക് ഇറങ്ങും. അതിനകം ഹൃദയത്തിൽ പുതിയ ചിന്തകളുടെ നനവ് പടർന്നിട്ടുണ്ടാകും.പ്രകൃതി ജീവിതത്തെയാണ് പല അടരുകളുള്ള അധ്യായങ്ങളായി സിനിമ ചേർത്തു തുന്നിയത്. യഥാർത്ഥത്തിൽ മതവും, രാഷ്ട്രീയവും, ശാസ്ത്രവും ഇവിടെ കഥാപാത്രങ്ങളാണ്. മനുഷ്യൻ ഉൾച്ചേർന്ന സർവ്വ തലങ്ങളിലെയും രാഷ്ട്രീയം അത്ര കൃത്യമായി ആവാസവ്യൂഹം പറയുന്നുണ്ട്. അതിനൊപ്പം ഇഴപൊട്ടാതെ തമാശകളും ചേർത്ത പൂർണതയുള്ള ചിത്രമാണെന്നതിൽ സംശയമില്ല.
വിഷ്വൽ ഭാഷയും കൃത്യമായി പ്രേക്ഷകനിലേക്കെത്തിക്കാൻ ചിത്രത്തിനായിട്ടുണ്ട്. എല്ലാ തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയത്.
രാഹുൽ രാജഗോപാലാണ് പ്രധാന കഥാപാത്രമായ ജോയ്. മനുഷ്യനായും പ്രകൃതിയായും ജോയ് കാണിക്കുന്ന മാസ്മരികതക്കുമുന്നിൽ വാക്കുകളില്ല. അത്രമേൽ കയ്യടക്കത്തോടെയാണ് അദ്ദേഹം കഥാപാത്രമായി വിസ്മയിപ്പിച്ചത്. നായിക നിലീൻ സാന്ദ്രയും കായൽക്കരയിലെ ജീവിതം അവിസ്മരണീയമാക്കി. ഷിൻസ് ഷാൻ, ഗീതി സംഗീത, ശ്രീനാഥ് ബാബു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ക്യാമറയും, എഡിറ്റിങ്ങും, അനിമേഷനും ജീവനാഡിയാണ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ വലിയ പങ്കുവഹിക്കാൻ സാങ്കേതിക മികവുകൊണ്ട് സാധ്യമായിട്ടുണ്ട്. വിഷ്ണു പ്രഭാകർ ഛായാഗ്രഹവും രാകേഷ് ചെറുമടം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് സംഗീതമാണ്. വേർപെടുത്താനാവാത്ത വിധം അജ്മൽ ഹസ്ബുള്ളയുടെ മ്യൂസിക്കും മനോഹരമാണ്. ഉടനീളമുള്ള വിദഗ്ദ്ധമായ ലൈറ്റിങ്ങും പ്രശംസനീയമാണ്.
നിരന്തര പഠനങ്ങളുടെയും നിരീക്ഷണത്തിന്റെയും ശക്തി ഓരോ കഥാപാത്രത്തിന്റെയും പുറകിലുണ്ടെന്ന് വ്യക്തം. കണ്ടു ശീലമില്ലാത്ത ദൃശ്യഭാഷക്കൊപ്പം ശക്തമായിപറഞ്ഞ രാഷ്ട്രീയം ഉള്ളിൽ തറക്കാതെ കണ്ടുതീർക്കാൻ സാധിക്കില്ല. പ്രേക്ഷകനെന്ന നിലയിൽ ഉറച്ചുപറയാൻ സാധിക്കുന്ന ഒന്നുണ്ട്. മുൻ ധാരണകളോടെ ചിത്രത്തെ സമീപിക്കരുത്. നിങ്ങളെ കരക്കിട്ട് കീഴടക്കാൻ പോന്ന ചൂണ്ട കൊളുത്തുണ്ട് അവാസവ്യൂഹത്തിനുള്ളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.