Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightപ്രേക്ഷകരെ...

പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന റോയിയും സ്വപ്നങ്ങളും - റിവ്യൂ

text_fields
bookmark_border
Suraj Venjaramoods Roy  Malayalam movie Review
cancel

ഹാസ്യനടനായെത്തി സ്വഭാവ നായക നടനിലേക്കുയർന്ന സുരാജ് വെഞ്ഞാറമൂട് നായകനായ സിനിമയാണ് റോയ്. സുരാജ്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത 'റോയ്' ഡിസംബർ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് ചിത്രീകരിച്ച സിനിമ ഏറെ വൈകിയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾക്കു ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത റോയ് പ്രമേയം കൊണ്ടാണ് വ്യത്യസ്തമാകുന്നത്.

സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് സ്വപ്നങ്ങളിൽ കാണുന്ന സംഭവങ്ങൾ യഥാർഥമാണെന്ന് തോന്നുന്ന ഡിസോഡർ അനുഭവിക്കുന്ന ആളാണ് റോയ്. മനശാസ്ത്രത്തിൽ അയാളുടെ അവസ്ഥയെ കുറിച്ച് കൃത്യമായ നിർണയം നടത്താൻ സാധിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ സ്വന്തം രോഗാവസ്ഥ ഏത് ഗണത്തിൽ പെടുന്നു എന്ന കാര്യത്തിൽ റോയിക്കും വലിയ നിശ്ചയമില്ല. ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിനിടയിലും, ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് അയാളിൽ സ്വപ്നങ്ങൾ സംഭവിക്കുന്നത്. ആ സ്വപ്നങ്ങൾക്ക് പോലും ചില പ്രത്യേകതകളുണ്ട്. അയാൾ കാണുന്ന സ്വപ്നങ്ങൾ എല്ലാം യാഥാർഥ്യവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നത് പോലെയാണ് അയാൾ സ്വപ്‌നങ്ങൾ കാണുന്നത്. പക്ഷേ അത് സ്വപ്നമാണെന്ന് തിരിച്ചറിയാൻ റോയിക്ക് പോലും സാധിക്കുന്നില്ല എന്നതാണ് അയാളുടെ ഏറ്റവും വലിയ പ്രശ്നം.


ഈ സ്വഭാവ സവിശേഷത കൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടാണ് അയാൾ ജീവിക്കുന്നത്. പലപ്പോഴും അയാളിൽ സംഭവിക്കുന്നത് മനസിന്റെ സംഘർഷം കൊണ്ട് ഉൾ‌മനസിൽ രൂപം കൊള്ളുന്ന സ്വപ്നങ്ങൾ കൂടിയാകുമ്പോൾ അത് മറ്റുള്ളവർക്ക് കൂടി തലവേദനയാകുന്ന അവസ്ഥയാണ്. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകുന്നു എന്നറിയുന്നതോടെയാണ് ആൾക്കൂട്ടത്തിൽ നിന്നും മാറി അയാൾ ഒറ്റക്ക് ജീവിക്കാൻ തീരുമാനിക്കുന്നത്.

പക്ഷെ ഈ ലോകത്ത് അയാളെ പൂർണമായും മനസിലാക്കാൻ സാധിക്കുന്നത് അയാളുടെ ഭാര്യയായ ടീനക്കാണ്. അയാൾ കാണുന്ന സ്വപ്നത്തെയും അയാളുടെ യാഥാർഥ്യത്തെയും അയാൾക്ക് മുൻപിൽ വേർതിരിച്ചു പറഞ്ഞു കൊടുക്കാനും കഴിയുന്നത് അവൾക്ക് മാത്രമാണ്. കോളേജിലെ മുൻ ലൈബ്രേറിയനും, തന്നെക്കാൾ പ്രായമുള്ളവനുമായ റോയിയുമായി മാധ്യമപ്രവർത്തനം പഠിക്കുന്ന ടീന പ്രണയത്തിലാവുകയും പിന്നീട് അവർ ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്യുന്നു. റോയിയുടെ ഡിസോഡർ തന്നെയാണ് അയാളിലേക്ക് അവളെ അടുപ്പിക്കുന്ന വലിയ ഘടകം. അത് അയാളിലെ ഒരു വലിയ പ്രത്യേകതയായിട്ടാണ് അവൾ കാണുന്നത്.


മാധ്യമപ്രവർത്തികയായി ജോലി ചെയ്യുന്ന ടീന എഴുത്തുകാരി കൂടിയാണ്. ടീന ഏറെ ആരാധിക്കുന്ന പ്രശസ്തനായ എഴുത്തുകാരൻ ബാലഗോപാലിന്റെ തിരോധാനം റോയിയുടെയും ടീനയുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. ബാലഗോപാലിന്റെ തിരോധാനത്തെ കുറിച്ച് സ്വപ്നത്തിലൂടെ നിർദ്ദേശം ലഭിക്കുന്ന റോയ് അത് ടീനയുമായി പങ്കുവയ്ക്കുകയും, അയാളുടെ വാക്കുകളെ പരിഗണിച്ചു ടീന ബാലഗോപാലിനെ അന്വേഷിച്ചിറങ്ങുകയും ചെയ്യുന്നു. എന്നാൽ തുടർന്ന് ടീനയെ കൂടി കാണാതാവുന്നതോടെ കഥയുടെ വഴിത്തിരിവ് മറ്റൊരു ഗതിയിലേക്ക് മാറുന്നു. ടീനയുടെ തിരോധാനത്തെക്കുറിച്ച് റോയ് പൊലീസിൽ കൃത്യമായ സൂചന നൽകുന്നുവെങ്കിലും അയാളുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കാൻ പൊലീസിന് സാധിക്കുന്നില്ല. തുടർന്നങ്ങോട്ട് റോയ് കാണുന്ന സ്വപ്നങ്ങളിലൂടെയും കാഴ്ചകളിലൂടെയും ടീനയെ കണ്ടെത്താനായുള്ള റോയുടെ ശ്രമവും, അതിന്റെ ഭാഗമായി പൊലീസ് മാറുന്നതും എല്ലാമാണ് ആകെമൊത്തം കഥ.

ചിലപ്പോഴൊക്കെ മനുഷ്യരുടെ ചിന്തകളെക്കാൾ ശക്തിയേറിയതാണ് അവരുടെ സ്വപ്നങ്ങളെന്നു പറയുന്നതുപോലെയാണ് ഇവിടെ റോയിയുടെ സ്വപ്നങ്ങളും സംഭവിക്കുന്നത്. ടീനയും റോയും തമ്മിലുള്ള ഇമോഷണൽ ബോണ്ട് നമുക്കൊക്കെ സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാണ്. ആ നിലക്ക് അവളുമായി ബന്ധപ്പെട്ട അയാളുടെ സ്വപ്നങ്ങളൊന്നും തന്നെ പാഴായി പോകുന്നുമില്ല. പക്ഷേ അയാളുടെ സ്വപ്നമെല്ലാം ഒരു ദൗത്യം കൂടിയാണെന്നുള്ള തിരിച്ചറിവിലാണ് സിനിമ അവസാനിക്കുന്നത്. എന്തായിരുന്നു ആ ദൗത്യം എന്നുള്ള ആകാംക്ഷ തന്നെയാണ് സിനിമയുടെ മുതൽക്കൂട്ടും.


തുടക്കം മുതൽ അവസാനം വരെ ദുരൂഹത നിലനിർത്തുന്ന രീതിയിൽ കഥ മുൻപോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് സംവിധായകന്റെ മേന്മ തന്നെയാണ്. പൊലീസ് ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ കൂടി എത്തിയതോടെ സിനിമ ത്രില്ലർ മോഡിലേക്ക് കടക്കുന്നു. ജയേഷ് മോഹന്റെ ചായഗ്രഹണവും , വി സാജന്റെ എഡിറ്റിങ്ങും ത്രില്ലർ പശ്ചാത്തലം നിലനിർത്താൻ സിനിമയെ ഒത്തിരി സഹായിച്ചിട്ടുണ്ട്.സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും മികച്ചതായിരുന്നു.ടീനയായെത്തിയ സിജ റോസും അവരുടെ കഥാപാത്രം തന്മയത്തത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ സാധിക്കുന്ന വൺ ടൈം വാച്ചബിൾ ആയിട്ടുള്ള സിനിമ തന്നെയാണ് റോയ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Suraj Venjaramood's Roy Malayalam movie Review
Next Story