'പാപ്പൻ'- ശരാശരി സുരേഷ് ഗോപി കേസന്വേഷണ ചിത്രം
text_fieldsലേലം, വാഴുന്നോർ, പത്രം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തു വന്നിരിക്കുന്ന സിനിമയാണ് പാപ്പൻ. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ത്രില്ലർ, ഡ്രാമ വിഭാഗത്തിൽപെടുന്ന പാപ്പനിൽ സുരേഷ് ഗോപി പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്.
നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് സിനിമക്ക് ആധാരം. കൊലപാതകത്തിന്റെ തെളിവുകൾ കണ്ടെത്താൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും കഴിയാതെ വരുന്നതോടെ അവരെ സഹായിക്കാനായി സർവീസിൽ ഇല്ലാത്ത എബ്രഹാം മാത്യു മാത്തൻ (പാപ്പൻ) വരുന്നു. പിന്നീടുള്ള കേസന്വേഷണവും പാപ്പന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള തിരിച്ചടികളുമാണ് സിനിമ പറയുന്നത്.
പതിവ് സുരേഷ് ഗോപി സിനിമകളിലെ പോലെ തീ പാറുന്ന ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഈ സിനിമയിൽ കാണാൻ കഴിയില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണ മികവിലൂടെ തെളിവുകൾ കണ്ടെത്തുന്നതും കഴിഞ്ഞുപോയ കാലത്തിൽ അനുഭവിക്കണ്ടി വന്നിട്ടുള്ള വേദനകൾ മനസിൽ കൊണ്ടു നടക്കുന്ന കഥാപാത്രമായാണ് പാപ്പൻ എത്തുന്നത്.
പാപ്പൻ എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞു. പാപ്പന്റെ മകൾ വിൻസിയായി എത്തുന്ന നീത പിള്ളയും തനിക്ക് കിട്ടിയ കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട്. പിതാവിന്റെ നായക കഥാപാത്രത്തിന്റെ വലംകൈയായ മൈക്കിളിന്റെ വേഷം സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് മികവുറ്റ രീതിയിൽ കൈകാര്യം ചെയ്തു. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ഒരുമിച്ചെത്തുന്ന രംഗങ്ങൾ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.
ആശ ശരത്, വിജയ രാഘവൻ, ഡയാന, നൈല ഉഷ, കനിഹ, ടിനി ടോം, രാഹുൽ മാധവ്, ഷമ്മി തിലകൻ, നന്ദു, മാളവിക മേനോൻ, ജുവൽ മേരി, ജനാർദനൻ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടനവധി താരങ്ങൾ പാപ്പനിൽ അഭിനയിക്കുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ ആകാംക്ഷ തകർപ്പൻ ത്രില്ലർ സിനിമക്കൊത്ത തലത്തിൽ നിലനിർത്താൻ സാധിച്ചിട്ടില്ലെന്നതാണ് ഈ കേസന്വേഷണ കഥ നേരിടുന്ന പ്രധാന പോരായ്മകളിലൊന്ന്. പാപ്പന്റെ ജീവിതത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും കഥ പറയുമ്പോഴും ഏതിൽ ഫോക്കസ് ചെയ്യണം എന്നതിലെ അനിശ്ചിതത്വം കൃത്യമായി തൊട്ടെടുക്കാൻ കഴിയുന്നുണ്ട്. ശരാശരി കഥയും തിരക്കഥയുമാണ് പാപ്പന്റെ ഏറ്റവും വലിയ വെല്ലുവിളിയായി ചൂണ്ടിക്കാട്ടാവുന്നത്.
ആദ്യപകുതിയേക്കാൾ ആവേശകരമായി രണ്ടാം പകുതി പ്രേക്ഷകർക്ക് അനുഭവ വേദ്യമാകുന്നുണ്ട്. രണ്ടു മണിക്കൂർ 50 മിനിറ്റു നീളുന്ന സിനിമയിലെ ചില രംഗങ്ങൾ വലിച്ചു നീട്ടുന്നതോടെ ബോറടിപ്പിക്കുമെങ്കിലും സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിന്റെ ആരാധകർക്ക് നിരാശരാകാതെ കണ്ടിരിക്കാനുള്ള വക പാപ്പൻ സമ്മാനിക്കുന്നുണ്ടെന്നതിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.