രണ്ട് ദിവസം കൊണ്ട് കണ്ടെത്തുന്ന ഉത്തരങ്ങൾ
text_fieldsദീപക് പറമ്പോൽ, നന്ദൻ ഉണ്ണി, ധർമ്മജൻ ബോൾഗാട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ദി ലാസ്റ്റ് ടൂ ഡെയ്സ്' എന്ന സിനിമയുടെ ടാഗ്ലൈൻ തന്നെ 'സംതിങ് അൺ ഒഫിഷ്യൽ' എന്നാണ്. സന്തോഷ് ലക്ഷ്മണൻ സംവിധാനം ചെയ്ത് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരിക്കുന്ന സിനിമ പറയുന്നതും അത് തന്നെയാണ്. 'അൺ ഒഫീഷ്യൽ' ആയൊരു അന്വേഷണവും 'അൺ യൂഷ്വൽ' ആയിട്ടുള്ളൊരു പരിസമാപ്തിയുമാണ് ചിത്രത്തിന്.
നിയുക്ത സ്ഥാനാർഥിയായ സേവ്യർ മാത്തന്‍റെയും കൂട്ടാളികളായ രണ്ട് യുവാക്കളുടെയും ഒന്നര മാസം മുമ്പുള്ള തിരോധാനത്തിന്‍റെ ഭാഗമായുള്ള കേസന്വേഷണമാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം. ഡിവൈ.എസ്.പി രാജന്‍റെ നേതൃത്വത്തിൽ മുമ്പോട്ട് പോകുന്ന അന്വേഷണത്തിൽ ഒരു കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ രാജൻ തന്‍റെ കേസന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. അടുത്ത രണ്ടുദിവസത്തിനുള്ളിൽ എസ്.പിക്ക് കേസിന്‍റെ ക്ലോസിങ് റിപ്പോർട്ട് കൊടുക്കേണ്ടതിനാൽ അതിനു മുമ്പായി എന്തെങ്കിലും ലീഡ് ഒപ്പിക്കുവാനായി രാജൻ സ്വന്തം ഉത്തരവാദിത്തത്തിൽ അനൗദ്യോഗിക അന്വേഷണത്തിന് സി.ഐ. ശ്രീകാന്തിനെ ചുമതലപ്പെടുത്തുന്നു.
തന്‍റെ മുന്നിൽ ബാക്കിയുള്ള രണ്ടേ രണ്ട് ദിവസത്തിനുള്ളിൽ ശ്രീകാന്ത് നടത്തുന്ന അന്വേഷണവും അയാൾ കണ്ടെത്തുന്ന ഉത്തരങ്ങളുമാണ് ഈ സിനിമ. മൂന്ന് ചെറുപ്പക്കാരുടെ തിരോധാനത്തെ കേന്ദ്രീകരിച്ചുള്ള അയാളുടെ അന്വേഷണം നാട്ടിലെ ലക്ഷ്മി വിലാസം സ്കൂൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിലേക്കും അതിനെതിരായി പ്രതിഷേധം അടയാളപ്പെടുത്തിയ പെൺകുട്ടികളിലേക്കും നീളുന്നു. അതിലെ അഞ്ചു പെൺകുട്ടികളുടെ മരണം കൂടി സംഭവിക്കുന്നതോടെ സിനിമ വളരെ ഗൗരവമാത്രമായ കാര്യങ്ങൾ കൂടി മുേമ്പാട്ട് വെക്കുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ (പോക്സോ) വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, മറ്റൊരു വീക്ഷണകോണിൽ നിന്നാണ് 'ദി ലാസ്റ്റ് ടൂ ഡെയ്സ്' പ്രേക്ഷകരുമായി സംവദിക്കുന്നത്.
എന്നാൽ സാമൂഹികപരമായ വൈകാരികതയിൽ ഊന്നിക്കൊണ്ട് ചിത്രം അവസാനിപ്പിക്കുമ്പോൾ ഇവിടെ പ്രേക്ഷകരിൽ കാര്യമാത്രമായ ആശയ വിയോജിപ്പുകൾ ഉണ്ടാകാനും ഇടയുണ്ട്. ഏറ്റവും കാര്യക്ഷമവും ചടുലവും കുറ്റമറ്റതുമായ നീതിന്യായ വ്യവസ്ഥയെ വൈകാരികമായി മാത്രമാണ് സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നതെന്നത് വളരെ നിരുത്തരവാദപരമായ സമീപനമായി തോന്നാം. സംവിധായകനൊപ്പം നവനീത് രഘുവും ചേർന്ന് രചിച്ചിരിക്കുന്ന തിരക്കഥ സാമാന്യ നിലവാരം പുലർത്തുന്നതാണ്. ഫൈസല്‍ അലിയുടെ ഛായാഗ്രഹണം, അരുണ്‍ രാജ്, സെജോ ജോണ്‍ എന്നിവരുടെ സംഗീതം എന്നിവയും മിനിമം നിലവാരം പുലർത്തുന്നു. മേജര്‍ രവി, അദിതി രവി, അബു വാളയംകുളം, വിനീത് മോഹന്‍, സുര്‍ജിത്ത് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.