മേക്കിങിൽ മികവുപുലർത്തി പ്രീസ്റ്റ്, കാഴ്ച്ചകളെ ഭ്രമിപ്പിക്കുന്ന ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ
text_fieldsകോവിഡ് പ്രതിസന്ധികൾക്കിടയിലെ ഏറെ നാളത്തെ ഇടവേളക്ക് ശേഷം തീയേറ്ററിൽ എത്തിയ സിനിമയാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ.ടി.ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത സിനിമയെ ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നനിലയിൽ ചിത്രം റിലീസിനും മുേമ്പ ശ്രദ്ധ നേടിയിരുന്നു.
ഫാ.ബെനഡിക്റ്റ് എന്ന പാതിരിയുടെ അന്വേഷണങ്ങളാണ് ചിത്രം പറയുന്നത്. സത്യം കണ്ടെത്താനായി കുറ്റാന്വേഷണങ്ങളിൽ നിയമപാലകർക്കൊപ്പം നിൽക്കുന്ന ഫാദർ ബെനഡിക്ട് ഒരിക്കലും അതിന്‍റെ ക്രെഡിറ്റിന് പിന്നാലെ പോകുന്നില്ല. കുറ്റാന്വേഷണം തന്‍റെ കർത്തവ്യമെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസി മാത്രമാണയാൾ. പല കേസുകളിലും ഫാദർ ബെനഡിക്ടിന്റെ സഹായം ഉപയോഗപ്പെടുത്തിയിട്ടുള്ള ഡിവൈഎസ് പി ശേഖറിന് തൊഴിൽപരമായും വ്യക്തിപരമായും ഇത്തരം സഹായങ്ങൾ ഉപകരിച്ചിട്ടുമുണ്ട്. ബെനഡിക്ട് തിരഞ്ഞെടുക്കുന്ന കേസുകൾക്ക് അതിേന്റതായ ചില പ്രത്യേകതകളുണ്ട്. വെറുതെ ചില കേസുകൾക്ക് പിന്നാലെ ചുറ്റിത്തിരിയുകയല്ല അയാൾ ചെയ്യുന്നത്. ആ പ്രത്യേകതകൾ തന്നെയാണ് പ്രീസ്റ്റിനെ ഉദ്യോഗഭരിതമാക്കുന്നത്.
ആത്മഹത്യകകൾ ചുരുളഴിയുന്നു
പാരമ്പര്യവും പെരുമയുമുള്ള ആലാട്ട് കുടുംബത്തിൽ തുടർച്ചയായി സംഭവിച്ച മൂന്ന് ആത്മഹത്യകളിലെ സത്യാവസ്ഥ കണ്ടെത്തുവാനായി ഫാദർ ബെൻഡിക്ടിന്റെ സഹായം തേടി വരുന്ന പെൺകുട്ടിയിൽ(സാനിയ ഇയ്യപ്പൻ) നിന്നാണ് കഥ തുടങ്ങുന്നത്. ഈ അന്വേഷണത്തിന് ഇടയിലാണ് ആറാം ക്ലാസുകാരി അമേയ ഗബ്രിയേലിനെ ഫാദർ ബെനഡിക്റ്റ് കണ്ടുമുട്ടുന്നത്. വ്യക്തിത്വം കൊണ്ട് വേറിട്ട അമേയയിലെ അസാധാരണത്വം നിറഞ്ഞ പെരുമാറ്റങ്ങളെ ബെനഡിക്റ്റിന് അത്ര നിസാരമായി കാണാൻ സാധിക്കുന്നില്ല. കേസന്വേഷണം പൂർത്തിയായിട്ടും അമേയയുടെ പെരുമാറ്റത്തിലെ നിഗൂഢതകൾ ഫാദർ ബെൻഡിക്ടിനെ വിട്ട് പോകുന്നില്ല. അവൾ പഠിക്കുന്ന സ്കൂളിലേക്ക് അവളെ തിരഞ്ഞുവരുന്ന അയാൾ അവിടെ വച്ച് അധ്യാപികയായ ജെസ്സിയെ പരിചയപ്പെടുന്നു. അഹങ്കാരിയെന്നും, അനുസരണയില്ലാത്തവളെന്നും, മര്യാദയില്ലാത്തവളെന്നുമൊക്കെ പൊതുവിൽ പേരുകേട്ട അമേയയെ നിയന്ത്രിക്കാൻ കഴിയുന്നത് ജെസ്സി എന്ന ടീച്ചർക്ക് മാത്രമാണ്. സ്‌കൂളിൽ വെച്ചു അമേയയെ കൂടുതൽ അടുത്തറിയുന്ന ഫാദർ ബെനഡിക്റ്റ് ജെസ്സിയോട് സംസാരിക്കാൻ ശ്രമിക്കുന്നുവെങ്കിലും അവർ അതിനു കൂട്ടാക്കുന്നില്ല. അതിനു ശേഷം നടക്കുന്ന അപ്രതീക്ഷിതമായ കഥാഗതിയിൽ ആണ് ദി പ്രീസ്റ്റ് വ്യത്യസ്തമാകുന്നത്.
തിളങ്ങി ബേബി മോണിക്ക
രാക്ഷസൻ എന്ന തമിഴ് ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക തകർത്ത് അഭിനയിച്ച സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ,വെങ്കി,ജഗദീഷ്,രമേശ് പിഷാരടി തുടങ്ങിയ ഒരു വലിയ താരനിര തന്നെ സിനിമയിൽ മികച്ച രീതിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്ക്രീൻ പ്രസൻസ് കൊണ്ട് ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന മമ്മൂക്ക തന്നെയാണ് ഇവിടെ താരം. ചിന്തിക്കുന്ന പ്രേക്ഷകർക്ക് എളുപ്പത്തിൽ പൂർത്തീകരിക്കാൻ സാധിക്കുന്ന ട്വിസ്റ്റുകൾ തന്നെയെ സിനിമയിലൊള്ളൂ.
രാഹുൽ രാജിന്‍റെ പശ്ചാത്തലസംഗീതം ചിത്രത്തിന്‍റെ മിസ്റ്ററി സ്വഭാവം നിലനിർത്താൻ ഏറെ സഹായകരമാണ്. അഖിൽ ജോർജിന്‍റെ ചായാഗ്രഹണം, ഷമീർ മുഹമ്മദിന്‍റെ എഡിറ്റിങ് എല്ലാം സിനിമയുടെ പ്രൊഫഷണലിസം ഭംഗിയായി നിലനിർത്തുന്നു. സംസ്ഥാനത്താകെ മുന്നൂറിലധികം സ്‌ക്രീനുകളിലെത്തിയ ദി പ്രീസ്റ്റ് പ്രവചനാതീതമായ ത്രില്ലർ സ്വഭാവം നില നിർത്തി മികച്ച തീയറ്റർ എക്സ്‌പീരിയൻസ് സമ്മാനിക്കുന്നുണ്ട്. കഥയുടെ മികവ് കൊണ്ടല്ല മേക്കിങിന്‍റെ മികവാണ് ദി പ്രീസ്റ്റിന് കൈയ്യടി നേടിക്കൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.