കാമ്പസിനുള്ളിൽ അന്ന് സംഭവിച്ചത്
text_fieldsക്ലാസ് റൂം-കാമ്പസ് സിനിമകളിൽ വിദ്യാർഥികളെയോ അവരുടെ പ്രണയത്തെയോ ഊന്നിപ്പറയാനാവും മിക്ക സിനിമകളും ശ്രമിക്കാറ്. എന്നാൽ, അധ്യാപകരുടെ വിശേഷങ്ങൾ, സംഭവങ്ങൾ ഉൾപ്പെടുത്തിയുള്ള സിനിമകൾ വളരെ കുറവാണ്. എല്ലാ ഭാഷകളിലും അത്തരം സിനിമകൾക്ക് ഇനിയും പ്രസക്തിയുമുണ്ട്. ഒരു ലൗകിക വിദ്യാലയത്തിന്റെ പരിധിയിൽ ശ്രദ്ധേയമായൊരു സിനിമ ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് എഴുത്തുകാരനും സംവിധായകനുമായ ഇൽക്കർ കാടക്കും സഹ എഴുത്തുകാരൻ ജോഹന്നാസ് ഡങ്കറും ‘ദ ടീച്ചേഴ്സ് ലോഞ്ച്’ എന്ന സിനിമയിലൂടെ നൽകിയിട്ടുള്ളത്.
പൂർണമായും സ്കൂൾ അന്തരീക്ഷത്തിൽ ചിത്രീകരിച്ച ഈ ചിത്രം പലപ്പോഴും സങ്കീർണമായൊരു തലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. സിനിമ മുന്നേറവെ ത്രില്ലർ സ്വഭാവത്തിലേക്ക് വഴിമാറുമ്പോൾ പ്രേക്ഷകനും അതിനൊപ്പം ഇഴുകിച്ചേരും.
കാർല നൊവാക് (ലിയോണി ബെനെഷ്) ഏഴാം ക്ലാസ് അധ്യാപികയാണ്. തന്റെ വിദ്യാർഥികൾ സദ്ഗുണ സമ്പന്നരും സ്വതന്ത്ര ചിന്താശേഷിയുള്ളവരും ആകണമെന്നാണ് അവൾ ആഗ്രഹിക്കുന്നത്. എന്നാൽ, ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് തന്റെ വിദ്യാർഥികളിലൊരാൾ പിടിക്കപ്പെടുമ്പോൾ കാർലക്കുണ്ടാകുന്ന നാണക്കേട് അവരുടെ ആദർശത്തെ ചോദ്യമുനയിൽ നിർത്തുന്നു. സംഭവങ്ങളിൽ അസ്വസ്ഥയായ കാർല, വിഷയത്തിൽ സമഗ്രമായൊരു അന്വേഷണമാരംഭിക്കുന്നു.
എന്നാൽ, വിദ്യാർഥികളോടുള്ള കാർലയുടെ സ്വതന്ത്ര ചിന്താഗതിയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന ധ്വനി കാമ്പസിലാകെ പാട്ടാകുമ്പോൾ അവൾ ദുഃഖിതയാകുന്നു. ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിലൂടെ കണ്ണിമ ചിമ്മാതെ പ്രേക്ഷകനും സഞ്ചരിക്കും. വിശ്വാസം, സ്വകാര്യത, വംശീയത, വിശ്വാസങ്ങൾക്കു വേണ്ടി നിലകൊള്ളൽ എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന സിനിമാഖ്യാനം ബോറടിപ്പിക്കാതെ ആസ്വദിക്കാം. തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവും ആകർഷിക്കുന്നതാണ്.
ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ ‘ദ ടീച്ചേഴ്സ് ലോഞ്ചിന്’ ലഭിച്ചിരുന്നു. മൂർച്ചയുള്ളതും പിരിമുറുക്കമുള്ളതുമായ കഥ പറയാനായി നാടകീയതകളെ ആശ്രയിക്കുന്നതിന് പകരം സൂക്ഷ്മാഭിനയംകൊണ്ടും വ്യത്യസ്ത സാഹചര്യങ്ങൾ നിറച്ചുമാണ് സിനിമ വേറിട്ടതാകുന്നത്. നിലവിലെ സമൂഹത്തിലെ ധാർമിക പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്നതിലൂടെ വിമർശനാത്മക ചിന്തയിൽ ഈ സിനിമ ഏർപ്പെടുന്നുണ്ടെന്നത് എടുത്തുപറയേണ്ടതാണ്.
2023 ഫെബ്രുവരിയാണ് ചിത്രം റിലീസ് ചെയ്തത്. ജർമൻ ഭാഷ ചിത്രമാണെങ്കിലും ഇംഗ്ലീഷിലും മൊഴിമാറ്റമുണ്ട്. ഇൽക്കർ കാടക് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവഹിച്ചത് ജോഹന്നാസ് ഡങ്കറാണ്. 73ാമത് ബെർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പനോരമ ഓഡിയൻസ് അവാർഡിനായി മത്സരിക്കാൻ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. നാഷനൽ ബോർഡ് ഓഫ് റിവ്യൂ 2023ലെ മികച്ച അഞ്ച് അന്താരാഷ്ട്ര സിനിമകളിൽ ഒന്നായി ‘ദി ടീച്ചേഴ്സ് ലോഞ്ചി’നെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.