Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightചിരിയും ചിന്തയും...

ചിരിയും ചിന്തയും സന്തോഷവുമാണ്​ 'തിങ്കളാഴ്ച നിശ്​ചയം'

text_fields
bookmark_border
thinkalazhcha nishchayam movie
cancel

കോവിഡുകാല ഇടവേളക്കുശേഷം തീയറ്ററുകൾ തുറന്ന്​ സിനിമകളെത്തിയെങ്കിലും അവയൊന്നുമല്ല ഇപ്പോൾ മലയാളികളുടെ സംസാര വിഷയം. 'തിങ്കളാഴ്ച നിശ്​ചയം' എന്ന കൊച്ചുകാര്യങ്ങളുടെ വലിയ സിനിമയാണ്​ ഇപ്പോൾ ചർച്ചയാകുന്നത്​. 'മെയ്​ഡ്​ ഇൻ കാഞ്ഞങ്ങാട്​' എന്നാണ്​ ടാഗ്​ലൈനെങ്കിലും ഏത്​ ദേശത്തുനിന്നും ഏത്​ രാജ്യത്തുനിന്നും നിർമിക്കാവുന്ന അതിസാധാരണമായൊരു പ്രമേയമാണ്​ സംവിധായകൻ സെന്ന ഹെഗ്​ഡെ കൈകാര്യം ചെയ്​തിരിക്കുന്നത്​.

ഒരു നല്ല സിനിമ കാണികൾക്ക് വലിയ സന്തോഷത്തിന്‍റെ കാരണമാണ്. സോണി ലിവ്​ റിലീസ്​ ചെയ്​ത 'തിങ്കളാഴ്ച നിശ്ചയം' അത്തരമൊരു സന്തോഷത്തിന് കാരണമാകുന്ന സിനിമയാണ്. പേര്​ സൂചിപ്പിക്കുന്നതുപോലെ കാഞ്ഞങ്ങാട്ടെ നാട്ടിൻപുറത്തുള്ളൊരു വീട്ടിൽ വിവാഹ നിശ്ചയത്തലേന്ന് നടക്കുന്ന അതിസാധാരണ സംഭവങ്ങളിലൂടെയാണ് 'തിങ്കളാഴ്ച നിശ്ചയം' പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്​. ബാങ്ക് ജോലിക്കാരനെ വേണ്ടെന്ന് വെച്ച് മൂത്ത മകൾ സ്വന്തം ഇഷ്​ടപ്രകാരം കണ്ടെത്തിയ ഭർത്താവിനെ വീട്ടിൽ കയറ്റാൻ രണ്ടാമതൊന്ന് ആലോചിക്കുന്ന കുവൈത്ത്​ വിജയന് ഇളയ മകളുടെ വിവാഹം തന്‍റെ ഇച്ഛയനുസരിച്ച് നടത്തണമെന്ന തീരുമാനത്തിലാണ്​. മകളുടെ ഇഷ്​ടത്തെക്കാൾ സുരക്ഷയെ കരുതി കുവൈത്ത്​ വിജയൻ വിവാഹത്തിന്​ വാക്കുകൊടുക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് 'തിങ്കളാഴ്ച നിശ്ചയം'.

മനുഷ്യാവസ്ഥകളെ 360 ഡിഗ്രിയിൽ കാണാൻ നമുക്ക് കഴിയുമെങ്കിൽ ഈ ലോകം എന്തൊരു കോമഡിയാണെന്ന് തോന്നിപ്പോകുംവിധം കല്യാണ നിശ്ചയ വീടിന്‍റെ പല കോണിലൂടെയുള്ള സമഗ്ര കാഴ്ചയാണ് ഈ സിനിമ. ജനാധിപത്യ വിരുദ്ധമായ കുടുംബാധികാര ബന്ധങ്ങളെക്കുറിച്ചു കൂടി സംസാരിക്കുന്ന 'തിങ്കളാഴ്ച നിശ്ചയം' അതിലെ രാഷ്​ട്രീയാവതരണ രീതികൊണ്ടുകൂടി വ്യത്യസ്​തമാകുന്നു. താര ബഹളങ്ങളില്ലാത്ത, കഥാപാത്രങ്ങൾ മാത്രമുള്ള ഈ കൊച്ചു സിനിമക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതക്ക് വിപണിയുടെ മുൻവിധികളെ താത്കാലികമായെങ്കിലും ഇളക്കാനുള്ള ശേഷിയുണ്ട്. കോവിഡാനന്തരം ഒ.ടി.ടികൾക്ക് ലഭിച്ച സ്വീകാര്യത സിനിമാ മേഖലയിൽ വലിയ സാധ്യതകൾ തുറന്നിട്ടിട്ടുണ്ടെങ്കിലും കാഴ്ചയുടെ തെരഞ്ഞെടുപ്പുകളിൽ ഇപ്പോഴും അബോധമായി പ്രവർത്തിക്കുന്ന താരചായ്​വിൽ നിന്ന് പ്രേക്ഷകർ ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ല.

ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളുടെ ഭാരവുമായി വരുന്ന സിനിമകളാണെങ്കിൽ പറയേണ്ടതുമില്ലല്ലോ. അവാർഡുകൾ പുസ്തകങ്ങൾക്കു മാത്രമേ ആവശ്യക്കാരെയുണ്ടാക്കുകയുള്ളൂ. വിതരണത്തിനും പ്രദർശനത്തിനും സിനിമകൾക്ക് അവാർഡ് അനാവശ്യ ഭാരമാണെന്നാണ് പൊതുവേ കേൾക്കാറുള്ളത്. 51ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനും കഥക്കുമുള്ള അംഗീകാരം നേടിയ സിനിമയാണ് 'തിങ്കളാഴ്ച നിശ്ചയം'. 90 ശതമാനവും പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ സിനിമക്ക് നിർമാണത്തിലോ പിന്നണിയിലോ പ്രേക്ഷകന് മുൻവിധി നൽകുന്ന ഒരു പേരു പോലുമില്ലായിരുന്നു. കെ.യു. വിജയന്‍, പി.ആര്‍. അര്‍പിത്, സുനില്‍ സൂര്യ, രഞ്ജി കങ്കോല്‍, സജിന്‍ ചെറുകയില്‍, അനുരൂപ്, ഉണ്ണിരാജ, രാജേഷ് മാധവന്‍, അജിഷ പ്രഭാകരന്‍, അനഘ നാരായണന്‍, ഉണ്ണിമായ നാല്‍പ്പടം, സുചിത്ര ദേവി തുടങ്ങിയ പ്രതിഭാധനരായ നവാഗത അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. വരുംനാളുകളിൽ ധൈര്യപൂർവം മലയാള സിനിമക്ക്​ ഉപയോഗിക്കാൻ പറ്റുന്ന ഒരുപിടി താരങ്ങളെ കൂടിയാണ്​ ഈ സിനിമ സമ്മാനിച്ചിരിക്കുന്നത്​.

എല്ലാ മലയാളിക്കും ഒരുപോലെ ഉൾക്കൊള്ളാൻ പ്രയാസപ്പെട്ടേക്കാവുന്ന കാഞ്ഞങ്ങാട് മലയാളത്തിലാണ് ഈ ജനപ്രിയ സിനിമ തീർക്കാൻ സെന്ന ധൈര്യം കാണിച്ചത്. ഭൂരിപക്ഷ ഇഷ്​ടങ്ങളുടെ പേരിൽ പ്രാദേശിക ഭാഷയെ ഒഴിവാക്കാനുള്ള താൽപര്യം മുന്നിട്ടുനിൽക്കുന്ന മേഖലയിൽ തന്നെയാണ് ഒരു കൊമേഴ്സ്യൽ സിനിമ പൂർണ്ണമായും കാഞ്ഞങ്ങാട് മലയാളത്തിൽ പുറത്തിറങ്ങുന്നതെന്നും ഓർക്കണം. കാണിയെ കാഴ്ചയ്ക്കുള്ളിലാക്കുന്ന വിധം റിയലിസ്റ്റാക്കായാണ് സഹ തിരക്കഥാകൃത്തുകൂടിയായ ക്യാമറാമാൻ ശ്രീരാജ് രാജേന്ദ്രൻ ഓരോ ഫ്രെയിമും സൃഷ്ടിച്ചിരിക്കുന്നത്. നിധീഷ് നടേരിയും വിനായക് ശശികുമാറും എഴുതിയ വരികൾക്ക് മുജീബ് മജീദ് നൽകിയ വടക്കൻ തനിമയുളള സംഗീതം സിനിമയിലെ ആനന്ദാന്തരീക്ഷത്തെ കൂടുതൽ ഉത്സവപ്രഭയുള്ളതാക്കുന്നു.

വിരലിലെണ്ണാവുന്ന താരങ്ങളുടെ ഡേറ്റിനു പിന്നാലെയോടി ഗതികെടുന്ന മലയാള സിനിമക്ക് താരങ്ങളില്ലാതെ സിനിമയെടുത്ത് വിജയിപ്പിക്കാമെന്ന ശുഭകരമായ ചെറുപ്രതീക്ഷയാണ് സെന്ന ഹെഗ്ഡെയും കൂട്ടുകാരും ഈ സിനിമയിലൂടെ നൽകിയിരിക്കുന്നത്. ആത്യന്തികമായി ഉള്ളടക്കമാണ് സിനിമയിലെ താരമെന്ന് വീണ്ടുമുറപ്പിക്കുന്ന സിനിമയാണ് 'തിങ്കളാഴ്ച നിശ്ചയം'. ഉള്ളടക്കത്തിന്‍റെ പേരിൽ പ്രേക്ഷകർ ഏറ്റെടുക്കുന്ന, കണ്ടന്‍റിന്‍റെ പേരിൽ വിൽക്കാൻ സാധിക്കുന്ന രീതിയിലേക്ക്​ സിനിമ മാറണം എന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്​. അവരുടെ ആഗ്രഹം സാധിപ്പിക്കാ​െ​നന്നോണം ഇതാ അങ്ങനെ ഒരു കിടിലൻ സിനിമ വന്നുകഴിഞ്ഞിരിക്കുന്നു എന്ന്​ 'തിങ്കളാഴ്ച നിശ്​ചയ'ത്തിലൂടെ നിസ്സംശയം പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Senna Hegdethinkalazhcha nishchayam movie
News Summary - Thinkalazhcha Nishchayam: An ordinary movie with extra ordinary making
Next Story