Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഭൂതകാലത്തെ...

ഭൂതകാലത്തെ മാറ്റിപ്പണിയുന്നവർ

text_fields
bookmark_border
tenet
cancel

‘ഇരുളിൽ സുഹൃത്തുക്കളില്ല’ എന്ന വാക്യത്തോടെയാണ് 2020ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളന്റെ ‘ടെനറ്റ്’ സിനിമ തുടങ്ങുന്നത്. പുതുമയിലെ പുതുമയാണ് ഈ ചലച്ചിത്രം. നിങ്ങൾ അപകടത്തിലേക്ക് സ്വയം എടുത്തു ചാടുന്നവരെ കാണാറുണ്ടോ. മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും അബദ്ധവശാലും ആകസ്മികമായും അല്ലാതെ. തികഞ്ഞ ബോധ്യത്തിന്റെ അകമ്പടിയോടെ മനപ്പൂർവം ചിലർ ചക്രവ്യൂഹത്തി​ന്റെ അനിശ്ചിതത്വങ്ങളിലേക്ക് സ്വയം ഇറങ്ങിച്ചെല്ലും.

സാഹചര്യങ്ങളുടെ അലകും പിടിയും തങ്ങൾക്കനുകൂലമായി അവർ മാറ്റിപ്പണിയും. മുൻ മാതൃകകളുടെ ഒറ്റവരി കഥപോലും അവർക്കു വേണ്ട. ‘ടെനറ്റി’ലെ നായകന്റെ കാര്യത്തിൽ ഇവ അക്ഷരംപ്രതി ശരിയാണെന്നു കാണാം. ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസ് എന്നു വിളിക്കാവുന്ന സൃഷ്ടിയാണ് ‘ടെനറ്റ്’. അപാരമായ മേക്കിങ്ങുകൊണ്ട് കാണികളെ വിസ്മയിപ്പിക്കുന്ന നോളൻ മാജിക് ഈ സിനിമയിലും കാണാം.

പിറകോട്ടു സഞ്ചരിക്കുന്ന വെടിയുണ്ടകൾ, ശബ്ദത്തിന്റെയും വാഹനങ്ങളുടെയും അവരോഹണ സാന്നിധ്യം അങ്ങനെ സാധാരണ ലോക ക്രമത്തിന്റെ നടപ്പുരീതികളെ ചവറ്റുകൊട്ടയിലെറിയുന്ന വിപരീത കാഴ്ചയാണ് സിനിമയിൽ കാണുക. പിന്നാക്കം നീങ്ങുന്ന ത്വരിതഗമനം അവസാനിക്കുമ്പോൾ പ്രേക്ഷകൻ മറ്റൊരു ലോകത്തായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഒടുക്കത്തിൽനിന്നും തുടക്കത്തിലേക്ക് വരുന്ന എതിർസഞ്ചാരം സിനിമയിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ലോകത്തെ നശിപ്പിക്കാനിറങ്ങിയ ചില ശക്തികളെ തടയുന്നതിനുവേണ്ടി ഒരു രഹസ്യ ഏജന്റും സംഘവും അതീവ ശ്രമകരവും സാഹസികവുമായ ഒരു ദൗത്യം ഏറ്റെടുക്കുകയും തുടർന്ന് നടക്കുന്ന തീക്ഷ്ണമായ സംഭവങ്ങളുമാണ് ‘ടെനറ്റ്’ എന്ന ചിത്രം പറയുന്നത്. വർത്തമാനകാലത്തിരുന്ന് ഭൂതകാലത്തെയും ഭാവിയെയും വിധിയെ തന്നെയും മാറ്റിപ്പണിയുന്നവരാണ് ‘ടെനറ്റി’ലെ കഥാപാത്രങ്ങൾ.

ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് സിനിമ. ഒരു സംഘത്തിന്റെ ഭാഗമായിരുന്ന് ലോകത്തെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന കരുത്തുറ്റ കഥാപാത്രമായി ജോൺ ഡേവിഡ് വാഷിങ്ടൺ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നു. ടൈം ട്രാവലർ എന്ന സംജ്ഞയൊക്കെ കേവലം ലളിതമാകുന്നത് ഈ സിനിമ കാണുന്നതോടെയാണ്.

സമയത്തെയും കാലത്തെയും പിന്നിലേക്കും വശങ്ങളിലേക്കും വകഞ്ഞുമാറ്റി വിപരീത ദിശയിലേക്കുള്ള പ്രൊട്ടഗണിസ്റ്റ് എന്ന നായകന്റെ സഞ്ചാരം. ഇൻവർട്ടർ ക്രമത്തിൽ കാലം മാറ്റിമറിക്കാനുള്ള ശ്രമത്തിൽ ഒരുകൂട്ടം ധീരന്മാർ പടക്കിറങ്ങുമ്പോൾ കണ്ടു തീർക്കാനേറെയുണ്ട് ഈ സിനിമയിൽ, ഒപ്പം ചിന്തിക്കാനും.

കഥാപാത്രങ്ങൾ അവരുടെതന്നെ ഭാവിയിൽ കടന്നുചെന്ന് വിധി നിയമങ്ങളെ മാറ്റിമറിക്കുന്നു. നായകനായ ജോൺ ഡേവിഡ് വാഷിങ്ടൺ, റോബർട്ട് പാറ്റിൻസൺ, ​കെന്നത്ത് ബ്രെനാഗെ, എലിസബത്ത് ഡെബികി, പഴയ ബോളിവുഡ് നായിക ഡിംപ്ൾ കപാഡിയ, നോളന്റെ സ്ഥിരം നടൻ മൈക്കൽ കെയിൻ എന്നിവരെല്ലാം തങ്ങളുടെ വേഷം മികച്ചതാക്കി. അഞ്ചു വർഷത്തിന് മുകളിൽ സമയം എടുത്താണ് നോളൻ ഇതിന്റെ തിരക്കഥ പൂർത്തിയാക്കിയത്.

കഥയും തിരക്കഥയും ക്രിസ്റ്റഫർ നോളനാണ് നിർവഹിച്ചത്. ഡച്ച്-സ്വീഡിഷ് കലാകാരനും നോളന്റെ സ്ഥിരം സിനിമയിലെ ഛായാഗ്രാഹകനുമായ ഹൊയ്തെ വാൻ ഹൊയ്തമെ ആണ് ‘ടെനറ്റി’ലും കാമറ കൈകാര്യം ചെയ്തത്. ഐ.എം.ഡി.ബി​ റേറ്റിങ്ങിൽ 10ൽ 7.3 ഈ ചിത്രം നേടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടി.വി എന്നീ പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാം. 2021ലെ മികച്ച വിഷ്വൽ ഇഫക്ട്സ്, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നിവക്കുള്ള ഓസ്കർ അവാർഡ് ‘ടെനറ്റ്’ കരസ്ഥമാക്കി.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christopher NolanFilm ReviewEntertainment NewsTenet
News Summary - Those who change the past
Next Story