ത്രീ ഓഫ് അസ്; ഓർമകളിലേക്കൊരു തിരിഞ്ഞുനടത്തം
text_fieldsപ്രണയം മനോഹരമാകുന്നത് എപ്പോഴായിരിക്കും? ആ പ്രണയത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരു പുഞ്ചിരി വിരിയുമ്പോഴായിരിക്കും അല്ലേ... ഒരു ചെറുപുഞ്ചിരിയോടെ, അൽപം വേദനയോടെ, ഒരുപാട് ഓർമപ്പെടുത്തലുകളോടെ പറഞ്ഞുപോകുന്ന ഒരു ഹിന്ദി സിനിമയാണ് ത്രീ ഓഫ് അസ്. തന്റെ ഓർമകളുടെ സമ്പാദ്യപ്പെട്ടി അധികം കാലതാമസമില്ലാതെ നഷ്ടമാകുമെന്ന തിരിച്ചറിവിലൂടെ സഞ്ചരിക്കുന്ന ശൈലജയുടെ കഥയാണിത്. മാഞ്ഞുപോകുന്നതിനുമുമ്പേ എല്ലാം ഒരിക്കൽ കൂടി മിനുക്കിയെടുക്കാൻ തന്റെ ഭൂതകാലം ചെലവഴിച്ച ഇടങ്ങളിലേക്ക് ഒരു തിരിച്ചുനടത്തം.
ഷഫാലി ഷാ, ജയദീപ് അഹ്ലാവത്, സ്വാനന്ദ് കിർകിരെ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അവിനാഷ് അരുണാണ് ത്രീ ഓഫ് അസിന്റെ സംവിധായകനും സഹരചയിതാവും. ത്രീ ഓഫ് അസ് നെറ്റ്ഫ്ലിക്സിൽ കാണാം. സിനിമയുടെ തുടക്കംമുതൽ ഒടുക്കംവരെ ഒരു പതിഞ്ഞ താളത്തിലാണ് കഥ പറഞ്ഞുപോകുന്നത്. അധികം ഒച്ചപ്പാടുകളില്ലാതെ, ബഹളങ്ങളില്ലാതെ കടന്നുപോകുന്ന സിനിമ.
ശൈലജയായി ഷഫാലി ഷാ ഓരോ നിമിഷവും അത്ഭുതപ്പെടുത്തും. ജോലിയും കുടുംബവുമായി തിരക്കുപിടിച്ച ജീവിതത്തിനിടെ ഇനി അധികകാലം തന്റെ ഓർമകൾ ഒപ്പമുണ്ടാകില്ലെന്ന് ശൈലജ തിരിച്ചറിയുന്നു. ഇതോടെ തിരക്കുകളിൽനിന്ന് വേഗം കുറച്ച് തന്റെ ഭൂതകാലത്തെ ഓർമകളെ തിരികെപ്പിടിക്കാനും ഒന്നുകൂടെ അതെല്ലാം ചികഞ്ഞെടുക്കാനുമായി ശൈലജ തന്റെ കൗമാരം ചെലവഴിച്ച കൊങ്കണിലെ ഒരു തീരപ്രദേശ ഗ്രാമമായ വെങ്കുർളയിലേക്ക് പോകുന്നു. അൽപസ്വൽപം അസ്വാരസ്യങ്ങളും ചേർച്ചയില്ലായ്മയും തങ്ങൾക്കിടയിലുണ്ടെന്ന തിരിച്ചറിവിലും ഭർത്താവായ ദീപാങ്കറും (സ്വാനന്ദ് കിർകിറെ) ശൈലജക്കൊപ്പം ചേരുന്നു.
ഓർമകൾ പെറുക്കിയെടുത്ത് ശൈലജ തന്റെ സ്കൂളിലും നൃത്തവിദ്യാലയത്തിലും പഴയ സഹപാഠികൾക്കും കൂട്ടുകാർക്കുമെല്ലാം അടുത്തെത്തുന്നു. ബാല്യകാല സുഹൃത്തായ പ്രദീപ് കാമത്തിനെ (ജയദീപ് അഹ്ലാവത്) തേടിപ്പിടിക്കുന്നു. പരസ്പരം പറയാതെ പോയ പ്രണയത്തിന്റെ ആകാംക്ഷയും വിരഹവുമെല്ലാം ഇരുവർക്കുമിടയിലുണ്ടായിരുന്നു. നീണ്ട നിശ്ശബ്ദതകൾ നിറഞ്ഞതാണ് ഓരോ സംഭാഷണങ്ങളും.
ഭാര്യയും കുട്ടികളുമുള്ള ബാങ്ക് ഉദ്യോഗസ്ഥനാണ് പ്രദീപ്. 28 വർഷങ്ങൾക്കുശേഷം ശൈലജ ഭർത്താവിനൊപ്പം തന്നെ കാണാനായി ബാങ്കിലെത്തിയെന്നും തനിക്കൊപ്പം പഴയ ഇടങ്ങളിലൂടെ ഒരിക്കൽകൂടി സഞ്ചരിക്കണമെന്ന് പറഞ്ഞുവെന്നും പ്രദീപ് ഭാര്യയോട് പറയുന്നു. ‘നിർബന്ധമായും പോകണം’ എന്ന വാക്കുകളിലൂടെ പ്രദീപിന്റെ ഭാര്യയായ സരിക (കാദംബരി കദം) നമ്മെ അത്ഭുതപ്പെടുത്തും. ശൈലജയെ ബാധിച്ചിരിക്കുന്ന ഡിമൻഷ്യയെക്കുറിച്ച് അറിയാതെയാണ് സരികയുടെ ആ മറുപടി.
പ്രദീപും ദീപാങ്കറും ശൈലജയുടെ ഓർമകളിലെ ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഒരു ഗ്രാമത്തിന്റെ എല്ലാ ഭംഗിയും ഓരോ സീനുകളിലും കാണാം. ബാല്യത്തിൽ മനസ്സിലേറ്റ വലിയൊരു മുറിവ് ശൈലജക്കുണ്ടായിരുന്നു. ആ മുറിവിനെക്കൂടി ഓർമകൾ നഷ്ടമാകുന്നതിനുമുമ്പ് ഓർമിച്ചെടുക്കുന്നുണ്ട് അവൾ. ബാല്യകാലത്ത് അവർ കൂട്ടുകാർക്കൊപ്പം ചെലവഴിച്ച കടൽത്തീരത്തും അവരെത്തും.
അവിടത്തെ ആകാശ ഊഞ്ഞാലിൽ ഒരിക്കൽകൂടി പ്രദീപും ശൈലജയും കയറും. പഴയകാല ഓർമകളെ മൗനങ്ങളിലൂടെയും നിശ്ശബ്ദതയെ ഭേദിച്ചെത്തുന്ന ചെറിയ സംഭാഷണങ്ങളിലൂടെയും അവർ പരസ്പരം പങ്കുവെക്കും. ഒരിക്കൽ താൻ പ്രദീപിനെയും മറക്കുമെന്ന് ശൈലജ പറയുമ്പോൾ, ഞാൻ ഓർമിച്ചോളാം എന്ന ഒറ്റ മറുപടിയിലൂടെ പ്രണയം അതിന്റെ അതിർവരമ്പുകൾ വീണ്ടും ഭേദിക്കുന്നതായും കൂടുതൽ മനോഹരമാകുന്നതായും തോന്നും.
ഒരു ഫീൽ ഗുഡ് സിനിമയാണ് ത്രീ ഓഫ് അസ്. പതിഞ്ഞ താളമാണ് അതിന്റെ സൗന്ദര്യം. നഷ്ടങ്ങളുടെ പട്ടികയിലേക്കും മറവിലേക്കും തള്ളിവിട്ടവരെ ഓർമിച്ചെടുക്കാൻ ഈ സിനിമ ഒരുപക്ഷേ കാരണമാകും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.