കൊള്ളാം..! ഈ നാടൻ സൂപ്പർഹീറോ -മിന്നൽ മുരളി റിവ്യൂ
text_fieldsസ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് -അമാനുഷികതകൾ കൊണ്ട് വിസ്മയ കാഴ്ചകളൊരുക്കുന്ന നിരവധി സൂപ്പർ ഹീറോസിനെ നമ്മൾക്കറിയം. അവർക്കിടയിലേക്കാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത തെന്നിന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി നെറ്റ്ഫ്ലിക്‌സിലൂടെ എത്തുന്നത്.
1990കളിലാണ് കഥ നടക്കുന്നത്. കുറുക്കൻമൂലയെന്ന ഗ്രാമമാണ് കഥാപരിസരം. കുറെ സാധാരണ മനുഷ്യർ ജീവിക്കുന്ന ഗ്രാമം മാത്രമാണത്. അവിടത്തുകാരനായ ജെയ്സൺ (ടോവിനോ തോമസ്) എന്ന ചെറുപ്പക്കാരന് ഒരു രാത്രിയിൽ അപ്രതീക്ഷിതമായി മിന്നലേൽക്കുന്നു. മുൻ കാമുകിയിൽ നിന്ന് കിട്ടിയ 'തേപ്പ്' കാരണം നിരാശകാമുകനായി ജീവിക്കുന്ന, അമേരിക്കയിൽ പോകാൻ കച്ചകെട്ടി നടക്കുന്ന ജെയ്സണ് ഇടിമിന്നൽ ഏൽക്കുന്നതോടെ അമാനുഷിക ശക്തി ലഭിക്കുന്നു.
എന്നാൽ ഇതിലെ രസകരമായ വസ്തുത എന്താണെന്നാൽ നായകനും വില്ലനും ഒരേ സമയത്താണ് മിന്നലേൽക്കുന്നത് എന്നതാണ്. അപ്രതീക്ഷിതമായ ആ മിന്നലേറ്റ് രണ്ടുപേർക്കും അസാധാരണ ശക്‌തി ലഭിക്കുന്നുണ്ട്. മനുഷ്യശരീരത്തിന് മിന്നലേറ്റാൽ ജീവൻ പോകുമെന്ന് സിനിമയിൽ ഫിസിക്സ് അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. എന്നാൽ, ജെയ്‌സണും എതിരാളിയായ ഷിബുവിനും സംഭവിക്കുന്നത് നേർവിപരീതമാണ്.
മിന്നൽ മുരളിയിലെ അമാനുഷികനായ നായകനെ മനുഷ്യനായി നിലനിർത്തി കൊണ്ട് കുറുക്കൻമൂലക്കാരിലൊരുവനായി, തനിനാടൻ സൂപ്പർ ഹീറോയാക്കിയാണ് സംവിധായകൻ വിലസാൻ അനുവദിച്ചിരിക്കുന്നത്.വെറുമൊരു തുണിക്കഷ്ണം കൊണ്ട് മുഖം മറച്ച, സാധാരണക്കാരനായ സൂപ്പർ ഹീറോ മാത്രമാണ് ജെയ്സൺ. രൂപം കൊണ്ടും ഭാവം കൊണ്ടും മലയാളത്തിന്‍റെ സൂപ്പർ ഹീറോയാകാൻ ടൊവിനോ തോമസിന് കഴിഞ്ഞു. തമിഴ്, ബോളിവുഡ് ചിത്രങ്ങളിൽ ശരീരപ്രകൃതി മാറ്റി കഥാപാത്രത്തിന് ഇണങ്ങിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ട്രെൻഡ് അടുത്തിടെ മലയാളത്തിലും നമ്മൾ കണ്ടുതുടങ്ങിയിരുന്നു. അത് മിന്നൽ മുരളിയിൽ ടൊവിനോയും യാഥാർഥ്യമാക്കി. പതിവ് സൂപ്പർ താര സങ്കൽപ്പങ്ങൾ പൊളിച്ചടുക്കുന്നതായിരുന്നില്ല ചിത്രത്തിലെ 'യഥാർഥ മിന്നൽ മുരളിയും'. സൂപ്പർമാൻ, ബാറ്റ്മാൻ എന്നപോലെ കുട്ടികളുടെയും മുതിർന്നവരുടെയും മനസിലേ ക്ക് തമാശകളിലൂടെയും ഇമോഷണൽ സീനുകളിലൂടെയും രക്ഷകനെന്ന പരിവേഷം കൊണ്ടുവരാൻ ടൊവിനോക്ക് കഴിഞ്ഞു.
നായകനെ പോലെ വില്ലനായ ഷിബുവിനും പ്രണയവും, കാത്തിരിപ്പും, വിരഹവുമുണ്ട്. നായകനേക്കാൾ ഒരു പടി കൂടുതലായി വില്ലന്റെ സ്നേഹബന്ധത്തിനും വൈകാരികതയ്ക്കും പ്രാധാന്യം നൽകിയിട്ടുമുണ്ട്.
ആക്‌ഷൻ, ഇമോഷൻ, കോമഡി എല്ലാത്തിനും അതിന്റെതായ ഇടവുമുണ്ട് സിനിമയിൽ. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരം തന്നെയാണ് സിനിമയുടെ നട്ടെല്ല്. ജീവിതത്തിൽ ഒരുപാട് അവഗണനകളും പരിഹാസങ്ങളും പരാജയങ്ങളും അനുഭവിച്ച ഷിബുവായി ഗുരു സോമസുന്ദരം തകർത്ത് അഭിനയിച്ചു. ഹാസ്യത്തിൽ നിന്നും തുടങ്ങി ഒടുവിൽ ത്രില്ലിങായി തന്നെയാണ് സിനിമ അവസാനിക്കുന്നത്.
ഹരിശ്രീ അശോകൻ, പി. ബാലചന്ദ്രൻ, ബൈജു സന്തോഷ്, അജു വർഗ്ഗീസ് തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷങ്ങളിൽ തിളങ്ങി നിന്നു. സാങ്കേതികപരമായി മികച്ച ചിത്രം തന്നെയാണ് മിന്നൽ മുരളി. സമീർ താഹിറിന്റെ ക്യാമറ, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം , ലിവിങ്സ്റ്റൺ മാത്യുവിന്റെ എഡിറ്റിംഗ് തുടങ്ങി എല്ലാം തന്നെ മികച്ച അനുഭവമായിരുന്നു. മുപ്പത്തിയഞ്ച് കോടി ബഡ്ജറ്റിൽ മികച്ച വിഷ്വൽ എഫക്ട്സ് സമ്മാനിക്കുന്ന സിനിമ തന്നെയാണ് മിന്നൽ മുരളി. ഒട്ടും അതിശയോക്തി കലരാത്ത വിധത്തിൽ തന്നെയാണ് ഈ നാടൻ സൂപ്പർഹീറോയുടെ വളർച്ച സിനിമയിൽ കാണിക്കുന്നത്. സിനിമയെ എൻഗേജിങ് ആക്കുന്നതും ഈ നാടൻ തനിമ തന്നെയാണ്. സിനിമക്ക് എടുത്തു പറയാവുന്ന പ്രധാനപെട്ട ന്യൂനത തീയേറ്ററിൽ റിലീസ് ചെയ്തില്ല എന്നത് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.