'വഴി തെറ്റിയ എന്നാൽ വഴി മുട്ടാതെ ഒരു ചിത്രം'; വേട്ടയ്യൻ റിവ്യൂ
text_fieldsസൂപ്പർസ്റ്റാർ രജനികാന്ത്, ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ, മലയാളത്തിന്‍റെ ഫഹദ് ഫാസിൽ, റാണ ദഗ്ഗുപതി, മഞ്ജു വാരിയർ എന്നീ വലിയ താരനിരയെ ചേർത്ത് വെച്ച് ഒരു സിനിമ വരുന്നു, അതിനൊപ്പം തന്നെ അനിരുദ്ധ് രവിചന്ദ്രൻ എന്ന ജീനിയസിന്‍റെ ആവേശം കൊള്ളിക്കുന്ന മ്യൂസിക്കും. എന്നാൽ ഇതെല്ലാം ഉണ്ടായിട്ടും 'വേട്ടയ്യൻ' എന്ന ചിത്രത്തിന് എന്തൊ ഒന്നു നഷ്ടമാകുന്നത് പോലെ തോന്നിക്കുന്നുണ്ട്. ഒ.ടി.യിൽ വമ്പൻ ഹിറ്റായ 'ജയ് ഭിം' എന്ന ചിത്രത്തിന് ശേഷം ടി.ജി ജ്ഞാനവേലിന്‍റെ രചനയിലും സംവിധാനത്തിലുമാണ് വേട്ടയ്യൻ എത്തുന്നത്. ഒരു ക്രൈ ത്രില്ലർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ ജ്ഞാനവേൽ മോശമാക്കാതിരുന്നപ്പോൾ സംവിധായകനായി ജ്ഞാനവേലിന് പാളിച്ചകൾ സംഭവിക്കുന്നുണ്ട്. എന്നിരുന്നാൽ കൂടിയും ബോറടിക്കാതെ തുടക്കം മുതൽ ഒടുക്കം വരെ സിനിമ പ്രേക്ഷകന് ആസ്വദിക്കാൻ സാധിച്ചേക്കും.
ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന്‍റെ വേളയിൽ രജനി പറഞ്ഞിരുന്നു ജ്ഞാനവേലിനോട് താനാണ് ഈ കഥയിൽ കമേഴ്ഷ്യൽ എലമെന്‍റുകൾ ചേർക്കാൻ പറഞ്ഞതെന്ന്. സംവിധായകൻ അതിന് ശേഷം സ്കിപ്റ്റിൽ സൂപ്പർസ്റ്റാർ ചിത്രത്തിന് ആവശ്യമായ 'മാസ്' എലമെന്‍റ്സ് ചേർക്കുകയായിരുന്നു. അതിന്‍റെ എല്ലാ അപാകതകളും മാസ് സീനുകളിൽ മുഴച്ചുനിൽക്കുന്നുണ്ട്. രജനിയെ പോലൊരു സൂപ്പർസ്റ്റാറിനെ ലഭിച്ചിട്ടും സ്ക്രീനിൽ അടിയും ഇടിയും അനിരുദ്ധിന്‍റെ മ്യൂസിക്കുമെല്ലാം എത്തുന്നുണ്ടെങ്കിലും പ്രക്ഷകനിൽ ഒരു ഇമ്പാക്ടുണ്ടാക്കാൻ സംവിധാനത്തിന് സാധിക്കാതെ പോകുന്നുണ്ട്. ഒരുപാട് പൊളിറ്റിക്സ് ഉൾപ്പെടുത്തിയിട്ടുള്ള അത്യാവശ്യം സംസാരിക്കപെടേണ്ട സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ കഥ നല്ലതായിരുന്നുവെങ്കിലും ഒരേ വാർപ്പിൽ അടുക്കി വെച്ച വളരെ പ്രഡിക്ടബിളായ തിരകഥയാണ് ഇതിന് തിരിച്ചടിയായത്. സംവിധായകൻ മുമ്പും കരുത്ത് കാണിച്ചിട്ടുള്ള ഡ്രാമ, ഇമോഷണൽ രംഗങ്ങൾ ഇതിലും മോശമാക്കാതെ തന്നെ പ്ലെയ്സ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ടെക്നിക്കൽ വിഭാഗത്തിന്‍റെ സഹായവും സിനിമയെ മോശം അനുഭവം ആക്കുന്നതിൽ നിന്നും രക്ഷിക്കുന്നുണ്ട്.
ഒരു എൻക്കൗണ്ടർ സ്പെഷ്യലിസ്റ്റായ 'അതിയൻ' എന്ന പൊലീസുകാരനായാണ് രജനി എത്തുന്നത്. സാധാരണ രജനി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല സ്ഥലങ്ങളിലും രജനിക്ക് ഇവിടെ തെറ്റ് പറ്റുകയും തോൽക്കുകയും ചെയ്യുന്നുണ്ട്. ഒരു കേസും അതിന് പിന്നാലെ വരുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ കഥാപരിസരം. എന്നാൽ അടുത്തത് എന്താണ് സംഭവിക്കുക എന്ന് എളുപ്പം മനസിലാക്കാൻ സാധിക്കുന്ന യാതൊരു സർപ്രൈസ് എലമെന്‍റുമില്ലാത്ത രീതിയിലുള്ള തിരകഥയും മേക്കിങ്ങുമാണ് വേട്ടയ്യന്‍റേത്. അമിതാബ് ബച്ചൻ എന്ന അതികായൻ ഈ ചിത്രത്തിൽ എന്തിനാണ് എന്ന് തോന്നുമെങ്കിലും കിട്ടിയ റോൾ മികച്ച രീതിയിൽ പെർഫോം ചെയ്യാൻ ബിഗ് ബിക്ക് സാധിച്ചു. രജിനിയുടെ ഭാര്യ ആയി എത്തുന്ന മഞ്ജു വാരിയറിന് വളരെ ചെറിയ റോളെ ചിത്രത്തിലുള്ളൂ.
ഫഹദ് ഫാസിലിനായി ഡേറ്റ് ലഭിക്കാൻ രണ്ട് മാസം കാത്തിരുന്നു എന്ന് സംവിധായകനും രജനിയും പറഞ്ഞിരുന്നു, അത് ചിത്രത്തിന് ഗുണം മാത്രമെ ചെയ്തിട്ടുള്ളൂ. കോമഡി നാച്ചുറിലെത്തുന്ന കഥാപാത്രത്തെ ഓവറാകാതെ അതിന്‍റെ അളവിൽ ചെയ്ത് വെക്കാൻ പാട്രിക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദിന് സാധിച്ചു. തിയറ്ററിൽ ഒരുപാട് കയ്യടിയും ഈ കഥാപാത്രത്തിന് ലഭിക്കുന്നുണ്ട്. ദുശാര വിജയൻ അവതരിപ്പിച്ച ശരണ്യ ടീച്ചറാണ് മറ്റൊരു പ്രധാന കഥാപാത്രം. കഥയോട് വളരെ പ്രാധാന്യമുള്ള എന്നാൽ പുതുമയൊന്നുമില്ലാത്ത കഥാപാത്രമാണ് ശരണ്യ. .യുവനടി ദുശാര വിജയൻ മോശമാക്കാതെ ഇത് അവതരിപ്പിക്കുന്നുണ്ട് . 'രൂപ' എന്ന ലേഡി പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച റിതിക ചില സന്ദർഭങ്ങളിൽ കല്ലുകടിയായി മാറുന്നുണ്ട്.
ജയ് ഭിം, കെ.കെ.കെ എന്നീ ചിത്രങ്ങളിലെല്ലാം ക്യാമറ ചലിപ്പിച്ച എസ്.ആർ കതിർ ആണ് വേട്ടയ്യന്‍റെ സിനിമറ്റൊഗ്രാഫി. കഥാ പരിസരത്തോട് ചേർന്ന് തന്നെ മോശമാക്കാതെ തന്നെ എസ്.ആർ കതിർ ചെയ്തിട്ടുണ്ട്. അന്ബ് അറിവാണ് ചിത്രത്തിന്‍റെ സ്റ്റണ്ട് വിഭാഗം. മോശമാക്കാതെ ഫൈറ്റ് കൊറിയൊഗ്രാഫി ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ പോലും സീനിനെ ഉയർത്താൻ പാകത്തിലുള്ളതോ പ്രത്യേകതയുള്ളതോ ഒന്നും തന്നെ ഫൈറ്റ് സീനുകളിൽ കാണാൻ സാധിച്ചില്ല. രജനിയുടെ പ്രായം കൂടി പരിഗണിച്ചാണ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാണ്. അനിരുദ്ധ് എന്നത്തെയും പോലെ തന്‍റെ മ്യൂസിക്ക് വിഭാഗം മികച്ചതാക്കുന്നുണ്ട്. വൈറലായ പാട്ട് 'മനസിലായോ'യും 'ഹണ്ടർ വണ്ടർ' എന്ന ഗാനവുമെല്ലാം മികച്ച് അനുഭവം നൽകുന്നുണ്ട്. രജനിയുടെ തന്നെ മുന്നത്തെ ചിത്രമായ 'ജയിലറിലെ' മ്യൂസിക്കുമായി വേട്ടയ്യനിൽ സംഗീതത്തിന് സാമ്യത അനുഭവപ്പെടുന്നുണ്ടായിരുന്നു.
ഒരു വട്ടം ബോറടിക്കാതെ കാണാൻ സാധിക്കുന്ന ഓർത്തിരിക്കാൻ പാകത്തിനുളള മികച്ച കഥാപാത്രങ്ങളോ കഥാപരിസരമോ ഇല്ലാത്ത ഒരു ചിത്രമാണ് വേട്ടയ്യൻ. എങ്കിലും ചിത്രത്തിൽ വന്നു പോകുന്ന നിമിഷങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളും സ്റ്റാർകാസ്റ്റും പ്രേക്ഷകനെ പിടിച്ചിരിത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.