കമറൂട്ടിലെ ചുരുളഴിയാത്ത രഹസ്യങ്ങളും കെട്ടുകഥകളും -വിക്രാന്ത് റോണ റിവ്യൂ
text_fieldsകെ.ജി.എഫിന് ശേഷം കന്നഡ സിനിമ ഇൻഡസ്ട്രിയിൽനിന്ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ത്രീഡി സിനിമയാണ് വിക്രാന്ത് റോണ. രാജമൗലിയുടെ 'ഈച്ച' സിനിമയിൽ വില്ലനായി വിസ്മയിപ്പിച്ച കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുധീപ് ആണ് വിക്രാന്ത് റോണയിലെ നായകൻ. 100 കോടി ചിലവഴിച്ച് നിർമിച്ച ചിത്രം മലയാളത്തിൽ എത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസാണ്.
സിനിമയുടെ കഥ നടക്കുന്നത് കമറൂട്ട് എന്ന ഗ്രാമത്തിലാണ്. കൊടും വനത്താൽ ചുറ്റപ്പെട്ട കമറൂട്ടിൽ ഒരുപാട് കെട്ടുകഥകൾ നിലനിൽക്കുന്നുണ്ട്. പൂട്ടികിടക്കുന്ന കമറൂട്ട് മനയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കാണുന്നതും കമറൂട്ടിലുള്ള കുട്ടികളെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കാണാതായ കുട്ടികളെ പിന്നീട് മുഖത്ത് ചിത്രങ്ങൾ വരച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടുകിട്ടും. ബ്രമരാക്ഷസൻ ചെയ്യുന്നതാണ് ഈ കൊലകളെല്ലാമെന്നാണ് അവിടെയുള്ളവരുടെ വിശ്വാസം. ഈ കെട്ടു കഥകളുടെ ഇടയിലേക്ക് കൊലപാതകങ്ങൾ അന്വേഷിക്കാൻ പുതിയ പൊലീസ് ഓഫീസർ വിക്രാന്ത് റോണാ എത്തുന്നു. കമറൂട്ടിൽ ചുരുളഴിയാതെ കിടക്കുന്ന രഹസ്യങ്ങൾ വിക്രന്ത് റോണാ കണ്ടെത്തുന്നതും വിക്രന്ത് റോണയുടെ ജീവിതത്തിൽ കമറൂട്ട് ഉണ്ടാക്കിയിരിക്കുന്ന മുറിവും സിനിമയിൽ പറയുന്നു.
കിച്ച സുധീപ് തന്റെ മറ്റെല്ലാ ചിത്രങ്ങളിലെയും പോലെ എനർജിറ്റിക് ആയി വിക്രാന്ത് റോണായെ അവതരിപ്പിച്ചിട്ടുണ്ട്. അഡ്വെഞ്ചർ, മിസ്റ്ററി, ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുക കടും പച്ചപ്പും ഇരുട്ടും നിറഞ്ഞ മുത്തശ്ശികഥകളിൽ കേട്ടിട്ടുള്ള ഒരു ലോകത്തിലേക്കാണ്. കെട്ടുകഥകളും രഹസ്യങ്ങളും ഒളിപ്പിച്ച് വച്ചിരിക്കുന്ന കമറൂട്ടിനെ ഒരു ഫാന്റസി ലോകമായി തന്നെ സംവിധായകനും എഴുത്തുകാരനുമായ അനൂപ് ബന്ദ്‍രി അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ വി.എഫ്.എക്സ് വർക്കുകളും ഇതിനു ഗുണം ചെയ്യുന്നു.
കഥയിലെ ചില രഹസ്യങ്ങൾ മുൻകൂട്ടി മനസിലാക്കാൻ സാധിക്കുമെന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കാം. അതുപോലെ സിനിമയിലെ ഗാനങ്ങളും കഥയോട് ഇണക്കിനിർത്താൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. കഥയിൽ നടക്കുന്ന പല കാര്യങ്ങളും സിനിമ പറയുന്ന കഥയുമായി ബന്ധപ്പെട്ടതാണോ എന്ന കൺഫ്യൂഷൻ പ്രേക്ഷകനിലുണ്ടാക്കിയേക്കാം. കാമറ കൈകാര്യം ചെയ്തിരിക്കുന്ന വില്യം ഡേവിഡ് കൈയടി അർഹിക്കുന്നു. കമറൂട്ടിയിലെ കാഴ്ചകൾ സുന്ദരമാകാൻ വില്യമിന്റെ ഫ്രെയ്മുകൾക്ക് സാധിച്ചിട്ടുണ്ട്.
സിനിമയിലെ മാറ്റ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസ്, നീത അശോക്, നിരുപ് ബന്ദരി, രവിശങ്കർ ഗൗഡ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഒരു ചിത്രകഥ പോലെ കണ്ടു തീർക്കാൻ കഴിയുന്ന വിക്രാന്ത് റോണ ശരാശരി സിനിമ അനുഭവമാണ് തിയറ്ററിൽ നൽകുക. മികച്ച സാങ്കേതിക വിദ്യകൾ തിയറ്ററിൽ തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകന് വിക്രാന്ത് റോണക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.