പത്തൊമ്പതാം നൂറ്റാണ്ടിലെ പുത്തൻ താരോദയം- റിവ്യൂ...
text_fieldsത്രില്ലടിപ്പിച്ച രാക്ഷസരാജാവ്, ദാദാസാഹിബ്, ചിരിപ്പിച്ച കല്യാണ സൗഗന്ധികം, അനുരാഗകൊട്ടാരം, ഭയപ്പെടുത്തിയ ആകാശഗംഗ, വെള്ളിനക്ഷത്രം, പരിമിതിയെ കാറ്റിൽ പറത്തി ഗിന്നസ് റെക്കോർഡ് വരെ കരസ്ഥമാക്കിയ പക്രുവിന്റെ അദ്തുതദ്വീപ്, പ്രേക്ഷകരെ കരയിപ്പിച്ച വാസന്തിയും ലക്ഷമിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ... എന്നിങ്ങനെ നീണ്ടുപോകുന്നു സംവിധായകൻ വിനയന്‍റെ വിജയകാലം. സിനിമയിലെ ഉന്നതകുലജാതർ കുറെ ചവിട്ടിയരയ്ക്കാൻ ശ്രമിച്ചിട്ടും തന്നെകൊണ്ട് ആവുന്ന തരത്തിൽ ചിത്രങ്ങൾ വിനയൻ ചെയ്തു. പക്ഷേ പരാജയങ്ങളായിരുന്നു ഒട്ടുമിക്കതും. ഇപ്പോഴിതാ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ്ബജറ്റ് ചിത്രവുമായി 2022 കീഴടക്കിയിരിക്കുകയാണ് വിനയൻ. ഇക്കുറി വാളും പരിചയും വീശിയാണ് വിനയന്റെ മടങ്ങി വരവ്. താരമൂല്യമില്ലാത്ത സിജു വിൽസൺ എന്ന യുവതാരത്തെ വെച്ച് വിനയനും അത് നിർമിക്കാൻ മുന്നോട്ടുവന്ന ഗോകുലം ഗോപാലനും കാണിച്ച മാസൊന്നും ഈ അടുത്തയിടക്ക് ആരും തന്നെ കാണിച്ചിട്ടില്ല.
പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന ജാതിവെറിയുടേയും മാറു മറയ്ക്കാൻ അനുവാദം കിട്ടിയിട്ടും അത് അംഗീകരിക്കാൻ മനസ്സിലാത്ത മേൽജാതിക്കാരുടെ പരാക്രമവും നാണംകെട്ട വികാര- വിചാരങ്ങളുടെ തുറന്ന് പറച്ചിലുമാണ് പത്തൊമ്പതാം നൂറ്റാണ്ട്.
ചരിത്ര സിനിമകൾ എടുക്കുക എന്നത് മറ്റു ജോണറിൽനിന്ന് വ്യത്യസ്തവും അതിലുപരി ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. ചരിത്ര രേഖകളിലൂടെയാണ് കഥ പറയുന്നത്. നീട്ടിവലിച്ച് പറയാൻ ശ്രമിക്കാതെ ഉള്ള കാര്യങ്ങൾ വേഗത്തിൽ അവതരിപ്പിക്കാൻ വിനയൻ ശ്രമിച്ചിട്ടുണ്ട്. പഴയകാലത്തെ ഓർമിപ്പിക്കുവിധം ചിത്രത്തിന്റെ കളർടോൺ വസ്തുക്കൾ, സംഭാഷണം, വസ്ത്രധാരണം എന്നിവയെല്ലാം സംവിധായകൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്റെ വി.എഫ്.എക്സ് ആണ്. ഷാജി കുമാറിന്‍റെ കാമറയും വിവേക് ഹർഷന്‍റെ എഡിറ്റിങ്ങും സന്തോഷ് നാരായണന്‍റെ ബി.ജി.എമ്മും ചിത്രത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. എം. ജയചന്ദ്രന്‍റെ സംഗീതം മാത്രം അത്രപോരാതെ തോന്നി. ഒരുപക്ഷേ വരും നാളുകളിൽ പാട്ടുകളൊക്കെ ഹിറ്റ്ലിസ്റ്റിൽ സ്ഥാനം പിടിച്ചേക്കാം. ഗാനരംഗങ്ങൾ പ്രേക്ഷകരുടെ മനം നിറച്ചെങ്കിലും കൊറിയോഗ്രഫി നിരാശപ്പെടുത്തി.
ചിത്രം കാരണം കോളടിച്ചിരിക്കുന്ന സിജു വിൽസണനാണ്. നീണ്ട രണ്ടു വർഷമാണ് ഈ ചിത്രത്തിനുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തിരിക്കുന്നത്. അത് ചിത്രത്തിൽ കാണാനുമുണ്ട്. കോമഡിതാരമായും വില്ലനായിട്ടുമൊക്കെ സിജുവിനെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് തീർത്തും ഞെട്ടിച്ചുകൊണ്ടുള്ള ട്രാൻഫോർമേഷൻ. പെട്ടെന്ന് കളംമാറ്റി ചവിട്ടി പ്രേക്ഷകരെ ഞെട്ടിക്കാൻ കെൽപുള്ള നടൻമാരും നടിമാരും മലയാളികൾക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്. സംഘട്ടനത്തിലെ ചടുലതയും മെയ്വഴക്കവും കളരിയും അടവും പഠിച്ച യോദ്ധാവിനെപോലെതന്നെ തോന്നി. ആറാട്ടുപുഴ വേലായുധ പണിക്കാരായി സിജു പൂണ്ടുവിളയാടിയിട്ടുണ്ട്. കയാദു ലോഹറിന്‍റെ നങ്ങേലി വേഷം, അനൂപ് മേനോൻ അവതരിപ്പിച്ച തിരുവിതാംകുർ മഹാരാജാവ്, ചെമ്പൻവിനോദിന്‍റെ കായംകുളം കൊച്ചുണ്ണി, സുദേവിന്‍റെ പടവീടൻ നമ്പി, രേണു സൗന്ദറിന്‍റെ നീലി എന്നിവരെല്ലാം തങ്ങളുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്.
എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം ഇന്ദ്രസിന്റെ കേളു ആണ്. ആകെ അഞ്ചു മിനിറ്റേയുളളൂവെങ്കിലും കേളുവിനെ അദ്ദേഹം മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചു . ഇതുവരെ നമ്മൾ കേട്ട, കണ്ട കായംകുളം കൊച്ചുണ്ണിയേ അല്ല പത്തൊമ്പതാം നൂറ്റാണ്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. തീർത്തും നെഗറ്റീവ് ഷേഡ് കഥാപാത്രം. അത് ഒരു അദ്ഭുതമായി തോന്നി. എല്ലാം ചരിത്രം, സത്യം എന്താണെന്ന് ആ കാഘട്ടത്തിൽ ജീവിച്ചവർക്കും അതാത് വ്യക്തികൾക്കും അറിയാം.
ഓണചിത്രമായി വന്ന പത്തൊമ്പതാം നൂറ്റാണ്ട് ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം. ചരിത്രസിനിമകൾ കാണാൻ താൽപര്യമുള്ളവർക്കും അല്ലാത്തവർക്കും കാണാൻ പറ്റുന്ന ഒരു ക്ലീൻ എന്റർടെയ്നറാണ് പത്തൊമ്പതാം നൂറ്റാണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.