Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightവേണുവിന്റെയും...

വേണുവിന്റെയും മുരളിയുടെയും കോടമ്പാക്കം ഡയറീസ് -'വർഷങ്ങൾക്കു ശേഷം' റിവ്യൂ

text_fields
bookmark_border
വേണുവിന്റെയും മുരളിയുടെയും കോടമ്പാക്കം ഡയറീസ് -വർഷങ്ങൾക്കു ശേഷം റിവ്യൂ
cancel

വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്കുശേഷം' മികച്ച സ്വീകാര്യത നേടി മുന്നോട്ടു പോവുകയാണ്.‘സിനിമക്കുള്ളിലെ സിനിമ’ക്ക് എന്നും പ്രേക്ഷകർ ഉണ്ടാവും. സിനിമയും ജീവിതവും തമ്മിലുള്ള സംയോജനം ഒരുവിധം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നുതന്നെയാണ്. അത് ഈ ചിത്രത്തിലും വർക്ക് ആയിട്ടുണ്ട്.

നൂറുകണക്കിനാളുകളാണ് ദിവസവും സിനിമയോടുള്ള ഭ്രമം മൂലം കോടമ്പാക്കത്ത് എത്തുന്നത്. അവരിൽ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്. സിനിമയിൽ അഭിനയിക്കാനും സിനിമ എടുക്കാനും ആഗ്രഹിക്കുന്നവർ ആദ്യം വണ്ടി കയറുന്നത് മദ്രാസിലേക്ക് ആയിരിക്കും. കഷ്ടപ്പെട്ട് രക്ഷപ്പെടുന്നവരും രക്ഷപ്പെട്ട് ഒടുവിൽ കഷ്ടപ്പെടുന്നവരും മദ്രാസിന്റെ സ്ഥിരം കാഴ്ചയാണ്. ബർമുഡ ട്രയാങ്കിൾ പോലെ ഒരു ചുഴിയാണ് ഇവിടം. അവിടേക്കാണ് മുരളിയും വേണുവും ചെന്നെത്തുന്നത്.


പ്രണവ്-ധ്യാൻ കോമ്പോ മലയാളികൾക്ക് തീരെ പരിചിതമില്ലാത്ത ഒന്നാണ്. എന്നാലും സിനിമ കണ്ടിറങ്ങി വരുമ്പോൾ ഇവർ കൊള്ളാം എന്ന് പറയുന്നവരായിരിക്കും ഭൂരിപക്ഷം ആൾക്കാരും. കൂത്തുപറമ്പിലെ ഒരു ഗ്രാമത്തിൽ നാടകം എഴുതി നടക്കുന്ന വേണു. അവിടെ ഒരു മാളികയിൽ മെഹഫിൽ പാടാനെത്തുന്ന മുരളി. വളരെ പെട്ടെന്നാണ് ഇവർ സൗഹൃദത്തിൽ ആവുന്നത്. അങ്ങനെ ഒരുനാൾ അവർ മദ്രാസിലേക്ക് വണ്ടി കയറുകയാണ്. സിനിമ എടുക്കാനും സംഗീത സംവിധായകൻ ആവാനും. അവിടുന്ന് അങ്ങോട്ട് അവർക്ക് ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. പല ഏറ്റക്കുറച്ചിലുകൾ, ജീവിത പരാജയങ്ങൾ, തളർച്ചകൾ, സന്തോഷങ്ങൾ... അങ്ങനെ പലതും ഒന്നിച്ചും ഒറ്റക്ക് അനുഭവിച്ച നാളുകൾ.

ധ്യാനിന്റെ ആദ്യ ഗെറ്റപ്പ് കണ്ട് ഒരു കുഞ്ഞിരാമായണം മൂഡ് തോന്നിയെങ്കിലും പിന്നീട് അങ്ങോട്ടുള്ള അടരുകളുള്ള ധ്യാനിനെ അല്ല വേണുവിനെ ധ്യാൻ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ കണ്ട ഒരു ധ്യാൻ ശ്രീനിവാസൻ ആയിരുന്നില്ല വർഷങ്ങൾക്കുശേഷത്തിലെ ധ്യാൻ. അഭിനയത്തിലും സൗണ്ട് മോഡ്ലേഷനിലും വേഷപ്പകർച്ചയിലും ധ്യാൻ മികവുപുലർത്തിയിട്ടുണ്ട്. സ്റ്റീരിയോ ടൈപ്പ് കോമഡി കഥാപാത്രങ്ങൾ ചെയ്തു വന്നിരുന്ന ധ്യാനിന്റെ കരിയറിലെ മികച്ച കഥാപാത്രം തന്നെയായിരിക്കും വേണു എന്നതിൽ സംശയമില്ല. നോട്ടവും, മുഖത്തെ ഭാവങ്ങളും, ഇരിപ്പും, നടപ്പും വരെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. തീർച്ചയായും അതിൽ വിനീത് ശ്രീനിവാസൻ ഒരു കയ്യടി അർഹിക്കുന്നുണ്ട്. പണിയെടുക്കാൻ അറിയുന്ന ആളുടെ കയ്യിൽ കിട്ടിയാൽ സംഭവം ഗംഭീരമാവും എന്ന് പറയുന്നത് വെറുതെയല്ല. അഭിനേതാവിനെ മെരുക്കിയെടുക്കുന്നത് ഡയറക്ടറുടെ വലിയൊരു ക്വാളിറ്റിയാണ്. വിനീതിന്റെ കൈയിൽ വന്നവരെയെല്ലാം തന്നെ നന്നായി മെരുക്കി എടുത്തിട്ടുണ്ട്.പണിയെടുപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലം കൂടിയാണ് ഈ വർഷങ്ങൾക്കുശേഷം. അതിന് വിനീതിന് കൊടുക്കണം ഒരു കുതിരപ്പവൻ.


വേണുവിന്റെയും മുരളിയുടെയും സൗഹൃദവും പ്രണയവും ജീവിതഗാഥകളും കൊണ്ട് ഇഴുകിചേർന്ന ആദ്യപകുതി വളരെ നൊസ്റ്റാൾജിക് ഫ്രെയിമിലാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി കുറെക്കൂടി തമാശകളിലൂടെ മുന്നോട്ടു പോകുന്ന ഒന്നാണ്. സത്യത്തിൽ വർഷങ്ങൾക്ക് ശേഷമുള്ള കഥ നടക്കുന്നത് രണ്ടാം പകുതിയിലാണ്. രണ്ടാം പകുതിയിൽ കഥയുടെ ഗതി തന്നെ മാറ്റുന്ന 'നിതിൻ മോളി'യുടെ വരവ് അതൊരു ഒന്നൊന്നര എൻട്രി തന്നെയാണ്. പ്രേക്ഷകരെ കയ്യിലെടുക്കാൻ, പൊട്ടിച്ചിരിപ്പിക്കാൻ വേണ്ടുന്ന എല്ലാ ചേരുവകളും രണ്ടാം പകുതിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതുവരെ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലെ മഞ്ഞച്ച കോടമ്പാക്കം നഗരത്തെ പുതിയ നഗരത്തിലേക്ക്, പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് കഥ പറിച്ച് നടുന്നുണ്ട്. ആദ്യപകുതി വേണു കൊണ്ടുപോയെങ്കിൽ രണ്ടാം പകുതി നിതിൻ മോളി തൂക്കിയെറിഞ്ഞിട്ടുണ്ട്. നെപ്പോട്ടിസം, ബോഡി ഷേമിങ്, സെൽഫ് ട്രോളുകൾ, തമാശകൾ എല്ലാം ചേർന്നപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു നിവിൻ പോളി തിരിച്ചുവന്നിരിക്കുന്നു. ഒരുപക്ഷേ ആ സീനുകൾ നിവിൻ പോളി അല്ലാതെ വേറൊരു നടൻ ചെയ്തിരുന്നെങ്കിൽ ഇത്ര ഇംമ്പാക്ട് കിട്ടുമായിരുന്നില്ല. അത്രക്ക് ഗംഭീരമായി അഴിഞ്ഞാടിയിട്ടുണ്ട് എന്ന് വേണം പറയാൻ.എല്ലാരുടെയും വായടപ്പിച്ചിട്ടുണ്ട്. ഒന്നും പറയാനില്ല.നിവിൻ പൊളിച്ചു. കിടുക്കി. തിമിർത്തു...

പ്രകടനത്തിൽ പ്രണവിനെക്കാൾ ഒരു പടി കൂടി മുന്നിൽ നിൽക്കുന്നത് ധ്യാൻ തന്നെയാണ്. സിനിമയിലെ പ്രണവിന്റെ പല അപ്പിയറൻസും ദേവദൂതനിലെ മോഹൻലാലിനോട് സാമ്യം തോന്നുന്നുണ്ട്. പ്രൊഡ്യൂസർ ആയി എത്തുന്ന അജുവർഗീസും, അസിസ്റ്റന്റ് ഡയറക്ടറായി എത്തുന്ന ബേസിൽ ജോസഫും സിനിമക്കുള്ളിലെ നടനായ ഷാൻ റഹ്മാനും അവരവരുടെ റോളുകൾ കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്. സ്ഥിരം തമാശകളുടെ അലങ്കാരങ്ങൾ ഇല്ലാതെ കഥ ആവശ്യപ്പെടുന്നത് എന്തോ അത് കൃത്യമായി ചെയ്യാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ചെറിയ സീനിൽ ആണെങ്കിലും നിതാ പിള്ളയുടെയും കല്യാണി പ്രിയദർശന്റെയും, നീരജ് മാധവിന്റെയും സാന്നിധ്യം സിനിമയ്ക്ക് മോടി കൂട്ടുന്നുണ്ട്. ഇവരോടൊപ്പം എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം സ്വാമി ലോഡ്ജിലെ സ്വാമിയാണ്.


വൈ ജി മഹേന്ദ്രൻ. മദ്രാസിലെ ആദ്യ നാടകക്കമ്പനികളില്‍ ഒന്നായ യുണൈറ്റഡ്‌ അമേച്വര്‍ ആർടിസ്റ്റിന്‍റെ സ്ഥാപകനായ ചെന്നൈ സ്വദേശി വൈ ജി പാര്‍ത്ഥസാരഥിയുടേയും പത്മ ശേഷാദ്രി ഗ്രൂപ്പ് ഓഫ് സ്കൂള്‍സിന്‍റെ സ്ഥാപക ശ്രീമതി രാജലക്ഷ്മി പാര്‍ത്ഥസാരഥിയുടേയും മകന്‍ എന്ന ലേബലിനേക്കാൾ തമിഴ് നാടക-സിനിമയിലെ മികവുറ്റ കലാകാരനായ മഹേന്ദ്രൻ വളരെ ഒഴുക്കോട് കൂടെ സിനിമയിൽ സഞ്ചരിക്കുന്നുണ്ട്.

സിനിമയുടെ പൾസ് അത് 'ഞ്യാപകം...' പാട്ടാണ്. പല പാട്ടുകൾക്കിടയിലും സിനിമക്കൊടുവിൽ പാടി നടക്കുന്ന പാട്ട് ഈ തമിഴ് ട്രാക്ക് തന്നെയിരിക്കും. ബോംബെ ജയശ്രീയുടെ മകനായ അമൃത് രാമ്നാഥിന്റ സംഗീതം സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ്. വിശ്വജിത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും സിനിമയെ മനോഹരമാക്കുന്നുണ്ട്. പ്രത്യേകിച്ച് 80 കളിലെ മദ്രാസി പട്ടണത്തിന്റെ ദൃശ്യഭംഗിയും കളർ ടോണും നന്നായിത്തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.


ചില തിരിച്ചറിവിന്റെ ഇടം കൂടിയായി മാറുന്നുണ്ട് മദിരാസി പട്ടണം. പ്രതീക്ഷകളുടെ ഭാണ്ഡവും പേറി വേണുവും മുരളിയും ഓടിക്കയറുന്നത് പ്രേക്ഷകരുടെ ഉള്ളിലേക്കാണ്. വിനീത് ശ്രീനിവാസന്റെ സ്ഥിരം ഫീൽ ഗുഡ് പാറ്റേൺ തന്നെയാണ് ഇതിന്റെയും കാതൽ. ക്രിഞ്ചെന്ന് പലരും പറയുന്നുണ്ടെങ്കിലും ചിലതൊക്കെ ക്രിഞ്ച് ആവുന്നതും ഒരു രസമാണ്. എന്നിരുന്നാലും ഫാമിലി ഓഡിയൻസിന്റെ പിന്തുണ സിനിമയ്ക്ക് എന്തായാലും ഉണ്ടാവും എന്ന് ഉറപ്പാണ്. എവിടേക്കെയോ ചിലയിടത്ത് ഉദയനാണ് താരത്തിന്റെ സാദൃശ്യവും കടന്നുവരുന്നുണ്ട്. ചിലയിടത്ത് കഥ പറച്ചിലുകൾ അല്പം നീണ്ടുപോയോ എന്ന് തെല്ലൊരു സംശയമുണ്ട്.

അഭിമുഖങ്ങളിൽ തിമർത്താടുന്ന ഒരു ധ്യാനിനെയോ സിനിമ കഴിഞ്ഞ് ഹിമാലയത്തിലേക്ക് പോകുന്ന പ്രണവിനെ അല്ല ഇവിടെ കാണിക്കുന്നത്. സിനിമയും സംഗീതവും പുസ്തകവും ഇഷ്ടപ്പെടുന്ന രണ്ട് കൂട്ടുകാരെയാണ് വിനീത് കോടമ്പാക്കത്തിലേക്ക് എത്തിക്കുന്നത്. അവരുടെ തളർച്ചകളും ഉയർച്ചകളും ആണെങ്കിൽ കൂടിയും സിനിമ മൊത്തത്തിൽ വേണുവും നിതിൻ മോളിയും തൂക്കിയെറിഞ്ഞിട്ടുണ്ട്. സേഫ് സോണുകൾ മറികടക്കുന്ന സാഹചര്യങ്ങളാണ് മനുഷ്യന്റെ വിജയ പരാജയത്തിന് അടിസ്ഥാനമെന്നും സിനിമ പറയാതെ പറയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vineeth Sreenivasanpranav mohanlaldhyan sreenivasanVarshangalkku Shesham
News Summary - Vineeth Sreenivasan movie Varshangalkku Shesham Movie Review
Next Story