'വജ്ദ' -പറ്റുമെങ്കിൽ എന്നെ തോൽപ്പിക്കൂ
text_fieldsപത്തു വയസ്സുകാരിയായ വജ്ദ, അപാര ഇച്ഛാശക്തിയുള്ള പെൺകുട്ടിയാണ്. ക്ലാസിലെ ശരാശരിക്കാരിയായ അവൾക്ക് മതപഠനത്തോടൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. ഗണിത ശാസ്ത്രം ആണ് ഇഷ്ടവിഷയം. കൂടെ ചെറിയ ചില സ്വപ്നങ്ങളും. സ്വപ്നങ്ങൾ നടത്താൻ പണം വേണം. ബ്രേസ്‌ലെറ്റ് ഉണ്ടാക്കി കൂട്ടുകാരികൾക്ക് വിറ്റും ചെറിയ ചില സാമർഥ്യങ്ങൾ ഒപ്പിച്ചുമാണ് അവൾ പണം സ്വരൂപിക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂളിൽ വജ്ദ അധ്യാപികമാരുടെ നോട്ടപ്പുള്ളിയാണ്. ഖുർആൻ മനഃപ്പാഠമാക്കാൻ വജ്ദ മുന്നോട്ടുവന്നത് സ്കൂളിലെ അധ്യാപികമാരെ ശരിക്കും അത്ഭുതപ്പെടുത്തി. മതപഠനത്തിൽ ഒന്നാമതെത്തിയാൽ സ്കൂളധികൃതർ പ്രഖ്യാപിച്ച കാഷ് അവാർഡ് നേടാം. അതാണവളുടെ ലക്ഷ്യം. വലിയ തുകയാണ് സമ്മാനം. മത്സരവേദിയിൽ ഹൃദ്യമായി ഖുർആൻ കാണാതെ ഓതിക്കൊണ്ട് വജ്ദ അവളുടെ കൂട്ടുകാരെ ശരിക്കും ആശ്ചര്യപ്പെടുത്തുന്നു.
ഒടുവിൽ അധ്യാപിക വിജയിയെ പ്രഖ്യാപിക്കുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ഈ പണം കൊണ്ട് എന്ത് ചെയ്യുമെന്ന് അധ്യാപിക ചോദിച്ചപ്പോൾ ഉത്തരത്തിനായി അവൾക്ക് തെല്ലും ആലോചിക്കേണ്ടി വന്നില്ല. "ഞാൻ ഒരു സൈക്കിൾ വാങ്ങും. തെരുവിലെ ഒരു കടയിൽ ഞാനത് കണ്ടുവെച്ചിട്ടുണ്ട്, അരികിലെ ചക്രങ്ങൾ ഇല്ലാതെത്തന്നെ ഞാനത് ചവിട്ടാൻ പഠിച്ചിട്ടുമുണ്ട്' - എന്ന് ഒറ്റശ്വാസത്തിലാണവൾ പറഞ്ഞത്. ഇതുകേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ശരിക്കും ഞെട്ടി, അധ്യാപികയുടെ നെറ്റി ചുളിഞ്ഞു. സൗദി അറേബ്യയാണ് രാജ്യം. ഒരുകാലത്ത് സ്ത്രീകൾക്ക് ഡ്രൈവിങ്ങിനോ വോട്ട് ചെയ്യാനോപോലും അനുമതിയില്ലാതിരുന്ന രാജ്യം. തെരുവുകളിൽ ഒരു പെൺകുട്ടി പോലും സൈക്കിൾ ഓടിക്കുന്നത് കണ്ടിട്ടേയില്ല. അപ്പോഴാണ് വജ്ദയുടെ ആരെയും കൂസാതെ ഉള്ള തുറന്നുപറച്ചിൽ!
അവളുടെ ആഗ്രഹം കേട്ടപ്പോൾ അധ്യാപിക അൽപം ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. നടക്കാത്ത കാര്യങ്ങൾ ആഗ്രഹിക്കരുതെന്നും അതിന് ആരും ഇവിടെ സമ്മതിക്കില്ലെന്നും അധ്യാപിക താക്കീത് ചെയ്യുന്നുണ്ട് . അപ്പോൾ പിന്നെ സമ്മാനത്തുക ഫലസ്തീനിലെ കുട്ടികൾക്കായി മാറ്റി വെക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് അവർ വജ്ദക്ക് സർട്ടിഫിക്കറ്റ് മാത്രം നൽകി തിരിച്ചയക്കുന്നു.
താനിത്രയും കാലം സ്വരുക്കൂട്ടിവച്ച സ്വപ്നം തകർന്നു പോയപ്പോൾ സങ്കടം സഹിക്കാനാവാതെ അവൾ വിതുമ്പി കരയുന്നുണ്ട് തിരിച്ച് വീട്ടിലെത്തുമ്പോൾ. ഒടുവിൽ, മാതാവ് വാങ്ങിക്കൊടുത്ത സൈക്കിൾ ആഞ്ഞു ചവിട്ടി കൊണ്ട് കൂട്ടുകാരൻ അബ്ദുല്ലയെ അവൾ വെല്ലുവിളിക്കുകയാണ് അവസാന സീനിൽ. "പറ്റുമെങ്കിൽ എന്നെ തോൽപ്പിക്കൂ" എന്നാണ് വെല്ലുവിളി.
സ്വന്തം ഇഷ്ടങ്ങളെ ചേർത്തുപിടിച്ച് ജീവിക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ട് വജ്ദയും അവളുടെ മാതാവും കൂട്ടുകാരികളും അധ്യാപികമാരുമെല്ലാം ഈ സിനിമയിൽ. അവരുടെ ശരീരവും സ്വഭാവങ്ങളും ആഗ്രഹങ്ങളുമെല്ലാം ഇവിടെ നിയന്ത്രിക്കപ്പെടുന്നു. വോയ്സ് ഈസ് പ്രൈവറ്റ് (സ്ത്രീ ശബ്ദം സ്വകാര്യമാണ്), കവർ യുവർ ഫേസ് (മുഖപടം അണിയുക) എന്നൊക്കെയാണ് സ്കൂളിൽനിന്നും കേട്ടുകൊണ്ടിരുന്നത്. നിയന്ത്രണ ഏജൻസികളായി ചുറ്റുമുള്ളവർ മാറുന്നതിെൻറ സുവ്യക്തമായ ഒരു കാഴ്ചയാണ് ഈ ചിത്രം.
'വജ്ദ' യെന്നാൽ സ്നേഹം തുളുമ്പുന്നത് എന്നർത്ഥം. 2012ൽ പുറത്തിറങ്ങിയ ഈ അറബി ഭാഷാ ചിത്രം സംവിധാനം ചെയ്തത് സൗദി വനിതയായ ഹൈഫ അൽ-മൻസൂർ ആണ്. പൂർണ്ണമായും സൗദിയിൽ ചിത്രീകരിച്ച ആദ്യത്തെ സിനിമ എന്നതിനൊപ്പം സൗദി പൗരയായ ഒരു സ്ത്രീ സംവിധാനിച്ച ആദ്യത്തെ ഫീച്ചർ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങും നേടിയ ഈ ചിത്രം അതിൻ്റെ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.