'സമയമാം രഥത്തിൽ' ഗാനരചയിതാവ് നാഗലിെൻറ ഓർമക്ക് ഒരുനൂറ്റാണ്ട്
text_fieldsകുന്നംകുളം: മരണമില്ലാത്ത മരണഗാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു' എന്ന ഗാനത്തിനൊപ്പം രചയിതാവും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. മലയാളിക്കൊരു വിലാപഗാനമായി മാറിയെങ്കിലും യഥാർഥത്തിൽ ഇദ്ദേഹം ഇത് വിലാപഗാനമായി എഴുതിയതല്ലായിരുന്നു. കേരളം രൂപീകൃതമാകും മുമ്പ് മലയാളമണ്ണില്‍ പ്രവർത്തിച്ച ജർമൻ മിഷനറി ഫോൾബ്രെഷ്റ്റ് നാഗലായിരുന്നു എഴുത്തുകാരൻ. 1921 മേയ് 21ന് ജർമനിയിലാണ് അദ്ദേഹം മരിച്ചത്.
ജർമനിയിലെ ഹേസനിലെ സ്റ്റാംഹൈമില്‍ തുകൽപ്പണിക്കാരനായ ഹെൻറിക് പീറ്റർ നാഗലിെൻറയും എലിസബത്തിെൻറയും മകനായി 1867 നവംബർ മൂന്നിനാണ് നാഗലിെൻറ ജനനം. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ചതോടെ അധ്യാപകനായ ബിൽഡേവാൾഡ് സംരക്ഷണം ഏറ്റെടുത്തു.1893ല്‍ ബാസൽ മിഷന് മിഷനറിയായി കണ്ണൂരിലെത്തിയ നാഗൽ പിന്നീട് വാണിയംകുളത്തേക്ക് പ്രവർത്തനമേഖല മാറ്റി. ഇതിനിടയിൽ ബാസൽ മിഷനുമായി ബന്ധം വിട്ടു. പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് തൃശൂർ, നെല്ലിക്കുന്ന്, പറവൂർ എന്നിവിടങ്ങളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ഈയവസരത്തിൽ ഹാന്‍ഡ് ലി ബേഡ് എന്ന വിദേശ ബ്രദറൺ മിഷനറിയെ പരിചയപ്പെട്ട് ബ്രദറൺസഭ പ്രവര്‍ത്തനങ്ങളിൽ സഹകരിച്ചു.
റെയിൽവേ ഉദ്യോഗസ്ഥനായ ജോസഫ് സാമുവൽ മിച്ചലിെൻറ മകളും അധ്യാപികയുമായ ഹാരിയറ്റ് സബീന മിച്ചല്‍ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയെ 1896 ഏപ്രിൽ ഒന്നിന് നാഗൽ വിവാഹം കഴിച്ചു. ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു ഭാഷകളിലും പ്രാവീണ്യം നേടിയ നാഗൽ ഒട്ടേറെ ഇംഗ്ലീഷ് ക്രൈസ്തവ കീർത്തനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി. നൂറോളം മലയാള ഗാനങ്ങളും രചിച്ചു.
കുന്നംകുളത്തുൾപ്പെടെ പരിസരങ്ങളിൽ വസൂരി, കോളറ, ക്ഷയം തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിച്ചിരുന്ന കാലയളവിൽ നാഗലിെൻറ സേവനങ്ങൾ രാജ്യം നേരിടുന്ന കോവിഡ് മഹാമാരിയുടെ കാലത്തും സ്മരിക്കപ്പെടുന്നതാണ്. പാവപ്പെട്ടവരുടെ വീടുകളിൽ കുമ്മായം കുഴയ്ക്കാനും വീടുപണിക്ക് മുളയും ഓലയും ചുമക്കാനുമൊക്കെ നാഗൽ സമയം കണ്ടെത്തിയിരുന്നു. 1905ൽ തൃശൂരിലെ നെല്ലിക്കുന്നിൽ പെൺകുട്ടികൾക്കായി രെഹോബോത്ത് എന്ന അനാഥാലയത്തിന് തുടക്കമിട്ടു. ഇന്നും അത് നല്ല നിലയിൽ പ്രവർത്തിക്കുന്നു. കൂടാതെ ജില്ലയിൽ വിവിധയിടങ്ങളിൽ പ്രാർഥനാലയങ്ങൾ സ്ഥാപിച്ചു.
കുന്നംകുളത്ത് അന്ന് താമസിച്ചിരുന്ന വീട് നിന്ന റോഡിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ നഗരസഭ 'മിഷനറി വി നാഗൽ' എന്ന നാമകരണം നൽകിയത് ഏറെ ശ്രദ്ധേയമായിരുന്നു. വാഹനസൗകര്യങ്ങൾ വളരെ കുറവായിരുന്നു കാലയളവിൽ കാളവണ്ടിയിൽ ദൂരയാത്ര ചെയ്യവേ എപ്പോഴോ കാളവണ്ടിച്ചക്രത്തിെൻറ ശബ്ദം കേട്ട് നാഗൽ മനസ്സിൽ കോറിയിട്ട വരികളായിരുന്നു പിന്നീട് 'സമയമാം രഥത്തിൽ' എന്ന പ്രത്യാശാഗാനമായി മാറിയത്.
1956ൽ റിലീസായ സി.ഐ.ഡി എന്ന ഹിന്ദി ചിത്രത്തിൽ മുഹമ്മദ് റഫിയും ഗീത ദത്തും ആലപിച്ച 'യേ ദിൽ ഹൈ മുഷ്കിൽ ജീനാ യഹാൻ' എന്ന ഗാനം ഇതേ ഈണത്തിലാണ് ഒ.പി. നയ്യാർ ചിട്ടപ്പെടുത്തിയത്. 1970ൽ പാറപ്പുറത്തിെൻറ നോവൽ 'അരനാഴികനേരം' കെ. എസ്. സേതുമാധവൻ സിനിമയാക്കിയപ്പോഴാണ് 'സമയമാം രഥത്തിൽ ഞാൻ സ്വര്‍ഗയാത്ര ചെയ്യുന്നു' എന്ന ഗാനത്തിന് പ്രചാരമേറിയത്. വയലാർ-ദേവരാജൻ കൂട്ടുകെട്ടായിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് പിന്നിൽ.
നാഗൽ എഴുതിയ ഗാനത്തിലെ ചില വരികൾ വയലാർ മാറ്റിയെഴുതി. നാഗലിെൻറ മറ്റൊരു ഗാനവും വയലാർ മാറ്റിയെഴുതിയിട്ടുണ്ട്. 'അഴകുള്ള സെലീന' സിനിമക്കായി യേശുദാസ് സംഗീത സംവിധാനം നിർവഹിച്ച 'സ്നേഹത്തിൻ ഇടയനാം യേശുവേ...' എന്ന ഗാനം. 21 വര്‍ഷമായിരുന്നു നാഗലിെൻറ കേരളത്തിലെ പ്രവർത്തനം. 11 വർഷം മുമ്പ് നാഗലിെൻറ കൊച്ചുമകൾ പൗളിൻ ഭർത്താവുമൊത്ത് കുടുംബ വേരുകൾ തേടി കുന്നംകുളത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.