ഇനിയുമിനിയും ഒഴുകും റഫിയെന്ന ഗാനപ്രവാഹം
text_fieldsലോകമെങ്ങുമുള്ള കാതുകൾ പ്രണയിച്ച ആ ശബ്ദം ഈ ഭൂമിയിൽ അവതരിച്ചത് 100 വർഷം മുമ്പായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ. ഇന്ത്യക്കാരുടെ മാത്രമല്ല, ലോകമെങ്ങുമുള്ള സംഗീതവിശ്വാസികളുടെ പ്രണയവും വിരഹവും വേദനയും മന്ദഹാസവും പൊട്ടിച്ചിരിയുമൊക്കെ ചേർന്ന സമസ്തഭാവങ്ങളുടെയും ശബ്ദരൂപമായി അര നൂറ്റാണ്ട് മാത്രം ഈ ഭൂമിയിൽ ജീവിച്ച് കടന്നുപോയ ആ അനശ്വര നാദത്തിന്റെ പേര് മുഹമ്മദ് റഫി എന്നായിരുന്നു. 44 വർഷം മുമ്പ് മരണം കവർന്നെടുത്തിട്ടും ഈ ഭൂമിയെ സംഗീതാർദ്രമാക്കി ആ ശബ്ദവിസ്മയം ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.
റഫി സാഹബ് എന്ന് ആദരപൂർവം വിളിക്കുന്ന ആ ശബ്ദത്തിലൂടെ ആവിഷ്‍കരിക്കപ്പെട്ട ഭാവങ്ങൾ എത്രയോ വൈവിധ്യമുള്ളതായിരുന്നു. ഒരുകാലത്ത് ഇന്ത്യക്കാർ പ്രണയിച്ചതും വിരഹവും വിഷാദവും കൊണ്ട് നെഞ്ചുനീറിയതും കണ്ണുനനഞ്ഞതും ജ്ഞാനസംഗീതത്തിന്റെ കയറ്റിറക്കങ്ങൾ താണ്ടിയതും ഭക്തിപൂർവം കൈകൂപ്പി നിന്നതുമെല്ലാം ആ ശബ്ദത്തിന് ചെവികൊടുത്തായിരുന്നു. ‘സുഹാനി രാത് ധൽ ചുക്കി (ദുലാരി), ‘ദീവാന ഹുവാ ബദൽ’ (കാശ്മീർ കി കലി), ‘ആനാ ഹേ തോ ആ രാഹ് മേൻ’ (നയാ ദൗർ), ‘മധുബൻ മേൻ രാധിക നാചേ’ (കോഹിനൂർ), ‘യേ ദുനിയാ അഗർ മിൽ ഭി ജയേ’ (പ്യാസ), ‘നാ തോ കർവാൻ കി തലാഷ്’ (ബർസാത് കി രാത്), ‘ഫിർ മിലോഗേ കഭി’ (യേ രാത് ഫിർ നാ ആയേഗി), ‘അഭി ന ജാവോ ചോദ്കർ’ (ഹം ദോനോ), ഓ ദുനിയാ കേ രഖ്‍വാലേ (ബൈജു ബാവര), യാഹൂ.. ചാഹേ മുഛേ കോയി ജംഗ്‍ലീ... (ജംഗ്‍ലീ) പാട്ടുകളിൽ റഫി സാഹബ് ആവിഷ്‍കരിക്കാത്ത വികാരങ്ങളില്ല.
ഹിന്ദിയിൽ മാത്രമല്ല, കൊങ്കണി, അസാമീസ്, ഭോജ്പുരി, ഒഡിഷ, ബംഗാളി, മറാഠി, സിന്ധി, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, മഘായി, മൈഥിലി തുടങ്ങിയ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയ റഫി സാഹബ് മലയാളത്തിൽ ഒരു പാട്ടുപാടിയില്ല എന്നത് എക്കാലത്തും മലയാളികളുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. ‘തളിരിട്ട കിനാക്കൾ’ എന്ന സിനിമയിലെ ഒരു ഹിന്ദി ഗാനം ആലപിച്ചതാണ് റഫിക്ക് മലയാള സിനിമയുമായുള്ള ബന്ധം. പക്ഷേ, അതിലുമേറെ വികാരവായ്പോടെ മലയാളികൾക്കും പ്രിയങ്കരനായി തുടരുന്നുണ്ട് മുഹമ്മദ് റഫി എന്ന നാദവിസ്മയം. ആയിരക്കണക്കിന് സിനിമകൾ. പതിനായിരക്കണക്കിന് ഗാനങ്ങൾ. യേശുദാസ് അടക്കമുള്ള ഗായകപ്രതിഭകൾ ഗുരുസ്ഥാനത്ത് കാണുന്നതും മുഹമ്മദ് റഫിയുടെ സംഗീതത്തെയാണ്.
1924 ഡിസംബർ 24ന് പഞ്ചാബിലെ അമൃതസറിനടുത്ത് കോട്‍ല സുൽത്താൻ സിങ് എന്ന ഗ്രാമത്തിൽ ഒരു കർഷക ജന്മിയുടെ മകനായി ജനിച്ച റഫിക്ക് സംഗീത പാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പാട്ടുകാരനാവുക എന്നത് അദ്ദേഹത്തിന്റെ ജന്മനിയോഗമായിരുന്നു. റഫി പാട്ടിലേക്ക് തിരിഞ്ഞത് ഗ്രാമത്തിൽ പാടാൻ വന്ന ഒരു ഫക്കീറിന്റെ ആലാപനത്തെ പിന്തുടർന്നായിരുന്നു. ഫക്കീറിനെ അനുകരിച്ച് പാടിയ പയ്യന്റെ ആലാപനം ഗ്രാമവാസികളെ ആകർഷിച്ചു. എന്നാൽ, യാഥാസ്ഥിതികനായ പിതാവിന് മകൻ സംഗീതത്തിന്റെ വഴിയേ പോകുന്നത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
പക്ഷേ, അനുജന് സംഗീതത്തിലുള്ള അഭിരുചി തിരിച്ചറിഞ്ഞ മൂത്ത സഹോദരൻ ഹമീദ് ആ പയ്യനെ ലാഹോറിൽ അയച്ച് സംഗീതം പഠിപ്പിക്കാൻ വേണ്ടതൊക്കെ ചെയ്തു. ഉസ്താദ് അബ്ദുൽ വാഹിദ് ഖാൻ, പണ്ഡിറ്റ് ജീവൻലാൽ മാത്തു, ഫിറോസ് നിസാമി എന്നിവരുടെ കീഴിൽ വർഷങ്ങളോളം ചിട്ടയായി ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഒരിക്കൽ ഹമീദും റഫിയും സൈഗാളിന്റെ സംഗീത പരിപാടി കാണാൻ പോയി. പരിപാടി തുടങ്ങുന്നതിനു മുമ്പ് വൈദ്യുതി തടസ്സമുണ്ടായി. ഇതോടെ സൈഗാൾ പാടാൻ കൂട്ടാക്കിയില്ല. പക്ഷേ, ആ വേദിയിൽ റഫിക്ക് പാടാൻ അവസരം ലഭിച്ചു. ഇതുകണ്ട സംഗീത സംവിധായകൻ ശ്യാം സുന്ദർ റഫിയെ സിനിമയിലേക്ക് ക്ഷണിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും 13 വയസ്സ്. പഞ്ചാബി സിനിമയായ ‘ഗുൽബലോച്ചി’ൽ പാടുകയും ചെയ്തു.
1942 ൽ ഹിന്ദി സിനിമയുടെ തറവാട്ട് മുറ്റമായ ബോംബെയിൽ അദ്ദേഹം എത്തി. 1943ൽ പാടിയ ‘യഹാം ബദ്‍ലാ’ എന്ന ഗാനം ഹിറ്റായതോടുകൂടി പിന്നെ റഫിയുടെ കാലമായിരുന്നു ഹിന്ദി സിനിമയിൽ. സംഗീത സംവിധായകർ റഫിയുടെ കാൾ ഷീറ്റിനായി വീടിന് കാവൽ കിടന്നു. നൗഷാദ്. ഒ.പി നയ്യാർ, ശങ്കർ ജെയ്കിഷൻ, രവിശങ്കർ ശർമ, എസ്.ഡി ബർമൻ, റോഷൻ, കല്ല്യാൺജി ആനന്ദ്ജി, രാമചന്ദ്ര തുടങ്ങിയ സംഗീത സംവിധായകരുടെ ഒട്ടനവധി ഗാനങ്ങൾ റഫിയിലൂടെ അനശ്വരമായി. റഫിയില്ലെങ്കിൽ പാട്ടില്ല എന്ന സ്ഥിതിപോലുമായി. ഇന്നും ഒളിമങ്ങാതെ ആ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞൊഴുകുന്നു.
സിനിമയിലെ കഥാപാത്രങ്ങളായി വേഷമിടുന്ന നടന്മാർക്ക് അനുയോജ്യമായ വിധത്തിൽ പാടാനുള്ള റഫിയുടെ മിടുക്ക് സവിശേഷമായിരുന്നു. ഷമ്മി കപൂർ, ശശി കപൂർ, രാജേഷ് ഖന്ന, ഗുരുദത്ത്, രാജ്കുമാർ, രാജേന്ദ്ര കപൂർ, ദേവാനന്ദ്, ധർമേന്ദ്ര തുടങ്ങിയ നായകന്മാർ റഫിയുടെ ശബ്ദത്തിലൂടെ തിരശ്ശീലയും മനസ്സുകളും കീഴടക്കി. 1977 ൽ മജ്റൂഹ് സുൽത്താൻപുരി രചിച്ച് ആർ.ഡി. ബർമൻ സംഗീതം നൽകിയ ‘ക്യാഹുവാ തേരാ വാദാ..’ (ഹം കിസിസെ കം നഹി) എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ആറു തവണ ഫിലിംഫെയർ അവാർഡ് നേടിയ റഫിയെ 1967ൽ രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചു.
നിരവധി വിദേശരാജ്യങ്ങളിൽ ഗാനമേളകൾ അവതരിപ്പിച്ച റഫിയെ ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ അഭിമുഖം നടത്തിയിട്ടുണ്ട്. റഫിയുടെ ലണ്ടൻ പ്രോഗ്രാമിന്റെ കസെറ്റുകൾ ലോകമെങ്ങും ചൂടപ്പംപോലെയായിരുന്നു വിറ്റഴിഞ്ഞത്. ഈ ഡിജിറ്റൽ കാലത്തും യൂട്യൂബിൽ ആ പാട്ടുകൾ തേടിയെത്തുന്നവരുടെ എണ്ണം മില്യൻ കണക്കിനാണ്.
1980 ജൂലൈ 31ന് ലോകമെങ്ങുമുള്ള ഹൃദയങ്ങൾ കീഴടക്കിയ ആ അനശ്വര ശബ്ദത്തിന്റെ ഉടമയുടെ ഹൃദയം നിലച്ചു. അതും വെറും 55ാമത്തെ വയസ്സിൽ. ഓരോ വർഷവും റഫിയുടെ ഓർമനാളുകളിൽ കേരളത്തിലടക്കമുള്ള റഫി ആരാധകർ ഗാനമേളകൾ സംഘടിപ്പിച്ച് ആ ശബ്ദവിസ്മയത്തെ അനുസ്മരിച്ചുകൊണ്ടിരിക്കുന്നു. ഇനിയുമിനിയും നിലയ്ക്കാത്ത പാട്ടിന്റെ പ്രവാഹമായി മുഹമ്മദ് റഫി ഒഴുകിക്കൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.