സുഗക്ക് പിന്നാലെ ബി.ടി.എസ് അംഗങ്ങളായ ആർ.എമ്മും ജിന്നും കോവിഡ് പോസിറ്റീവ്
text_fieldsസിയോൾ: കെ-പോപ്പ് സൂപ്പർസ്റ്റാർ മ്യൂസിക്ക് ബാന്‍ഡായ ബി.ടി.എസിലെ മൂന്ന് അംഗങ്ങൾക്ക് വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ബിഗ് ഹിറ്റ് മ്യൂസിക് ഏജൻസി അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ബി.ടി.എസ് അംഗങ്ങളായ ആർ.എമ്മിനും ജിന്നിനും കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ മറ്റൊരു അംഗമായ സുഗ കോവിഡ് പോസിറ്റീവായിരുന്നു. മൂവരും ആഗസ്റ്റിൽ തന്നെ രണ്ടാം ഡോസ് വാക്സിന്‍ എടുത്തിരുന്നുവെന്ന് ഏജൻസി അറിയിച്ചു.
ബി.ടി.എസ് എന്നറിയപ്പെടുന്ന ബാങ്താൻ ബോയ്സ് ഏഴംഗ ബോയ്ബാൻഡാണ്. ജെ-ഹോപ്പ്, ജാങ്കൂക്ക്, വി, ജിമിൻ എന്നിവരാണ് മറ്റ് നാല് അംഗങ്ങൾ.
ആർ.എമ്മിനും സുഗക്കും കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ജിന്നിന് നേരിയ പനിയുണ്ടെങ്കിലും മൂവരുടെയും ആരോഗ്യനില തൃപ്തിപകരമാണെന്ന് മ്യൂസിക് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് അംഗങ്ങൾക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ തക്ക പിന്തുണ നൽകുമെന്നും ദക്ഷിണ കൊറിയൻ ആരോഗ്യപ്രവർത്തകരുടെ മാർഗനിർദേശങ്ങളോട് സഹകരിക്കുമെന്നും ഏജൻസി അറിയിച്ചു.
2013ലെ ആദ്യ മ്യൂസിക് ആൽബം മുതൽ വേറിട്ട സംഗീതാവതരണം കൊണ്ട് ലോകത്താകമാനം ആരാധകരുള്ള മ്യൂസിക് ബാന്‍ഡാണ് ബി.ടി.എസ്. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെയും ഏഷ്യൻവിരുദ്ധ വംശീയതയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതിന്‍റെയും പേരിൽ നിരവധി നിരൂപക പ്രശംസകൾ നേടിയിരുന്നു. നവംബറിൽ നടന്ന അമേരിക്കൻ മ്യൂസിക് അവാർഡിൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ, ഫേവറൈറ്റ് പോപ്പ് ഡ്യുവോ ഗ്രൂപ്പ് അവാർഡുകൾ ബി.ടി.എസിനായിരുന്നു.
കൂടാതെ മികച്ച പോപ് ഗാനമായി ബി.ടി.എസിന്‍റെ 'ബട്ടർ' ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയും ബി.ടി.എസും ചേർന്നൊരുക്കിയ 'മൈ യൂനിവേഴ്‌സ്' ഒക്ടോബറിലെ ബിൽബോർഡ് ഹോട്ട് 100 ഗാന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.