പ്രായം തോൽക്കും ഈ ‘മാജിക് വോയ്സി’നു മുന്നിൽ
text_fieldsകോട്ടയം എലിക്കുളം പഞ്ചായത്തിന്റേതാണ് ‘മാജിക് വോയ്സ്’ ഗാനമേള ട്രൂപ്. ട്രൂപ്പിലെ അംഗങ്ങൾ പഞ്ചായത്തിലെതന്നെ വയോജനങ്ങളും ഭിന്നശേഷിക്കാരും. 65 വയസ്സായ ഗോപാലകൃഷ്ണനാണ് ട്രൂപ്പിലെ ഏറ്റവും മുതിർന്ന അംഗം. ഭിന്നശേഷിക്കാരനായ സുനീഷ് ജോസഫാണ് ട്രൂപ്പിലെ മുഖ്യഗായകൻ. സുരേന്ദ്രൻ, സിൻസി സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു പ്രധാന ഗായകർ. ബാബു, ദീപുകൃഷ്ണ, ജോയി തുടങ്ങിയവരാണ് ട്രൂപ്പിലെ മറ്റ് അംഗങ്ങൾ.
എല്ലാവർഷവും പഞ്ചായത്ത് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം വിനോദയാത്ര സംഘടിപ്പിച്ചുവരുന്നുണ്ട്. വിനോദയാത്രക്കിടെ പാട്ടുപാടിയവരെ ഉൾപ്പെടുത്തിയാണ് ട്രൂപ് ആരംഭിച്ചത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഗീത ഉപകരണങ്ങൾ വാങ്ങി. കഴിഞ്ഞ ജൂണിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ട്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിനകത്ത് നിരവധി വേദികളിൽ ഇതിനോടകം മാജിക് വോയ്സ് പരിപാടികൾ അവതരിപ്പിച്ചുകഴിഞ്ഞു. വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നീ പേരുകൾ പറഞ്ഞ് വീടിനുള്ളിൽ മാത്രം ഒതുങ്ങിക്കൂടി കഴിഞ്ഞവർക്ക് ഒരു വരുമാന മാർഗം കൂടി ഒരുക്കിയിരിക്കുകയാണ് മാജിക് വോയ്സ്. രക്ഷാധികാരി എസ്. ഷാജിയുടെയും കോഓഡിനേറ്ററും പഞ്ചായത്തംഗവുമായ മാത്യൂസ് പെരുമനങ്ങാടിന്റെയും കോഓഡിനേറ്റർ റ്റോജോ വർഗീസിന്റെയും നേതൃത്വത്തിലാണ് ഗാനമേള ട്രൂപ്പിന്റെ പ്രവർത്തനം.
മികച്ച പ്രവർത്തനങ്ങളുടെ പേരിൽ എലിക്കുളം പഞ്ചായത്ത് സംസ്ഥാന സർക്കാറിന്റെ സ്വരാജ് ട്രോഫി, വയോമിത്രം അവാർഡ് എന്നിവ കരസ്ഥമാക്കിയിരുന്നു. പഞ്ചായത്തിലെ 16 വാർഡുകളിലും വയോജന ക്ലബുകളും പ്രവർത്തിച്ചുവരുന്നുണ്ട്. മഹാത്മാഗാന്ധി സർവകലാശാല കേരളത്തിലെ ആദ്യ യു3എ പഞ്ചായത്തായി എലിക്കുളത്തെ പ്രഖ്യാപിച്ചിരുന്നു. മുതിർന്ന പൗരന്മാരെ ജീവിതത്തിലെ സന്തോഷത്തിലേക്ക് നയിക്കുന്നതാണ് യൂനിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജ് (യു3എ) പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.