'കണ്ണുകൾ നിറഞ്ഞ് വാപ്പ പാടിത്തന്ന പാട്ട്...'- മലയാള സിനിമയിലെ ആദ്യ ജസരി ഗാനവുമായി ഐഷ സുൽത്താന
text_fieldsകൊച്ചി: 'പക്കിരിച്ചി പക്കിരിച്ചി പക്കിരിച്ചി പാത്ത, ഒന്നര ഫോണിന കാറയും കെട്ടി'- ലക്ഷദ്വീപിലെ വാമൊഴി ഭാഷയായ ജസരിയിലുള്ള മലയാള സിനിമയിലെ ആദ്യഗാനം തുടങ്ങുകയായി. നാടൻ ശീലിന്റെ മനോഹാരിതയും ഹൃദ്യതയും ഉൾചേരുന്ന ഗാനം ഐഷ സൂൽത്താന സംവിധാനം ചെയ്യുന്ന 'ഫ്ലഷ്' എന്ന സിനിമയിലേതാണ്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം ദ്വീപിൽനിന്നുള്ള ഷെഫീക്ക് കില്‍ത്താൻ ആണ് ആലപിച്ചത്. സംഗീതം കൈലാഷ് മേനോന്‍. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. നാടോടി പാരമ്പര്യ ഈണങ്ങളില്‍ ഒഴുകിയെത്തുന്ന ഈ ഗാനം സംഗീതാസ്വാദകരെ ഏറെ ഹരം കൊള്ളിക്കുന്നതിനിടെ അത് പിറവിയെടുത്ത വൈകാരിക നിമിഷങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ഐഷ സുൽത്താന പങ്കുവെച്ചു.
ലക്ഷദ്വീപ് കടൽത്തീരത്ത് വെച്ച് വാപ്പ കണ്ണുകൾ നിറഞ്ഞു പാടിത്തന്ന പാട്ടാണ് 'ഫ്ലഷി'ലൂടെ അവതരിപ്പിക്കുന്നതെന്ന് ഐഷ പറയുന്നു. 'മറ്റുള്ളവർ നിന്റെ മുറിവ് കണ്ടില്ലെങ്കിലും നീ സ്വയം ആ മുറിവ് ഉണങ്ങാനുള്ള മരുന്ന് കണ്ടെത്തുക. കൂടാതെ നിന്റെ പിന്നിൽ വരുന്നവരുടെ കാലിൽ ആ മുറിവ് ഉണ്ടാവാതെ അവരെ സംരക്ഷിക്കുക...' എന്ന ഉപദേശം നൽകിയ ശേഷമാണ് വാപ്പ ഈ പാട്ട് പാടിത്തന്നത്. 'ഇങ്ങേബാ തോണി അടുത്ത്ബാ തോണി അത്താളതേക്ക് ഉരു മീൻതായേ തോണി' എന്ന വരി പാടുമ്പോൾ വാപ്പയുടെ കണ്ണുകൾ നിറഞ്ഞിരുന്നതും ഐഷ ഓർത്തെടുക്കുന്നു. 'ഭാഷ സംസ്‍കാരത്തിന്റെ ഭാഗമാണ്. ഭാഷയെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. അതെ ഞാനും ചെയ്തുള്ളു. ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഈ പാട്ട് റൂമിൽ വെച്ച് കേട്ടോണ്ടിരുന്നു. കാരണം അതിലെന്റെ ഉപ്പുപ്പയുടെയും വാപ്പയുടെയും അനിയന്റെയും ആത്മാവ് ഉണ്ടായിരുന്നു.' -ഐഷ പറയുന്നു.
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിത സംവിധായികയായ ഐഷ പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് 'ഫ്ലഷ്' ചിത്രീകരിച്ചിരിക്കുന്നത്. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന 'ഫ്ലഷി'ന്‍റെ ക്യാമറ കെ.ജി. രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ്. കൈലാഷ് മേനോനൊപ്പം വില്യം ഫ്രാന്‍സിസും സംഗീതം നിർവഹിക്കുന്നു.
ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഭാഷ സംസ്‍കാരത്തിന്റെ ഭാഗമാണ്.
ഭാഷയെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്.
അതെ ഞാനും ചെയ്തുള്ളു ഞാൻ ജനിച്ച നാടിന്റെ ഭാഷയാണ് ജസരി...
ഒരിക്കൽ എന്റെ വാപ്പ പറഞ്ഞിരുന്നു-'നീ സഞ്ചരിക്കുന്ന വഴികളിൽ കല്ലും മുള്ളും കൂടുതലായിരിക്കും. നീ അത് ചവിട്ടി നിന്റെ കാല് മുറിയുമ്പോഴും നിന്റെ കൂടെ ഉള്ളവർ അത് കാണില്ല. കാരണം നിന്റെ കാലിനടിയിൽ കൊണ്ട മുറിവിൽ നിന്നും ഉണ്ടായ വേദന നീ നിന്റെ മുഖത്ത് പ്രകടിപ്പിക്കില്ല. ആ വേദന കടിച്ച് പിടിച്ച് സഹിക്കാനുള്ള ശക്തി നിനക്ക് പ്രകൃതി തന്നിട്ടുണ്ട്... മറ്റുള്ളവർ നിന്റെ മുറിവ് കണ്ടില്ലെങ്കിലും നീ സ്വയം ആ മുറിവ് ഉണങ്ങാനുള്ള മരുന്ന് കണ്ടെത്തുക. കൂടാതെ നിന്റെ പിന്നിൽ വരുന്നവരുടെ കാലിൽ ആ മുറിവ് ഉണ്ടാവാതെ നീ അവരെ സംരക്ഷിക്കുക'.
ദ്വീപിന്റെ കടൽത്തീരത്ത് വെച്ച് എന്റെ വാപ്പ ഈ കാര്യങ്ങൾ എന്നോട് പറഞ്ഞതിനുശേഷം എനിക്ക് ജസരി ഭാഷയിൽ പാടിത്തന്ന ഒരു പാട്ടാണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിലെത്തിക്കുന്നത്. 'ഇങ്ങേബാ തോണി അടുത്ത്ബാ തോണി അത്താളതേക്ക് ഉരു മീൻതായേ തോണി' ഈ വരി പാടുമ്പോൾ വാപ്പാടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അന്നും ഇന്നും എന്നും എനിക്ക് പ്രിയപ്പെട്ടതൊക്കെ നഷ്ടപ്പെട്ടിട്ടേ ഉള്ളു. ആദ്യം എന്റെ ഉപ്പുപ്പാ, പിന്നെ എന്റെ വാപ്പ, ഒടുവിൽ എന്റെ അനിയൻ. ഇവരെല്ലാവരെയും അന്നെനിക്ക് നഷ്ടപ്പെട്ടപ്പോൾ ആ നഷ്ടങ്ങളെല്ലാം എന്റെ വലിയ വലിയ സ്വപ്നങ്ങളായിരുന്നു. ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഈ പാട്ട് റൂമിൽ വെച്ച് കേട്ടോണ്ടിരുന്നു. കാരണം അതിലെന്റെ ഉപ്പുപ്പയുടെയും വാപ്പയുടെയും അനിയന്റെയും ആത്മാവ് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.