ഭക്തിനിർഭരം, ശ്രവണസുന്ദരം 'അൽ വദൂദ്'
text_fieldsഅള്ളാഹുവിനെ അഭിസംബോധന ചെയ്യുന്ന 99 പേരുകളുടെ സമാഹാരത്തെയാണ് 'അസ്മാ ഉൽ ഹുസ്ന' എന്ന് വിശേഷിപ്പിക്കാറുള്ളത്. ലോകത്തുള്ള എല്ലാ ദേശക്കാരും ഭാഷക്കാരും പല രീതിയിൽ ഇത് പാരായണം ചെയ്യാറുണ്ട്. സംഗീതാത്മകമായും ഖുർആൻ പാരായണം ചെയ്യുന്നത് പോലെയും മറ്റും വിവിധ രീതികളിൽ 'അസ്മാ ഉൽ ഹുസ്ന' നമുക്ക് കേൾക്കാൻ സാധിക്കും. ഇപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ രാഗബന്ധുരമായ 'അസ്മാ ഉൽ ഹുസ്ന' വ്യത്യസ്തവും ശ്രവണ സുന്ദരവും അതിലേറെ ഭക്തിനിർഭരവുമായി പുറത്തുവന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയഗായകൻ അഫ്സലും നഫ്‌ല സാജിതും ചേർന്നാണ് 'അൽ വദൂദ്' എന്ന വേറിട്ട ഈ പ്രാർഥനഗാനം ആലപിച്ചിരിക്കുന്നത്.
'അൽ വദൂദ്' ആൽബം കേട്ട് ഗായകൻ അഫ്സലിനെയും അണിയറ പ്രവർത്തകരെയും സിംബാംബ്വെ ഗ്രാൻഡ് മുഫ്തി ഇസ്മായിൽ ബിൻ മൂസ മെങ്ക് തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖരും സിനിമാതാരങ്ങളായ മമ്മുട്ടി, റഹ്മാൻ, മനോജ് കെ. ജയൻ തുടങ്ങിയവരും അഭിനന്ദിച്ചിരുന്നു.
സോഫിക്സ് മീഡിയയിലൂടെയാണ് ഈ സംഗീത ശില്പം റിലീസ് ചെയ്തിരിക്കുന്നത്. പ്രവാസിയായ മുസ്തഫ ഹംസ ഒരുമനയൂർ ആണ് ഇതിന്റെ സംഗീത സംവിധാനവും ഉള്ളടക്ക സൃഷ്ടിയും നിർവഹിച്ചത്. വളരെ ഭംഗിയായി തന്നെ നഫ്‌ല സാജിദ് ഇതിന്റെ സംഗീത നിർവഹണം ചെയ്തപ്പോൾ അതിന്റെ ശോഭ ഒട്ടും ചോർന്നുപോകാതെ അൻവർ അമൻ വാദ്യോപകരണങ്ങളുടെ അകമ്പടി നൽകി. യൂസഫ് ലെൻസ്മാന്റെ നേതൃത്വത്തിലുള്ള ദൃശ്യവിഷ്ക്കാരം കൂടിയായപ്പോൾ പ്രേക്ഷകർക്ക് തികച്ചും ഉദാത്തമായ ഒരു സംഗീതാനുഭവം പകരുവാൻ സാധിച്ചുവെന്ന് നിർമ്മാതാവ് കൂടിയായ മുസ്തഫ ഹംസ ഒരുമനയൂർ പറഞ്ഞു.
ക്യാമറ-അൻസൂർ പി.എം, യുസഫ് ലെൻസ്മാൻ, അറബിക് കാലിഗ്രഫി- നസീർ ചീക്കൊന്ന്, സോങ് മിക്സിങ്-ഇമാം മജ്ബൂർ, സാങ്കേതിക സഹായം- മഷൂദ് സേട്ട്, ഷംസി തിരൂർ, ശിഹാബ് അലി, ഗ്രാഫിക്സ് /എഡിറ്റിങ്- യൂസഫ് ലെൻസ്മാൻ, റെക്കോർഡിങ് സ്റ്റുഡിയോ-ഓഡിയോ ജിൻ, കൊച്ചി, പി ആർ ഒ- എ.എസ്.ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.