റിയാദ് ആസ്ഥാനമായി പ്രഫഷനൽ മ്യൂസിക് അസോസിയേഷന് അനുമതി
text_fieldsജിദ്ദ: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രഫഷനൽ മ്യൂസിക് അസോസിയേഷൻ സ്ഥാപിക്കുന്നതിന് അനുമതി. നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടർ ഡെവലപ്മെൻറ് സി.ഇ.ഒ അഹമ്മദ് അൽസുവൈലെം ആണ് റിയാദ് ആസ്ഥാനമായുള്ള ആദ്യത്തെ പ്രഫഷനൽ മ്യൂസിക് അസോസിയേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്.
സംഗീതജ്ഞൻ മംദൂഹ് സെയ്ഫിെൻറ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു. അമീർ സഉൗദ് ബിൻ അബ്ദുൽ മജീദ് ബിൻ സഉൗദ് വൈസ് ചെയർമാനും അഹമ്മദ് അബൂബക്കർ ബൽഫഖീഹ് ഫിനാൻഷ്യൽ സൂപ്പർവൈസറും സാലിഹ് അൽശാദി, ഇമാദ് സാരിഅ് എന്നിവർ അംഗങ്ങളുമാണ്.
സംഗീതമേഖലയെ സർഗാത്മകതയിലേക്കും മികവിലേക്കും സുസ്ഥിരതയിലേക്കും നയിക്കുകയാണ് പുതിയ അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സംഗീതജ്ഞൻ മംദൂഹ് സെയ്ഫ് പറഞ്ഞു. പ്രഫഷനലുകളെ ആകർഷിച്ചും പിന്തുണച്ചും ആവശ്യമായ പരിശീലന പരിപാടികളും ഉപകരണങ്ങളും വിജ്ഞാനവും നൽകി സംഗീത മേഖലയുടെ മുന്നേറ്റത്തിനും അസോസിയേഷൻ പ്രവർത്തിക്കും.
സുസ്ഥിര പിന്തുണ സേവനങ്ങൾ നൽകൽ, സാങ്കേതിക നേട്ടങ്ങൾ ആദരിക്കൽ, പ്രഫഷനലുകൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കൽ എന്നിവയും ലക്ഷ്യത്തിലുൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക മന്ത്രാലയത്തിെൻറ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലക്കായുള്ള പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ പ്രഫഷനൽ അസോസിയേഷനുകളിലൊന്നാണ് മ്യൂസിക് അസോസിയേഷൻ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 13 സാംസ്കാരിക മേഖലകളിലായി 16 പ്രഫഷനൽ അസോസിയേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ സാംസ്കാരിക മേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ വൈവിധ്യമാർന്ന സംവിധാനം കെട്ടിപ്പടുക്കുന്നതിനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.