ഇസ്‌ലാമിലേക്ക് എന്നെ ആകർഷിച്ചത് ഇതാണ്; തുറന്നുപറഞ്ഞ് എ.ആർ.റഹ്മാൻ
text_fieldsസംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ ഇസ്ലാം ആശ്ലേഷണത്തെപറ്റി നിരവധി ചർച്ചകൾ നടക്കാറുണ്ടെങ്കിലും അദ്ദേഹം ഇതേപറ്റി കാര്യമായ വെളിപ്പെടുത്തലൊന്നും നടത്തിയിരുന്നില്ല. സ്വതവേ മിതഭാഷിയായ റഹ്മാൻ ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കാറാണ് പതിവ്. റഹ്മാന്റെ ജന്മദിനംകൂടിയായ ബുധനാഴ്ച അദ്ദേഹം തന്‍റെ ഇസ്ലാം ആശ്ലേഷണത്തെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ചു. ആദ്യ സിനിമയായ റോജ പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇസ്ലാം സ്വീകരിച്ചതെന്ന് റഹ്മാൻ പറയുന്നു. ദിലീപ് കുമാറെന്ന പേര് മാറ്റി എ.ആർ.റഹ്മാൻ എന്ന പേര് സ്വീകരിച്ചതും അതേസമയമാണ്.
റോജയുടെ ടൈറ്റിലിൽ എ.ആർ.റഹ്മാൻ എന്ന പേര് ഉൾപ്പെടുത്തിയത് അവസാന നിമിഷമാണെന്നും റഹ്മാൻ ഓർമിക്കുന്നു. ഏത് മതം സ്വീകരിക്കണമെന്നത് തീർത്തും സ്വകാര്യമായ കാര്യമാണെന്നാണ് റഹ്മാൻ പറയുന്നത്. മതം ആർക്കും അടിച്ചേൽപ്പിക്കാൻ കഴിയില്ല. 'നിങ്ങൾക്ക് ആരിലും ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല. നിങ്ങളുടെ മകനോടോ മകളോടോ ചരിത്രം പഠിക്കരുതെന്ന് ആവശ്യപ്പെടാൻ നിങ്ങൾക്ക് അവകാശമുണ്ടോ. ചരിത്രത്തിന് പകരം സാമ്പത്തികശാസ്ത്രമോ ശാസ്ത്രമോ എടുക്കാനും പറയാനാകില്ല. ഇതൊരു വ്യക്തിഗത തിരഞ്ഞെടുപ്പാണ്. അതുപോലെയാണ് ഇസ്ലാമും'-റഹ്മാൻ പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ചാൽ ജീവിതത്തിൽ വിജയിക്കുമോയെന്ന് ധാരാളം ആളുകൾ തന്നോട് ചോദിക്കാറുണ്ടെന്നും അത്തരക്കാരോട് ഒന്നും പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ചല്ല എനിക്ക് പറയാനുള്ളത്. നിങ്ങൾക്ക് പറ്റിയൊരു ഇടം കണ്ടെത്തുന്നതിനെക്കുറിച്ചാണ്. നിങ്ങളിൽ ആത്മീയതയുടെ ഒരു ബട്ടനുണ്ട്. അത് അമർത്താൻ കഴിയുന്നിടത്ത് എത്തുകയാണ് പ്രധാനം. എന്‍റെ ആത്മീയ അധ്യാപകരായ സൂഫികൾ എന്നെയും എന്‍റെ അമ്മയെയും വളരെ സവിശേഷമായ കാര്യങ്ങളാണ് പഠിപ്പിച്ചത്. എല്ലാ വിശ്വാസത്തിലും ഇത്തരം സവിശേഷതകളുണ്ട്. ഞങ്ങൾ ഇതാണ് തിരഞ്ഞെടുത്തത്. ഞങ്ങൾ അതിനൊപ്പം നിൽക്കുന്നു'-അദ്ദേഹം പറഞ്ഞു.
പിതാവും സംഗീതസംവിധായകനുമായ ആർ.കെ.ശേഖറിന്‍റെ മരണശേഷം റഹ്മാന്റെ കുടുംബം ഏറെ പ്രതിസന്ധികൾ അനുഭവിച്ചിരുന്നു. ഈ സമയം മാതാവ് കസ്തൂരിയാണ് ഇസ്ലാമുമായി ബന്ധപ്പെടുന്നതും പിന്നീട് കുടുംബത്തോടൊപ്പം മതപരിവർതനം നടത്തുന്നതും. പിന്നീടവർ പേര് കരീമബീഗം എന്ന് മാറ്റി. മകന് അല്ലാരഖാ റഹ്മാൻ എന്ന പേര് തെരഞ്ഞെടുത്തതും മാതാവാണ്. റഹീമ, ഖദീജ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് റഹ്മാനുള്ളത്. അതിൽ ഒരു മകൾ കൃത്യമായി മതനിഷ്ടകൾ പുലർത്തുന്നയാളാണ്. മക്കളിൽ മതപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാറില്ലെന്നും മകൾ ഖദീജയുടേത് അവളുടെ സ്വന്തം തീരുമാനമാണെന്നുമാണ് ഇതേപറ്റി റഹ്മാൻ ഒരിക്കൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.