എ.ആർ റഹ്മാൻ ഷോ: മാപ്പ് പറഞ്ഞ് സംഘാടകർ; പണം തിരികെനൽകുമെന്ന് റഹ്മാൻ
text_fieldsചെന്നൈ: എ.ആർ റഹ്മാന്റെ സംഗീത മേളക്കിടെ ആളുകൾക്കുണ്ടായ പ്രയാസങ്ങളിൽ മാപ്പ് പറഞ്ഞ് സംഘാടകരായ എ.സി.ടി.സി ഇവന്റ് മാനേജ്മെന്റ്. ‘മറുക്കുമാ നെഞ്ചം’ എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതനിശ എന്ന പേരിലായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. 50,000 പേർ പങ്കെടുക്കുമെന്നായിരുന്നു അവകാശവാദം. ചെന്നൈ പനയൂരിലെ ആദിത്യരാം പാലസിൽ ആഗസ്റ്റ് 12ന് നിശ്ചയിച്ചിരുന്ന പരിപാടി കനത്ത മഴ കാരണം സെപ്റ്റംബർ 10ലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ, പരിപാടിക്ക് ടിക്കറ്റെടുത്ത പലർക്കും അമിത ജനക്കൂട്ടം കാരണം വേദിയിലേക്ക് കടക്കാനായില്ല. തുടർന്നുണ്ടായ സംഘർഷത്തിനിടെ നിരവധി സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടാകുകയും കുട്ടികളും മുതിർന്നവരും കൂട്ടംതെറ്റുകയും ചെയ്തു. വ്യാപക വിമർശനമാണ് സംഘാടകർക്കെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി സംഘാടകർ രംഗത്തെത്തിയത്. പരിപാടി വൻ വിജയമാക്കിയതിൽ നന്ദി അറിയിച്ച സംഘാടകർ, പ്രതീക്ഷിച്ചതിലധികം ആളുകളുടെ ഒഴുക്ക് കാരണം ഉണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നതായി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ടിക്കറ്റെടുത്തിട്ടും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്ന് എ.ആർ റഹ്മാനും അറിയിച്ചിട്ടുണ്ട്. ടിക്കറ്റുമായി തന്റെ ടീമിനെ ബന്ധപ്പെടാനാണ് റഹ്മാന്റെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.