ആർദ്ര സാജൻ, കേരളത്തിന്‍റെ ആദ്യ ലേഡി ബീറ്റ് ബോക്സർ
text_fieldsബീറ്റ് ബോക്സിങ് എന്നു കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ പുതുമ തോന്നിയേക്കാം. ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണമാണ് ബീറ്റ് ബോക്സിങ്. ശ്രോതാക്കളെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിൽ എത്തിച്ച കലയാണ് മിമിക്രി. മിമിക്രിയുടെ മറ്റൊരു രൂപമാണ് ബീറ്റ് ബോക്സിങ്.
ഡിജെക്കും ഹിപ്ഹോപ്പിനുമെല്ലാം പ്രിയം ഏറിയതോടെ ഹിപ്‌ഹോപ്പിന്‍റെ ഭാഗമായ ബീറ്റ് ബോക്സിങിലൂടെ ആരാധകരെ സൃഷ്ടിക്കുകയാണ് ആർദ്ര സാജൻ എന്ന പതിനേഴുകാരി. നിരവധി വേദികളും ചാനലുകളും കീഴടക്കി സിനിമയിലേക്കും കടക്കുകയാണ് കേരളത്തിന്‍റെ ഈ ലേഡി ബീറ്റ് ബോക്സർ.
തിരുവനതപുരം മാർ ഇവാനിയോസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ആർദ്ര കലോത്സവ വേദികളിൽ മിമിക്രി താരമായി തിളങ്ങിയ ശേഷമാണ് ബീറ്റ് ബോക്സിങിലേക്ക് ചുവടു മാറ്റിയത്. വിവിധ വേദികളിൽ പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ആർദ്രയുടെ അവതരണങ്ങൾ ടിക് ടോക്കിലൂടെ ഹിറ്റായി മാറുകയായിരുന്നു.
പ്രസീത ചാലക്കുടി എന്ന നാടൻ പാട്ടു കലാകാരിക്കൊപ്പം 'കുട്ടാ കുട്ടാ കരയല്ലേ കുട്ടാ' എന്ന നാടൻ പാട്ടിനു വേണ്ടി ബീറ്റ് ബോക്സിങ് ചെയ്തു. സ്കൂളിലെ യുവജനോത്സവ വേദിയിലാണ് ആർദ്ര ആദ്യമായി ബീറ്റ് ബോക്സിങ് ചെയ്തത്. വീട്ടുകാരും അധ്യാപകരും കൂട്ടുകാരുമെല്ലാം പരിപൂർണ പിന്തുണയുമായി ഈ കലാകാരിക്കൊപ്പമുണ്ട്.
അനുകരണത്തിൽ ഏറെ താൽപര്യമുള്ള അച്ഛനാണ് ആർദ്രയുടെ ഏറ്റവും വലിയ പിൻബലം. ടിനി ടോം, ജാസി ഗിഫ്റ്റ്, വിധു പ്രതാപ് എന്നിവരോടൊപ്പം ഇന്ത്യക്കകത്തും പുറത്തും ആർദ്ര നൂറുകണക്കിന് വേദികൾ പങ്കിട്ടു. എ.ആർ. റഹ്മാന്‍റെ പെട്ട റാപ് എന്ന ഗാനത്തിന്‍റെ കവർ സോങ് ചെയ്തപ്പോൾ അതിൽ ബീറ്റ് ബോക്സിങ് ചെയ്തത് ആർദ്രയാണ്. ആ ഗാനത്തിന്‍റെ പശ്ചാത്തലസംഗീതം മുഴുവൻ ബീറ്റ് ബോക്സിങിലൂടെയാണ് ഒരുക്കിയത്. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പരിശീലനമൊന്നും ഇല്ലാതെ സ്വന്തമായി യൂട്യൂബ് നോക്കിയാണ് ആർദ്ര ബീറ്റ് ബോക്സിങ് പരിശീലിച്ചത്.
തെലുങ്ക് ചാനലായ ETV യിലെ കോമഡി പരിപാടിയായ ശ്രീ ദേവി ഡ്രാമാ കമ്പനിയിൽ ആർദ്ര അവതരിപ്പിച്ച ബീറ്റ് ബോക്സിങ് ഇതിനോടും 40 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. മലയാളത്തിലെ ആഹാ, വെയിൽ എന്നീ രണ്ട് ചലച്ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ആർദ്ര ബീറ്റ്ബോക്സിങ്ങിലൂടെ പശ്ചാത്തല സംഗീതം നൽകി. സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ആർദ്ര ഗിന്നസ് റിക്കാർഡും കരസ്ഥമാക്കി. തുടർച്ചയായി മൂന്നുതവണ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.