ചാലക്കുടി ചന്തക്ക് പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത്...; വിടവാങ്ങിയത് ജനപ്രിയ ഗാനങ്ങളുടെ രചയിതാവ്
text_fieldsതൃശൂര്‍: കലാഭവൻ മണിയുടെ ശബ്ദമാധുര്യത്തിൽ മലയാളികൾ ഏറ്റുപാടിയ നാടന്‍പാട്ടുകളുടെ രചയിതാവിനെയാണ് അറുമുഖന്‍ വെങ്കിടങ്ങിന്റെ മരണത്തിലൂടെ നഷ്ടമായത്. കലാഭവന്‍ മണി ആലപിച്ച മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവായിരുന്ന അദ്ദേഹം 350ഓളം നാടന്‍ പാട്ടുകളാണ് കുറിച്ചിട്ടത്. അതിൽതന്നെ ഇരുനൂറോളം പാട്ടുകൾ എത്തിയത് കലാഭവന്‍ മണിയുടെ ശബ്ദത്തിലായിരുന്നു. ചാലക്കുടി ചന്തക്ക് പോകുമ്പോൾ..., പകല് മുഴുവൻ പണിയെടുത്ത്..., വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ... കിട്ടണ കാശിന് കള്ളുകുടിച്ച്..., വരിക്കച്ചക്കേടെ ചുള കണക്കിന്... തുടങ്ങി കലാഭവന്‍ മണി പാടി ഹിറ്റാക്കിയ നിരവധി പാട്ടുകൾ അറുമുഖന്റെ തൂലികയിൽ പിറന്നു.
സിനിമക്ക് വേണ്ടിയും അദ്ദേഹം പാട്ടുകളെഴുതി. 1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ഈ എലവത്തൂര്‍ കായലിന്റെ’ എന്നിവ രചിച്ചത് അറുമുഖനാണ്. ചന്ദ്രോത്സവം, ഉടയോന്‍, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയും പാട്ടുകളെഴുതി.
ഇല്ലായ്മകള്‍ നിറഞ്ഞ ബാല്യമായിരുന്നു അറുമുഖന്റേത്. കല്‍പണിക്കാരനായ അച്ഛനും കൃഷിക്കാരിയായ അമ്മക്കും മകനെ എങ്ങനെ പഠിപ്പിക്കണം എന്ന് നിശ്ചയമില്ലാത്ത കാലത്ത് അറുമുഖൻ സംഗീതവുമായി കൂട്ടുകൂടി. പാട്ടുപാടിയും കവിത രചിച്ചും അറുമുഖന്‍ സ്വന്തം ഇടമുണ്ടാക്കി. ദലിത് മുന്നേറ്റം ശ്രദ്ധയിലെത്തിക്കുക ലക്ഷ്യമിട്ട് പഠനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞെങ്കിലും ഫലം കാണാതായതോടെ അത് ഉപേക്ഷിച്ചു. പിന്നെ ജീവിക്കാന്‍ പിതാവിന്റെ പാത പിന്തുടർന്ന് അറുമുഖനും കല്‍പണിക്കാരനായി. എന്നാൽ, ഇതിനിടയിലും എഴുത്ത് ഉപേക്ഷിച്ചില്ല. കണ്ടു വളര്‍ന്ന കാര്‍ഷിക സമൃദ്ധിയും സാമൂഹിക വ്യവസ്ഥിതിയോടുള്ള പ്രതിഷേധവുമെല്ലാം അറുമുഖൻ കുറിച്ചിട്ടു.
സൗഹൃദ സദസ്സില്‍നിന്ന് അറുമുഖന്റെ പാട്ടുകള്‍ ആദ്യമായി കാസറ്റിലെത്തിച്ചത് പ്രശസ്ത മാപ്പിള പാട്ടുകാരൻ കെ.ജി. സത്താറിന്റെ മകന്‍ സലീം സത്താറായിരുന്നു. മനോജ് കൃഷ്ണ, അറുമുഖന്റെ മകളായ ഷൈനി എന്നിവര്‍ ചേര്‍ന്നാണ് 'കല്ലേം മാലേം പിന്നെ ലോലാക്കും' എന്ന് പേരിട്ട ആ കാസറ്റിലെ ഗാനങ്ങള്‍ ആലപിച്ചത്. "താടീം നരച്ചു തലയും നരച്ചു, ആശ നശിച്ചിലെന്റെ അയ്യപ്പന്‍ മാമോ..." എന്നിങ്ങനെയുള്ള പാട്ടുകള്‍ ഏറെ ശ്രദ്ധ നേടി. ഈ പാട്ടുകള്‍ കലാഭവന്‍ മണിയുടെ ചെവിയിലുമെത്തി. ഉടൻ മണി അറുമുഖന്റെ അരികിലേക്ക് സുഹൃത്തുക്കളെ വിട്ടു. ഇനി മുതല്‍ അറുമുഖന്‍ എഴുതുന്ന ഗാനങ്ങള്‍ മണിക്കു നല്‍കണമെന്ന് അവർ അഭ്യർഥിച്ചപ്പോൾ അറുമുഖന് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അങ്ങനെ ആ കൂട്ടുകെട്ടിൽ പിറന്നത് എണ്ണമില്ലാത്ത ഹിറ്റ് ഗാനങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.