'ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു നിന്നെ' -മലയാളത്തിലൂടെ ആര്യനന്ദ ബാബു പിന്നണി ഗായികയാകുന്നു
text_fieldsകോഴിക്കോട്: ലോകത്താകമാനമുള്ള സംഗീതാസ്വാദകരുടെ മനം കവര്‍ന്ന കുഞ്ഞുഗായിക കോഴിക്കോട് സ്വദേശിനി ആര്യനന്ദ ബാബു മലയാളത്തിലൂടെ പിന്നണി ഗായികയാകുന്നു. നവാഗതനായ പി.സി. സുധീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദക്കല്ല്യാണ'ത്തിലെ 'ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു നിന്നെ കണ്ണാളേ' എന്ന പാട്ട് പാടിയാണ് ആര്യനന്ദ ചലച്ചിത്ര പിന്നണി ഗായികയാകുന്നത്.
സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ. ശൂരനാട് സംഗീതം നല്‍കിയ ഗാനം കെ.കെ. സുബ്രഹ്മണ്യൻ ആണ് എഴുതിയത്. ഖവാലി ശൈലിയിലുള്ള ഗാനത്തിൽ ആര്യനന്ദക്കൊപ്പം ഗായകരായ പി.കെ. സുനില്‍കുമാറും അന്‍വര്‍ സാദത്തും അണിനിരക്കുന്നു. ചെറിയ പ്രായത്തിലേ സംഗീത രംഗത്തെ മികവിന് നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ആര്യനന്ദ രണ്ടര വയസ്സില്‍ ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തില്‍ ആദ്യമായി പാടിക്കൊണ്ടാണ് സംഗീതപ്രേമികളുടെ മനം കവര്‍ന്നത്. 450 ഓളം ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. രാജ്യത്തെ പ്രശസ്തരായ ഗായകര്‍ക്കൊപ്പം ഒട്ടേറെ വേദികളിലും പാടി. സിടിവിയിലെ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ സംഗീത പരിപാടിയില്‍ വിജയകിരീടം നേടി. ഹിന്ദി ഭാഷയില്‍ പ്രാവീണ്യമില്ലാത്ത ആര്യനന്ദ ഭാഷാശുദ്ധിയോടെ ഹിന്ദിഗാനങ്ങള്‍ ആലപിച്ചത് ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ 'സനേഹപൂര്‍വ്വം ആര്യനന്ദ' എന്ന സംഗീതാര്‍ച്ചനയിലൂടെ ഈ കൊച്ചുഗായിക ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടംപിടിച്ചു. മൂന്ന് മണിക്കൂറുകൊണ്ട് 25 പാട്ടുകള്‍ തുടര്‍ച്ചയായി പാടിയായിരുന്നു ആര്യനന്ദയുടെ പ്രകടനം. സംഗീത അധ്യാപകരായ രാജേഷ് ബാബുവിന്‍റെയും ഇന്ദുവിന്‍റെയും ഏകമകളാണ് ആര്യനന്ദ. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാനാണ് ആനന്ദക്കല്ല്യാണം നിർമിക്കുന്നത്. അഷ്കര്‍ സൗദാനും അര്‍ച്ചനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.