ബീയാർ പ്രസാദ് സ്മൃതി; കുട്ടനാടിൻ ചേറിന്റെ മണമുള്ള സംഗീതം
text_fieldsആലപ്പുഴ: ഗൃഹാതുരത്വം തുളുമ്പുന്ന പാട്ടുകളിലൂടെ ശ്രദ്ധേയനായ ബീയാർ പ്രസാദ് കുട്ടനാടൻ ചേറിനോടിഴുകിച്ചേർന്ന കലാകാരനാണ്. ‘കേരനിരകളാടും ഒരു ഹരിതചാരുതീരം...’’ ‘‘ഒന്നാംകിളി രണ്ടാംകിളി പൊന്നാം കിളി...’’ അടക്കം പച്ചയായ ജീവിതവും കുട്ടനാടിന്റെ തനിമയും വരച്ചിടുന്നതായിരുന്നു രചനകൾ. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ പ്രസാദിന് ചലച്ചിത്ര ലോകത്തെ വലിയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഉയർന്ന നിലയിൽ ജീവിക്കാമായിരുന്നിട്ടും കുട്ടനാട് വിട്ടുപോയില്ല. 2018ലെ പ്രളയകാലത്തും കോവിഡ് മൂർധന്യത്തിലും നാട്ടുകാർക്കൊപ്പം മലവെള്ളത്തിൽ ഇറങ്ങിനടന്നും രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്നും അദ്ദേഹം കുട്ടനാടിനൊപ്പമായിരുന്നു. മങ്കൊമ്പ് പാലത്തിന് താഴെ ഡി.ടി.പി സെന്ററിലാണ് കവിതകളുടെ പകർപ്പെടുക്കാൻ എത്താറ്. കൈലിയിലല്ലാതെ ഇദ്ദേഹത്തെ കണ്ടിട്ടുള്ള മങ്കൊമ്പുകാർ ചുരുക്കം.
ചെറുപ്പത്തിലേ നാടകരംഗത്തും കവിതയിലും തിളങ്ങി. ഗാനരചയിതാവ്, നാടകരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ അറിയപ്പെട്ടത്. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലാണ് ഗാനരചനയിലെ അരങ്ങേറ്റം. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ‘‘ഒന്നാം കിളി പൊന്നാം കിളി...’’ ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ് സംഗീതം പകർന്ന ‘‘കേരനിരകളാടും...’’ എന്ന ഗാനരചനയിലൂടെ മലയാളികളുടെ മനം കവർന്ന ഗാനരചയിതാവായി അദ്ദേഹം. ‘‘കണ്ടോ കണ്ടോ കടലുകണ്ടോ...കടലുകണ്ടിട്ടെത്തിര നാളായി...’’ എന്ന ഗാനവും ഹൃദയം കവർന്നു.
ആട്ടക്കഥ രചയിതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. സ്വാതി തിരുനാൾ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മത്സരത്തിൽ മങ്കൊമ്പ് വൈ.എം.പി.എ.സി അവതരിപ്പിച്ച ‘ഷഡ്കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിലൂടെ ഏറ്റവും നല്ല രചയിതാവിനും സംവിധായകനുമുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ക്ഷേത്രകലകളെയും ആചാരങ്ങളെയും സംബന്ധിച്ച് ആഴത്തിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തിന് അഷ്ടപദിയിലും പ്രാവീണ്യമുണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് വൃക്ക മാറ്റിവെക്കേണ്ടി വന്ന അദ്ദേഹം പിന്നീട് പലപ്പോഴായി ചികിത്സയിലായിരുന്നു.
എല്ലാവരുമായി സൗഹൃദം....മോഹൻലാൽ, പ്രിയദർശൻ ഉൾപ്പെടെയുള്ളവരുമായി അടുപ്പം. സെലിബ്രിറ്റിയായിട്ടും പ്രസാദ് കുട്ടനാടിന്റെ ചേറിൽ എന്നും നടക്കാൻ ആഗ്രഹിച്ചു... നാട്ടുകാരനും തൃക്കാക്കര ഭാരതമാതാ കോളജിലെ ഡീൻ ഓഫ് ആർട്സ് മേധാവിയുമായ ഡോ. തോമസ് പനക്കളം ഓർത്തെടുത്തു. ഡോ.തോമസിന്റെ നാടകരംഗത്തെ ഗുരുവാണ് പ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.