ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു
text_fieldsചെന്നൈ: സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. അസുഖബാധിതയായിരുന്ന ഭവതാരിണി ശ്രീലങ്കയിൽ ചികിത്സക്കിടെയാണ് മരിച്ചത്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും.
1976ലാണ് ജനനം.1995ൽ പുറത്തിറങ്ങിയ രാസയ്യ എന്ന ചിത്രത്തിന് വേണ്ടിയാണ് ഭവതാരിണി സിനിമയിൽ ആദ്യമായി പാടിയത്. 2000ൽ ഭാരതി എന്ന തമിഴ് സിനിമയിലെ മയിൽ പോല പൊണ്ണ് ഒണ്ണ് എന്ന തമിഴ് ഗാനത്തിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. പിതാവ് ഇളയരാജയാണ് ഈ ഗാനത്തിന്‍റെ സംഗീതസംവിധാനം. 2002ൽ രേവതി സംവിധാനം ചെയ്ത 'മിത്ര്' എന്ന ചിത്രത്തിലെ പാട്ടുകൾക്കാണ് ആദ്യമായി സംഗീതം നൽകിയത്. തുടർന്ന് നിരവധി സിനിമകളിൽ ഈണം പകരുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. സഹോദരങ്ങളായ കാർത്തിക് രാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജാണ് ഭർത്താവ്.
മലയാളത്തിലും പാട്ടുകൾ പാടിയിട്ടുണ്ട്. 'കളിയൂഞ്ഞാൽ' എന്ന ചിത്രത്തിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന ഗാനം ഭവതാരിണി പാടിയതാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി പാടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.