കമ്രനക്ഷത്ര കന്യകൾ; ബോംബെ രവിയുടെ ഗാനലോകം
text_fieldsമലയാള ചലച്ചിത സംഗീതത്തിൽ മെഡലിയുടെ വസന്തകാലം തീർത്ത സംഗീത സംവിധായകനായിരുന്നു ബോംബെ രവി. ബോംബെ രവിയുടെ ഈണങ്ങൾക്കെന്നും മോഹിപ്പിക്കുന്ന തിളക്കമുണ്ടായിരുന്നു. അത് സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതം പോലെ നമ്മുടെ കൂടെപ്പോരുന്നു. അത്രയധികം മധുരിക്കുന്ന ഒന്നാണ് പ്രേമമെന്ന് തോന്നും രവിയുടെ പാട്ടുകേട്ടാൽ. ആരെയും ഭാവ ഗായകനാക്കുന്ന ഒരാത്മസൗന്ദര്യം ആ ഗാനങ്ങൾക്കുണ്ടായിരുന്നു. രവിയുടെ ഈണം മലയാളഭാഷയുടെ ചേലയണിഞ്ഞു വരുമ്പോൾ അതിന് എന്തെന്നില്ലാത്ത ചേലുണ്ടായിരുന്നു. ബോംബെ രവി സംഗീതം ചെയ്ത ഗാനങ്ങൾ കേൾക്കുമ്പോൾ അന്തരംഗത്തിന്റെ സുഗന്ധത്തിനാൽ നമ്മൾ തിരിച്ചറിയുന്നു; ഇതുവരെ കേൾക്കാത്ത സംഗീതത്തിന്റെ മാസ്മരിക ലോകത്തെത്തുന്നു. അത് കരളിൽ സ്വപ്നാരാമം തീർക്കുന്നു. രവിയുടെ ഗാനങ്ങളിൽ ജന്മാന്തര സ്നേഹബന്ധങ്ങളുടെ ആഴമുണ്ടായിരുന്നു. പൊന്നോണപ്പൂവിന്റെ നിഷ്കളങ്കതയും ശാലീന മൗനത്തിന്റെ ഭംഗിയുമുണ്ടായിരുന്നു. ഈറനായ വെൺനിലാവിന്റെ കാന്തിയും ഒരു നിശാഗന്ധി പൊഴിയുന്ന യാമസൗന്ദര്യവുമുണ്ടായിരുന്നു. ലോലമായ ഏകതാരയിൽ ഇളവേൽക്കാൻ സ്വരങ്ങളുണ്ടായിരുന്നു. പാടാൻ മറന്നുപോയ പാട്ടുകൾ മധുരമായി പാടുന്ന മാടത്തത്തയും പ്രണയത്തിന്റെ മായികമായ മഴവില്ലുമുണ്ടായിരുന്നു. മൃദുവും സൂക്ഷ്മവുമായ ആന്ദോളനങ്ങൾ ഉണ്ടായിരുന്നു. എത്ര കേട്ടാലും മതിവരാത്ത മോഹനതരംഗങ്ങളുണ്ടായിരുന്നു.
1986ൽ ബോംബെ രവി മലയാളത്തിൽ വന്നതോടുകൂടി പാട്ടുകളോടുള്ള നമ്മുടെ സൗന്ദര്യാഭിരുചികൾ ഒന്നാകെ മാറുകയായിരുന്നു. അതുവരെയുള്ള മെലഡിയുടെ ഭാവങ്ങൾക്ക് മാറ്റം വന്നു. ഒ.എൻ.വി, യൂസഫലി കേച്ചേരി, കൈതപ്രം, കെ. ജയകുമാർ എന്നിവരുടെയെല്ലാം വരികളിൽ രവി നെയ്തെടുത്ത മോഹന സംഗീതത്തിന്റെ അലകൾ ഇവിടെനിന്നും മാഞ്ഞിട്ടില്ല. ജീവിത വികാരങ്ങൾക്ക് രവി തന്റെ പാട്ടുകളിൽ നൽകിയ ഭാവവിടർച്ചകൾ അനന്യമായിരുന്നു. ഹിന്ദുസ്ഥാനി സംഗീത ചാരുതകൾ മുഴുവൻ പെയ്തിറങ്ങുന്ന ഗാനമഴയായിരുന്നു അത്. രാഗവസന്തത്തിന്റെ രമണീയകാലം. ഇന്റർല്യൂഡുകളിൽ സന്നിവേശിപ്പിക്കപ്പെടുന്ന ഹമ്മിങ്ങുകളും കോറൽ ഹാർമണിയുമൊക്കെയാണ് രവിയുടെ ഗാനങ്ങളെ അത്രക്കും ലളിതവും ചേതോഹരവുമാക്കുന്നത്. നിളയിൽ വിടർന്നുനിൽക്കുന്ന രാത്രികൾക്കെന്ത് ഭംഗിയാണ് രവി ദായുടെ പാട്ടുകളിൽ. രാത്രി നിലാവിന്റെ രാഗസൗന്ദര്യം മുഴുവനുമുണ്ടവയിൽ. ബോംബെ രവിയുടെ എത്രയെത്ര ഗാനങ്ങളിലാണ് ഇങ്ങനെ ‘അണിഞ്ഞൊരുങ്ങുന്ന ആതിരരജനികളെ’ നാം വരവേറ്റത്. ‘നീരാടുവാൻ’ ‘ഇന്ദുലേഖ കൺതുറന്നു’, ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’, ‘രാസനിലാവിന് താരുണ്യം’, ‘വൈശാഖ പൗർണമിയോ’, ‘തേടുവതേതൊരു ദേവപദം’ ‘മറന്നോ നീ നിലാവിൽ’, ‘പൂവരമ്പിൻ താഴേ’, ‘സാഗരങ്ങളെ’ (പിൻനിലവാവിന്റെ പിലാകപ്പൂക്കൾ, കാതരയാം ചന്ദ്രലേഖ), ‘മഞ്ഞൾപ്രസാദം’ (അവസാനിക്കുന്നത് ഒരു അന്തിനേരത്ത്)... ഇങ്ങനെ സാന്ദ്രമായ രാവുകൾ തിരശ്ശീലയിൽ തെളിഞ്ഞുനിന്നു. ഈ പാട്ടുകളിലൊക്കെ നിലാവിന്റെ ഈണമുണ്ടായിരുന്നു. ഇതൊന്നും കൂടാതെ കിന്നരമണിത്തംബുരുമീട്ടുന്ന വാനവും കിളിപ്പൈതലും ആലിന്റെ കൊമ്പത്തെ ഗന്ധർവനും... അങ്ങനെ ഭാവഗീതാത്വകതയുടെ ഭംഗികൾ.
രാഗഭാവമുള്ള മെലഡികൾക്കാണ് ബോംബെ രവി കൂടുതൽ പ്രാധാന്യം നൽകിയത്. അദ്ദേഹത്തിന്റെ പാട്ടുകളിലെ മോഹനരാഗ സൗഭഗങ്ങൾ എടുത്തുപറയേണ്ടതാണ്. മഞ്ഞൾപ്രസാദം, ‘ആരെയും ഭാവഗായകനാക്കും’, ‘ചന്ദനലേപസുഗന്ധം’, ‘വാതിൽതുറക്കുനീ കാലമേ’, ‘പാർവണേന്ദു’, ‘ഭഗവതിക്കാവിൽ’, ‘ചുവരില്ലാതെ’, ‘ഉത്രാളിക്കാവിലെ’, ‘കാറ്റിന് സുഗന്ധമാണിഷ്ടം’, ‘പ്രണയിക്കുകയായിരുന്നു നാം’... അങ്ങനെ എത്രയെത്ര ഗാനങ്ങൾ.
പ്രധാന മെലഡിയിൽ ഉത്തരേന്ത്യൻ സംഗീതത്തിന്റെ മൃദുവായ തലോടലാണ് ബോംബെ രവിയുടെ ഗാനങ്ങൾ. അതേസമയം, ദക്ഷിണേന്ത്യൻ ക്ലാസിസത്തിന്റെ സ്പന്ദനങ്ങൾ ‘സർഗ’ത്തിലെ ഗാനങ്ങളിൽ കാണാം. തബല ബീറ്റുകൾ അദ്ദേഹത്തിന്റെ ഗാനങ്ങളിലെ പ്രധാന മുദ്രകൾ ആയിരുന്നു. ഫ്ലൂട്ടും സന്തൂറും ചേർന്ന കോമ്പിനേഷനുകൾ, ആ പാട്ടുകൾ. ‘‘ഞാൻ മൂന്ന് ട്യൂണുകൾ ഉണ്ടാക്കിയിരുന്നു ഒ.എൻ.വിയുടെ വരികൾക്ക്. ട്യൂൺ ഇഷ്ടമാകുന്നില്ലെങ്കിൽ ഞാൻ ബോംബെയിലേക്ക് തിരിച്ചുപോകാമെന്ന് കരുതിയിരുന്നു. മലയാളം എനിക്ക് അന്യമായിരുന്നു. എന്തുകൊണ്ടാണ് ഹരിഹരൻ എന്നെ സമീപിച്ചത് എന്നറിയില്ല. ആകെയുണ്ടായിരുന്ന ധൈര്യം ഗുജറാത്തി സിനിമയിൽ ഞാൻ നൽകിയ ഈണത്തിന് സംസ്ഥാന അവാർഡ് ലഭിച്ചതാണ്. അങ്ങനെയാണ് ‘പഞ്ചാഗ്നി’യിലേക്ക് വരുന്നത്’’ -രവിയുടെ വാക്കുകൾ. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് ഒ.എൻ.വിയുടെ ഓർമകൾ ഇങ്ങനെയാണ്. ‘ആരെയും ഭാവഗായകനാക്കും’ എന്ന പാട്ടാണ് ഞാനാദ്യം പറഞ്ഞുകൊടുക്കുന്നത്. രവി ദാ ദേവനാഗരിലിപിയിൽ അതെഴുതിയെടുത്തു. അതിന്റെ ജന്മതാളത്തിൽ ഞാൻ അത് ചൊല്ലി. വാക്കിന് വാക്ക്, വരിക്ക് വരി, അർഥം എന്നിവ ചോദിച്ച് മനസ്സിലാക്കിയിട്ട് ആദ്യമത് സ്വരപ്പെടുത്തി കേൾപ്പിച്ചു. ‘ആരെയും’ എന്ന് കഴിഞ്ഞുള്ള ആ നിശ്ശബ്ദതയെ ഞാൻ ‘സുവർണ നിശ്ശബ്ദത’ എന്ന് പൊടുന്നനെ പറഞ്ഞുപോയി. ‘നമ്രശീർഷരായ്’, ‘കമ്രനക്ഷത്ര കന്യകൾ’ എന്നിവയൊക്കെ അദ്ദേഹം കണ്ണച്ചടച്ചിരുന്നാസ്വദിച്ചു പാടി. ‘മഞ്ഞൾപ്രസാദവും’ എന്ന പാട്ടിൽ അദ്ദേഹം ഗുരുവായൂരമ്പലത്തിന്റെ അന്തരീക്ഷ സൃഷ്ടിക്കായി നാടൻ വാദ്യോപകരണങ്ങൾ ഉചിതമായി ഉപയോഗിച്ചത് കൗതുകമുണ്ടാക്കി. വൈശാലിയിൽ ‘ധുംധുംധും ദുന്ദുഭിനാദം’ എന്ന് ഞാൻ പറഞ്ഞപ്പോഴേക്ക് ‘നാദം നാദം’ എന്ന് രവി ദാ അനുപൂരകമായി ഉറക്കെച്ചൊല്ലി. ആ വരികൾ ഹാർമോണിയത്തിൽ ദ്രുതഗതിയിൽ വായിച്ചു’ -ഒ.എൻ.വിയുടെ വാക്കുകൾ.
ബോംബെ രവിയുടെ പാട്ടുകളിലെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിലെ ഹമ്മിങ്ങുകളുടെയും കോറൽ ഹാർമണികളുടെയും അടുക്കുകളാണ്. എത്രയോ ഗാനങ്ങൾ അവയുടെ സംവിധാന ഭംഗിയാൽ ആകർഷണീയമാണ്. ‘ആ രാത്രി മാഞ്ഞുപോയി’ ‘മഞ്ഞൾപ്രസാദവും’, ‘ഇന്ദ്രനീലിമയോലും’ (ഒ.എൻ.വി), ‘ആരുനീ ജിൻമകളേ’, ‘മറന്നോ നീ’ ‘കണ്ണാടി ആദ്യമായി’, ‘ആന്ദോളനം’, ‘ഇത്ര മധുരിക്കുമോ പ്രേമം’, ‘കൃഷ്ണ കൃപാസാഗരം’ (യൂസഫലി കേച്ചേരി), ‘ഉത്രാളിക്കാവിലെ’, ‘പൂവരമ്പിൻ താഴെ’, (കൈതപ്രം), ‘ചന്ദലേപ സുഗന്ദം, ‘ഗഗനനീലിമ’ കെ. ജയകുമാർ), ‘ഒരു നൂറു ജന്മം പിറവിയെടുത്താലും’, ‘പ്രണയിക്കുകയായിരുന്നു നാം’ (സുരേഷ് രാമന്തളി), ‘മായാനയനങ്ങളിൽ’ (എം.ഡി. രാജേന്ദ്രൻ) എന്നീ ഗാനങ്ങളിലെ ഹമ്മിങ്ങുകൾ അവക്ക് നൽകുന്ന കലാവിഷ്കാരമുദ്രകൾ ശ്രദ്ധേയമാണ്. രവിയുടെ പാട്ടുകളിലെ കോറൽ ഹമ്മിങ്ങുകൾക്ക് അധികശോഭയുണ്ടായിരുന്നു. ‘ഇന്ദ്രനീലിമയോലും’, ‘പ്രവാഹമേ, ഗംഗാപ്രവാഹമേ’, ‘ഇനിയുമുണ്ടൊരു ജന്മമെങ്കിൽ’, ‘ഈ പുഴയും കുളിർകാറ്റും’, ‘ഇന്ദുലേഖ കൺതുറന്നു’, ‘വാതിൽ തുറക്കു നീ കാലമേ’... ഇങ്ങനെ എത്രയോ ഗാനങ്ങൾ. ചില ഗാനങ്ങളിൽ സ്വരങ്ങൾ കൊണ്ടും കോറൽ ഹാർമണിയുടെ ഇഫക്ടുണ്ടാക്കി.
‘ന്യൂസ്പേപ്പർ, സന്തൂർ, ഫ്ലൂട്ട്, തബല എന്നിവ തന്നാൽ ഏറ്റവും ലളിതമായ എത്ര ഈണം വേണമെങ്കിലും ഞാനുണ്ടാക്കിത്തരാം’ എന്ന് ബോംബെ രവി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. വരികളിലെ ആശയവും അതിലെ വികാരവുമായിരുന്നു കവി കൂടിയായിരുന്ന അദ്ദേഹത്തെ സ്വാധീനിച്ചത്. പാട്ടിന് സമ്പൂർണമായ ആത്മാവുണ്ടായിരിക്കണമെന്ന് (Soulful melodies) അദ്ദേഹം വിശ്വസിച്ചു. വരികൾ വായിച്ച് ഈണമിടാനായിരുന്നു അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്. ഓർക്കസ്ട്രേഷനിൽ ദീക്ഷിക്കുന്ന മികവും വൈദഗ്ധ്യവുമാണ് രവിയുടെ ഗാനങ്ങളിലെ മറ്റൊരാകർഷണം. മലയാളത്തിൽ രവി ചെയ്ത ഗാനങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പാട്ട് തുടങ്ങുന്നതിലും ഇന്റർല്യൂഡ് തയാറാക്കുന്നതിലുമൊക്കെ രവിക്ക് സ്വകീയമായ ശൈലികൾ ഉണ്ടായിരുന്നു. ‘കേവല മർത്യഭാഷ’ എന്ന പാട്ടിൽ ചരണത്തിന് മുമ്പുള്ള നൃത്തജതികൾ, ‘ഇന്ദ്രനീലിമയോലും’ എന്ന പാട്ടിന്നിടയിലെ സ്വരസന്നിവേശങ്ങൾ, ‘ഗസൽ’ എന്ന സിനിമയിലെ ഗസൽ ഈണങ്ങൾ, ‘ഇന്നെന്റെ ഖൽബിൽ’ എന്ന ഗാനത്തിനിടക്ക് ദ്രുതഗതിയിൽ ചേർത്തുവെച്ച ‘തന്നിന്നാരോ, തന്നിന്നാരോ’, ‘രാസനിലാവിന് താരുണ്യം’ എന്ന പല്ലവിക്ക് മുമ്പുള്ള ‘ബന്ധുരേ’ എന്ന ഉത്സവഘോഷങ്ങൾ, ‘പാർവണേന്ദുമുഖി’, ‘ധനുമാസപ്പുലരിയിൽ’ എന്നീ ഗാനങ്ങളിലെ തിരുവാതിരപ്പാട്ടിന്റെ വ്യത്യസ്ത ശൈലികൾ, ‘വാതിൽ’ തുറക്കു നീ കാലമേ’ എന്ന പാട്ടിൽ നിറയെ ലയിച്ചുകിടക്കുന്ന വയലിൻ വൃന്ദം, ‘നീരാടുവാൻ’ എന്ന പാട്ടിലെ പ്രണയം നിറയുന്ന കോറൽ ഹമ്മിങ്ങുകൾ’ ‘ചൗദ്‍വി കാ ചാന്ദി’ന്റെ പ്രേരണയിൽ സൃഷ്ടിച്ച ‘നീരാടുവാൻ’ എന്ന ഗാനത്തിലെ പ്രണയ നിർവൃതികൾ, ‘തേടുവതോതൊരു ദേവപദം’ എന്ന പല്ലവി തുടങ്ങുന്ന വിരുത്തവും പാട്ടവസാനിക്കുന്ന നേരത്തെ താണ്ഡവവും, ‘വ്രീളാഭരിതയായ്’ എന്ന പാട്ടിലെ കാവ്യാത്മകതകളെ തുയിലുണർത്തൽ, ‘ചന്ദനലേപ സുഗന്ധം’ എന്ന പാട്ടിൽ ചരണത്തിന് മുമ്പുള്ള ചെണ്ടവാദനം, ‘ഇശൽ തേൻകണ’ത്തിലെ ഹാർമോണിയത്തിന്റെയും തബലയുടെയും സംഗമസൗന്ദര്യങ്ങൾ, ‘സംഗീതമേ നിൻ ദിവ്യ സൗഭാഗ്യത്തിൻ’ എന്ന പാട്ടിലെ സിത്താർ തന്ത്രീലയങ്ങൾ, പുരാണം, വടക്കൻപാട്ട് (വൈശാലി, വടക്കൻ വീരഗാഥ) എന്നിവയിലെ ഗാനൗചിത്യങ്ങൾ, ഗസൽ എന്ന ചിത്രത്തിലെ വടക്കൻ മലബാറിന്റെ മണമുള്ള ഗാനങ്ങൾ, ‘ചന്ദ്രകാന്തം കൊണ്ട്’ എന്ന പാട്ടിന്റെ വയലിൻ വാദനങ്ങൾ, ‘എ ന്നോടൊത്തുണരുന്ന പുലരികളെ’ എന്ന പാട്ടിലെ ‘പോരൂ’ എന്ന വാക്കിന്റെ വ്യത്യസ്ത സ്ഥായികൾ, പാട്ടിൽ നിറഞ്ഞുപെയ്യുന്ന വയലിൻ മഴകൾ... അങ്ങനെ പോകുന്നു ബോംബെ രവി മലയാളത്തിൽ സൃഷ്ടിച്ച പാട്ടുകളുടെ സമ്മോഹനതകൾ.
പിതാവിന്റെ ഭജൻഗീതികൾ കേട്ടുപഠിച്ചതല്ലാതെ ബോംബെ രവി എന്ന രവിശർമക്ക് സംഗീതത്തിൽ ഔപചാരിക പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. ഹാർമോണിയവും ക്ലാരിനറ്റും തനിയെ വായിക്കാൻ പഠിച്ചതാണ്. ജന്മദേശമായ ഡൽഹി വിട്ട് ബോംബെയിൽ എത്തുന്നതോടെയാണ് അദ്ദേഹത്തിന് അവസരങ്ങൾ കൈവരുന്നത്. ‘രാത്രിയായാൽ മലാട് റെയിൽവേ സ്റ്റേഷനിൽ ചേക്കേറിയ കാലമുണ്ടായിരുന്നു. അത്രക്ക് കഷ്ടപ്പാടായിരുന്നു’ -രവി ഒരഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. ഹേമന്ത് കുമാറിന്റെ കോറസ് പാടാനവസരം ലഭിച്ചതോടെയാണ് സിനിമയിൽ വരുന്നത്. പിന്നീട് ‘വചൻ’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ രവിയുടെ പാട്ടുകളിലൂടെ റഫിയും ആശാ ബോസ്ലെയും ഹേമന്ത് കുമാറുമൊക്കെ ഹിറ്റുകൾ സൃഷ്ടിച്ചു എന്നത് ചരിത്രമാണ്.
പാട്ടിൽ ബോംബെ രവി വിന്യസിക്കുന്ന രാഗബന്ധുരതകൾ മെലഡിയുടെ രൂപം പ്രാപിക്കുന്നത് ഉചിതമായ ഓർക്കസ്ട്രേഷന്റെ സജീവതയിലാണ്. ‘തേടുവതേതൊരു ദേവപദം’, ‘രാസനിലാവിന് താരുണ്യം’, ‘ഇന്ദ്രനീലിമയോലും’ എന്നീ പാട്ടുകളിലെ ഹിന്ദോള ഭംഗികൾക്ക് തന്നെ എന്തൊരു വ്യത്യസ്തതയാണ്?
ഇന്ദുപുഷ്പം ചൂടി നിൽക്കും എന്നപാട്ടിലെ മിയാൻകി മൽഹാർ മൃദുലതകൾ, കൃഷ്ണ കൃപാ സാഗരമെന്ന പാട്ടിലെ ചാരുകേശി ചാരുതകളെല്ലാം തന്നെ രവി എന്ന സംഗീതസംവിധായകന്റെ സവിശേഷ സംഗീതമുദ്രകൾക്ക് സാക്ഷ്യം വഹിച്ചു. സഹസ്രദള സംശോഭിതനളിനം പോലെയാണ് രവിയുടെ പാട്ട്. അതിൽ ഒരു ഗന്ധർവ സാമീപ്യം നാമനുഭവിക്കുന്നു. ‘അനന്തമജ്ഞാത കാന്തരംഗങ്ങൾപോലെ’ (ഒ.എൻ.വി- രവിഗാനം) കാലമെത്ര കഴിഞ്ഞാലും ബോംബെ രവിയുടെ ഗാനങ്ങൾ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.