12 കോടിയിലേറെ മനസ്സുകളിലലിഞ്ഞ് 'ബട്ടർ'; യൂട്യൂബിൽ തരംഗമായി മ്യൂസിക് വിഡിയോ
text_fieldsലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സ് അതിവേഗം കീഴടക്കി കുതിക്കുകയാണ് ദക്ഷിണ കൊറിയൻ സൂപ്പർ പോപ് ബാൻഡ് ബിടിഎസിന്‍റെ പുതിയ മ്യൂസിക് വിഡിയോ 'ബട്ടർ'. സകല റെക്കോർഡുകളും തകർത്താണ് യുട്യൂബിൽ 'ബട്ടർ' തരംഗമാകുന്നത്. 24 മണിക്കൂറിനുള്ളിൽ തന്നെ 12 കോടിയിലേറെ ആളുകൾ കണ്ട ഈ മ്യൂസിക് വിഡിയോ കുതിപ്പ് തുടരുകയാണ്.
ആദ്യ 12 മിനിറ്റിൽ തന്നെ ഒരു കോടി ആളുകൾ കണ്ടെന്ന റെക്കോർഡുമായാണ് 'ബട്ടർ' ജൈത്രയാത്ര തുടങ്ങിയത്. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ ആണിത്. വിഡിയോ പ്രീമിയറിനായി കാത്തിരുന്നത് തന്നെ 38 ലക്ഷത്തിലേറെ ആരാധകരാണ്. കുറഞ്ഞ സമയത്തിൽ രണ്ടു കോടി വ്യൂ നേടുന്ന മ്യൂസിക് വിഡിയോ എന്ന റെക്കോർഡും 'ബട്ടർ' സ്വന്തമാക്കി. 54 മിനിറ്റ് കൊണ്ടാണ് രണ്ടുകോടി കടന്നത്. ബിടിഎസിന്‍റെ പോയ വർഷത്തെ ഹിറ്റ് വിഡിയോ 'ഡൈനമൈറ്റ്' ഈ നേട്ടം കൈവരിച്ചത് ഒരു മണിക്കൂർ 14 മിനിറ്റിലാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറക്കിയ 'ഡൈനമൈറ്റ്' ഇതുവരെ കണ്ടിരിക്കുന്നത് 108 കോടിയിലേറെ പേരാണ്.
നായകനായ ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജം ഗൂക്ക് എന്നിവരാണു ഏഴംഗ ബാന്‍ഡായ ബിടിഎസിലുള്ളത്. അവരുടെ രണ്ടാമത്തെ ഇംഗ്ലീഷ് ഗാനമാണ് 'ബട്ടർ'. ആദ്യത്തെ ഇംഗ്ലീഷ് ഗാനം 'ഡൈനമൈറ്റ്' 2020 സെപ്റ്റംബറിൽ ബിൽബോർഡ് ഹോട് പട്ടികയിൽ ഒന്നാമതെത്തുകയും ഗ്രാമി നിർദേശങ്ങൾ നേടുകയും ചെയ്തെങ്കിലും പുരസ്കാരം കിട്ടിയില്ല. തിങ്കളാഴ്ച നടക്കുന്ന ബിൽബോര്‍ഡ് മ്യൂസിക് അവാർഡ്സിൽ 'ഡൈനമൈറ്റി'നു 4 നാമനിർദേശങ്ങളുണ്ട്. ഈ വേദിയിൽ 'ബട്ടറി'ന്‍റെ ലൈവ് പെർഫോമൻസിന് ഒരുങ്ങുകയാണ് ബിടിഎസ് സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.