പാട്ടറിവുകൾ പകർന്ന് നൽകിയ സംഗീതാധ്യാപകൻ
text_fieldsകൊടുവള്ളി: പരമ്പരാഗതമായി തലമുറകളിലൂടെ കൈവരിച്ച നാടൻ പാട്ടുകളുടെയും കലാരൂപങ്ങളുടെയും അറിവുകൾ പുതു തലമുറക്ക് പകർന്ന് നൽകിയും ഉന്നമനത്തിനായി പ്രവർത്തിച്ചും സംഗീതാധ്യാപകൻ പ്രേമൻ ചേളന്നൂർ.
കർഷക തൊഴിലാളികളായ മാതാപിതാക്കളിൽനിന്നും പകർന്നു കിട്ടിയ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും കോൽക്കളിപ്പാട്ടുകളും അവതരിപ്പിച്ചാണ് ചെറുപ്രായത്തിൽ തന്നെ പ്രേമൻ പൊതുവേദികളിലെത്തുന്നത്.
ചേളന്നൂർ നാരായണഗുരു കോളജിലെ പഠനത്തിന് ശേഷം പൂക്കാട് കലാലയത്തിൽനിന്നും ആകാശവാണി സംഗീത വിഭാഗത്തിലെ മേധാവിയായിരുന്ന കടുത്തുരുത്തി രാധാകൃഷ്ണനിൽനിന്നും കർണാടക സംഗീതം അഭ്യസിച്ചു. മദ്രാസ് സർക്കാറിെൻറ എം.ജി.ടി.ഇ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചു.
വിദ്യാഭ്യാസ മേഖലയിൽ സംഗീതത്തിലും നാടൻ പാട്ടുകളിലും വിവിധ ശിൽപശാലകൾക്ക് നേതൃത്വം നൽകിവരുകയാണ്. ഫോക് ആർട്ട് റിസർച്ച് സെൻറർ അക്കാദമിയുമായി സഹകരിച്ച് നടത്തിവരുന്ന സർട്ടിഫിക്കറ്റ് ഇൻ ഫോക് സോങ് കോഴ്സ് ഡയറക്ടറാണ്. തീയൂട്ട്, തുടിക്കളി, ഊരാട്ടം, പന്തം കളി എന്നീ നാടൻ കലാരൂപങ്ങൾക്ക് കേരളസർക്കാറിൽനിന്നും പ്രശംസാപത്രങ്ങൾ നേടിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണി നിലയത്തിലെ അതിഥി ഗാനരചയിതാവായും നാടോടി കലാകാരനായും പ്രവർത്തിച്ചുവരുന്നു.
വിദ്യാഭ്യാസരംഗത്ത് കർണാടക സംഗീതം, നാടോടി സംഗീതം, മാപ്പിളസംഗീതം ഇവ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനത്തിന് 2013ൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.ഡി.എസ്.എയിൽനിന്നും പുരസ്കാരം ലഭിക്കുകയുണ്ടായി.
ചേളന്നൂരിൽ നാടൻ കലകളുടെ പഠനത്തിനും പരിശീലനത്തിനും അവതരണത്തിനുമായി ഗോത്രകലാഗ്രാമം എന്ന സ്ഥാപനം നടത്തിവരുന്നു. നാടൻ പാട്ടുകൾക്കും കലകൾക്കുമായി ജീവിതം തന്നെ മാറ്റിവെച്ച ചേളന്നൂർ പ്രേമന് കേരളസർക്കാറിെൻറ 2020ലെ ഫോക്ലോർ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.
കൊടുവള്ളി കെ.എം.ഒ ഹയർസെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപകനായ ചേളന്നൂർ പ്രേമന് എല്ലാറ്റിനും കൂട്ടായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഓഫിസ് അസിസ്റ്റൻറായി ജോലി ചെയ്യുന്ന ഭാര്യ ടി.കെ. രജീഷയും വിദ്യാർഥികളായ പ്രയാഗും പാർഥിവും സുഹൃത്തുക്കളും എന്നും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.