ആ നാദം നിലച്ചിട്ട് അരനൂറ്റാണ്ട്; വിസ്മയശബ്ദത്താൽ അനശ്വരനായി ചെമ്പൈ
text_fieldsപാലക്കാട്: 70 വർഷത്തെ സംഗീതതപസ്യയിലൂടെ അനശ്വരനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ അരങ്ങൊഴിഞ്ഞിട്ട് ഒക്ടോബർ 16ന് അരനൂറ്റാണ്ട്. നാദവിസ്മയത്താൽ കർണാടകസംഗീതത്തെ പ്രശസ്തിയുടെ ഉന്നതിയിലെത്തിച്ച ചെമ്പൈ ഒരുപാട് ശിഷ്യരുടെ ഗുരുസ്ഥാനീയനുമാണ്. ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ ആരാണോ സംഗീതം ആവശ്യപ്പെടുന്നത് അത് സ്ഥലകാലം നോക്കാതെ നൽകുമെന്നതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷതയെന്ന് ശിഷ്യനായിരുന്ന മണ്ണൂർ രാജകുമാരനുണ്ണി ഓർക്കുന്നു. 1896 ആഗസ്റ്റ് 28ന് ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ കോഴിക്കോട് വടകരക്കടുത്തുള്ള ലോകനാർക്കാവ് ക്ഷേത്രത്തിനടുത്ത മാതൃഗൃഹത്തിലായിരുന്നു വൈദ്യനാഥ ഭാഗവതരുടെ ജനനം. അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്നിവരാണ് കർണാടക സംഗീതത്തിലെ അഭിനവ ത്രിമൂർത്തികൾ. യേശുദാസ്, പി. ലീല, ജയവിജയൻമാർ തുടങ്ങി മലയാള ചലച്ചിത്രരംഗത്തെ പ്രമുഖരെല്ലാം ചെമ്പൈയുടെ ശിഷ്യരാണ്.
സംഗീത കലാനിധി പദവി, കേന്ദ്ര നാടക അക്കാദമി പുരസ്കാരം, പത്മഭൂഷൺ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയ ചെമ്പൈയെ കൊച്ചി, മൈസൂർ, ബറോഡ, വിജയനഗരം, ജയ്പുർ എന്നിവിടങ്ങളിലെ രാജാക്കന്മാരും ആദരിച്ചു. ഒളപ്പമണ്ണ മനയുമായി ചെമ്പൈക്ക് ഹൃദയബന്ധമേറെയായിരുന്നു. വള്ളുവനാട്ടിൽ എവിടെ കച്ചേരി നടത്തിയാലും ഭാഗവതർ താമസിച്ചിരുന്നത് മനയിലായിരുന്നു. ഒ.എം.സി വാസുദേവൻ നമ്പൂതിരിപ്പാട്, പൂമുള്ളി രാമപ്പൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ ചെമ്പൈയുടെ ശിഷ്യരാണ്. മനയുടെ വകയായുള്ള പൂഴിക്കുന്നം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് ചെമ്പൈ ആദ്യ കച്ചേരി നടത്തിയത്. അവസാന കച്ചേരിയും അവിടെയായിരുന്നു എന്നത് മറ്റൊരു നിയോഗം.
78ാം വയസ്സിൽ 1974 ഒക്ടോബർ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവ കച്ചേരി അവതരിപ്പിച്ചശേഷം ഒളപ്പമണ്ണ മനയിൽ ശിഷ്യൻ വാസുദേവൻ നമ്പൂതിരിപ്പാടിനൊപ്പമിരുന്ന് സംസാരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മരണം സംഭവിച്ചു. ‘അനായാസേന മരണം’ എന്നായിരുന്നു നിത്യപ്രാർഥന. അത് ഗുരുവായൂരപ്പൻ കേട്ടെന്ന് ഒടുവിലത്തെ കച്ചേരിക്ക് കൂടെയുണ്ടായിരുന്നവർ ഓർത്തെടുക്കുന്നു. മരണത്തിനുമുമ്പ് പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം, ‘ഇനി തന്നെ വിളിച്ചുകൂടേ’ എന്ന് ചോദിച്ചതായി പറയുന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിലായിരുന്നു സംസ്കാരം. ഗാനങ്ങളിലൂടെയും ചെമ്പൈ സംഗീതോത്സവങ്ങളിലൂടെയും ആ ഓർമകൾ എക്കാലവും കെടാനാളമായി നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.