പാട്ടിന്റെ പെരുമഴയായി ‘ചിത്രവർഷം’ പെയ്തിറങ്ങി
text_fieldsകോഴിക്കോട്: ഈണങ്ങളും താളവുംകൊണ്ട് ഹൃദയതന്ത്രികൾ തീർത്ത കോഴിക്കോടിനുമേൽ പാട്ടിന്റെ പെരുമഴയായി ചിത്രവർഷം പെയ്തിറങ്ങി. നാല് പതിറ്റാണ്ടിലേറെ മലയാളിയുടെ മനസ്സോരം പാട്ടായൊഴുകിയ കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തിന് ‘മാധ്യമം’ നൽകിയ സ്നേഹസമർപ്പണത്തിന് സാക്ഷിയായത് ആയിരങ്ങൾ. കാത്തുകാത്തിരുന്ന ആഘോഷരാവിനെ ധന്യമാക്കിയൊഴുകിയ ചിത്രയുടെ പാട്ടുകൾ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ തടിച്ചുകൂടിയവരെ ആവേശത്തിലാഴ്ത്തി. കെ.എസ്. ചിത്രയുടെ ഗാനജീവിതത്തിലെ നാല് പതിറ്റാണ്ടിലെ വിവിധ ഘട്ടങ്ങളാണ് പാട്ടിലൂടെ ഓർമയിലെത്തിയത്.
പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ കാലത്തിന്റെ ഓർമകളിലേക്ക് ചിത്രയുടെ പാട്ടുകൾ കൂട്ടിക്കൊണ്ടുപോകുന്നതായി മന്ത്രി പറഞ്ഞു. മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് ആമുഖപ്രഭാഷണം നടത്തി. മന്ത്രി റിയാസ് ചിത്രയെ പൊന്നാടയണിയിച്ച് ആദരിച്ചു. ചിത്രവർഷത്തിന്റെ ടൈറ്റിൽ സ്പോൺസർമാരായ മൈജി മാനേജിങ് ഡയറക്ടർ എ.കെ. ഷാജി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ചെയർമാൻ എം.പി. അഹമ്മദ്, സൈലം ലേണിങ് ആപ് പാർട്ണർ ലിജീഷ് കുമാർ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയൻ, വിനോദ് കോവൂർ, ഗായകരായ കണ്ണൂർ ഷെരീഫ്, മേഘ്ന സുമേഷ്, കെ.കെ. നിഷാദ്, ദാനാ റാസിഖ്, ചിത്ര അരുൺ, രാമു, വേദമിത്ര തുടങ്ങിയവരും ചിത്രവർഷത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.