കരോൾ ഗാനവുമായി ഗോപി സുന്ദർ- 'ഉണ്ണീശോ ഈ മണ്ണോരം പിറന്നു പൊന്നീശോ'
text_fieldsഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനം 'ഉണ്ണീശോ' പ്രമുഖ നടി മഞ്ജു വാര്യർ പുറത്തിറക്കി. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, സുജയ് മോഹൻ എന്നിവരും ഒപ്പം ചേരുന്നു. ഗായകൻ അക്ബർ ഖാനാണ് പാട്ടിലെ സ്പാനിഷ് ഭാഗം ആലപിച്ചിരിക്കുന്നത്. സ്പാനിഷ് വരികൾ രചിച്ചിരിക്കുന്നത് ഗഫൂർ കൊളത്തൂർ ആണ്.
'ഉണ്ണീശോ' തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചുപിടിക്കലിന്‍റെ, പ്രതീക്ഷയുടെ ഗാനം കൂടിയാണെന്ന് ഗോപി സുന്ദർ പറയുന്നു. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്. ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട് എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം.
'ദേശി രാഗ്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയായ മെറിൽ ആദ്യമായി ഗോപി സുന്ദറിന്‍റെ ഈണത്തിൽ പാടുന്ന പാട്ടാണിത്. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു-നിഷ വർഗീസ് ദമ്പതികളുടെ മകളാണ്. സംഗീതാധ്യാപകരായ ശങ്കർ ദാസിന്‍റെയും അഭിലാഷിന്‍റെയും കീഴിൽ കർണാടിക്-വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും സജീവമാണ്.
ഗോപി സുന്ദർ മ്യൂസിക് കമ്പനി നിർമ്മിക്കുന്ന ഈ വീഡിയോ ആൽബത്തിന്‍റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ്. സോഷ്യൽ മീഡിയയിലൂടെ വൈറൽ താരങ്ങളായ ബൈസി ഭാസി, ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രാഫി-ശ്രീജിത്ത് ഡാൻസ് സിറ്റി. ക്യാമറ-യൂസഫ് ലെൻസ്മാൻ, മോഹൻ പുതുശ്ശേരി, അൻസൂർ, എഡിറ്റർ-രഞ്ജിത്ത് ടച്ച്റിവർ, പ്രൊജക്റ്റ് ഡിസൈനർ-ഷംസി തിരൂർ, പ്രൊജക്റ്റ് മാനേജർ-ഷൈൻ റായംസ്, പ്രൊജക്റ്റ് കോർഡിനേറ്റർ-ശിഹാബ് അലി, പി.ആർ.ഒ എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.