പ്രായം തളർത്താത്ത പാരഡിവീര്യം; ചിരിപ്പിച്ചു മുന്നേറി കൊച്ചിൻ മിമി
text_fieldsകൊച്ചി: 'വെള്ളാരം കിളികൾ വലംവെച്ചു പറക്കുന്ന മേടമാസം' എന്ന ഹിറ്റ് സിനിമ പാട്ടിന്റെ പാരഡി കേട്ടിട്ടുണ്ടോ? 'കുന്നോളം കൊതുകുകൾ വലംവെച്ചുപറക്കുന്നൊരീ പ്രദേശം'...അതാണ് കൊച്ചിൻ കോർപറേഷൻ'. 10 വർഷം മുമ്പ് കൊച്ചിൻ മിമി എന്ന പാരഡി കലാകാരൻ കൊച്ചിയിലെ കൊതുകുശല്യത്തെ കുറിച്ചെഴുതിയ പാട്ടും ആൽബവും അന്നുമിന്നും ജനഹൃദയങ്ങളിൽ ഇടംപിടിച്ചു, ഒപ്പം മിമി എഴുതിയതും പാടിയതുമായ നൂറുകണക്കിന് പാരഡി ഗാനങ്ങളും.
ഇതു കൊച്ചിൻ മിമിയെന്ന മുളയ്ക്കലകത്ത് അബ്ദുൽ ഹമീദ്, 72ാം വയസ്സിലും പാട്ടുകളുടെ പാരഡി വരികളെഴുതിയും പാടിയും ആളുകളെ ചിരിപ്പിക്കുന്ന കലാകാരൻ. ഒരുപാട്ട് കിട്ടിയാൽ മിമിക്ക് വളരെ കുറച്ചുസമയം മതി, അതേ ഈണത്തിൽ പാരഡിയാക്കാൻ. അടുത്തിടെ സ്വകാര്യ ചാനലിലെ ഹാസ്യറിയാലിറ്റി ഷോയിൽ രണ്ടു തവണ പങ്കെടുത്ത് ഇദ്ദേഹം പ്രേക്ഷകലക്ഷങ്ങളുടെ കൈയടി നേടിയിരുന്നു.
മട്ടാഞ്ചേരി കപ്പലണ്ടിമുക്കിൽ ജനിച്ച മിമിക്ക് കുഞ്ഞുപ്രായത്തിലേ കോമഡിയായിരുന്നു ജീവിതം. 28ാം വയസ്സിലാണ് പാരഡി ഗാനരംഗത്തേക്കിറങ്ങുന്നത്, കൊച്ചിയിലെ സംഗീത് ആർട്സ് എന്ന ഗാനമേള ട്രൂപ്പിെൻറ പിന്തുണയോടെയാണ് തുടക്കം. അന്ന് പേര് കൊച്ചിൻ ഹമീദ് എന്നായിരുന്നു. 1983ൽ സിനിമപാട്ടിെൻറ പാരഡിയായി അയ്യപ്പഭക്തിഗാനം എഴുതിയപ്പോഴാണ് കാസറ്റിെൻറ നിർമാതാവ് പേരുമാറ്റാൻ ആവശ്യപ്പെടുന്നത്. മിമിക്രിയിലൂടെ മുന്നേറിയ നടൻ ദിലീപ്, നാദിർഷ എന്നിവരുടെയെല്ലാം തുടക്കം മുതലേയുള്ള സുഹൃത്താണ് ഇദ്ദേഹം. നിര്യാതനായ നടൻ സൈനുദ്ദീനൊപ്പവും പാരഡി കലാകാരൻ അബ്ദുൽ ഖാദർ കാക്കനാടിനൊപ്പവും നിരവധി കാസറ്റുകൾ ചെയ്തു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ 420ഓളം കാസറ്റുകളിൽ പാട്ടെഴുതുകയും 200ഓളം പാട്ടുകൾ പാടുകയും ചെയ്തു. ഇതിനിടെ നാദിർഷ സംവിധാനം ചെയ്ത നാലു സിനിമയിലും കുഞ്ഞുവേഷങ്ങൾ ലഭിച്ചു. ആലുവ തായിക്കാട്ടുകരയിൽ ഭാര്യ നസീമ, മക്കളായ അനസ്, ഹാരീസ് എന്നിവർക്കൊപ്പം കഴിയുന്ന മിമിയുടെ ഇന്നും സർഗസൃഷ്ടിയുടെ ലോകത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.