ഗ്ലാസ്റ്റൻബെറിയിൽ കോൾഡ് പ്ലേയുടെ ബോൾഡ് പ്ലേ
text_fieldsഫലസ്തീൻ ഗായിക ഇലിയാനയെ പാടിച്ച് ഫലസ്തീൻ ഐക്യദാർഢ്യമായി കോൾഡ്പ്ലേ ബാൻഡും മുഖ്യ ഗായകൻ ക്രിസ് മാർട്ടിനും
അനീതിക്കെതിരെ ശബ്ദിക്കാനും തങ്ങളുടെ കാഴ്ചപ്പാട് ഉറക്കെ പ്രഖ്യാപിക്കാനും വേദിയുടെ വലുപ്പമൊന്നും വിഷയമല്ലെന്ന് വീണ്ടും തെളിയിച്ച് ലോക പ്രശസ്ത സംഗീത ബാൻഡ് കോൾഡ്പ്ലേ. വിഖ്യാതമായ, ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൻബെറി ഫെസ്റ്റിവലിൽ തങ്ങളുടെ പ്രകടനത്തിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രശസ്ത ഫലസ്തീൻ ഗായിക ഇലിയാനയെക്കൊണ്ട് പാട്ടു പാടിച്ചാണ് കോൾഡ് പ്ലേ സദസ്സിന്റെ ഹർഷാരവം ഏറ്റുവാങ്ങിയത്.
തങ്ങളുടെ റിലീസ് ചെയ്യാനിരിക്കുന്ന ‘മൂൺ മ്യൂസി’ക്കിലെ ‘‘ഞങ്ങൾ പ്രാർഥിക്കുന്നു...’’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ അവതരണത്തിലാണ് ഇലിയാനയേയും റാപ്പർ ലിറ്റിൽ സിംസിനെയും ചേർത്തത്. ‘‘we pray that we make it till the end of the day...’’ എന്ന് ഫലസ്തീൻ-ചിലി വംശജയായ ഇലിയാന പാടിയപ്പോൾ സദസ്സ് ഇളകി മറിയുകയായിരുന്നു.
സഹവർത്തിത്വത്തിന്റെ വെളിച്ചം കാണിക്കൽ അതിപ്രധാനമാണെന്ന് പരിപാടിക്കുശേഷം കോൾഡ് പ്ലേ മുഖ്യ ഗായകൻ ക്രിസ് മാർട്ടിൻ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ടോക്യോയിൽ അധിനിവേശത്തിനെതിരെ മാർട്ടിൻ രംഗത്തുവന്നിരുന്നു.
‘‘ഏറെ ഭീകരമായ കാര്യങ്ങളാണ് നടക്കുന്നത്. അടിച്ചമർത്തലിലും അധിനിവേശത്തിലും ഭീകരതയിലും വംശഹത്യയിലുമൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല’’ -ക്രിസ് മാർട്ടിൻ നിലപാട് വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നാണ് ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൻബെറിയിൽ നടക്കുന്ന കലാമേള. സംഗീതത്തിനു പുറമെ വിവിധ കലാരൂപങ്ങളുടെ അവതരണവും ഇവിടെ അരങ്ങേറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.