വാനോളമുയരുന്ന വര്‍ണ്ണ ജല നൃത്തം
text_fieldsഅജ്മാൻ: ഇരുട്ട് വീണ ആകാശം, നിശബ്ദമായ അന്തരീക്ഷം, പടിഞ്ഞാറ് നിന്ന് കടല്‍ ഇരമ്പുന്ന ശബ്ദം, കിഴക്കേ കായലില്‍നിന്നും ബോട്ടിന്റെ ഇരമ്പല്‍, ആകാശത്തുനിന്ന് ദേശാടന പക്ഷികളുടെ കളകളാരവം, ഇതിനിടയില്‍ വര്‍ണ്ണങ്ങളുടെ അകമ്പടിയോടെ മാസ്മരികത തീര്‍ക്കുന്ന ജല നൃത്തം. അജ്മാന് മറീനയിലാണ് ഈ വശ്യ മനോഹരമായ കാഴ്ച്ച. അജ്മാന് ഹോട്ടലിനും സരയ് ഹോട്ടലിനും സമീപത്തെ സമുച്ചയത്തിന്റെ തുറസ്സായ അകത്തളത്തിലാണ് വര്‍ണ്ണ ദീപങ്ങളുടെ അകമ്പടിയോടെ ഈ ജലനൃത്തം അരങ്ങേറുന്നത്. രാത്രി ഏഴു മണിയോട് കൂടി തുടങ്ങുന്ന വിസ്മയക്കാഴ്ച്ച ഓരോ മണിക്കൂറും ഇടവിട്ട് അരങ്ങേറും. പ്രതലത്തില്‍ നിന്നും ഉയര്‍ന്ന് പൊന്തുന്ന ജല ധാരകള്‍ക്ക് താഴെ നിന്നുള്ള വിത്യസ്തങ്ങളായ വര്‍ണ്ണങ്ങളോട് കൂടിയ പ്രകാശ രശ്മികളാണ് ഇവയെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാക്കി മാറ്റുന്നത്. നിരവധി സന്ദര്‍ശകരാണ് ഈ ജല നൃത്തം ആസ്വദിക്കുന്നതിനായി ദിനം പ്രതി ഇവിടെ എത്തിച്ചേരുന്നത്. ഇതിനോടനുബന്ധമായി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിശ്രമ സൗകര്യവും പ്രാര്‍ത്ഥന മുറിയും ഒരുക്കിയിട്ടുണ്ട്. കടല്‍ക്കാറ്റും കായലിന്റെ സാമിപ്യവും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നയന മനോഹര കാഴ്ചകള്‍ ഏറെ ആനന്ദം നല്‍കും. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ചുരുങ്ങിയ ചിലവില്‍ സമീപത്തെ കായലിലൂടെ യാത്ര ചെയ്യാന്‍ ബോട്ട് സര്‍വീസും ലഭ്യമാണ്. കുട്ടികളുമായി എത്തുന്ന കുടുംബങ്ങള്‍ക്ക് നിരവധി വിനോദ കേന്ദ്രങ്ങളും ഈ വര്ണ്ണക്കാഴ്ച്ചകള്ക്ക് സമീപത്തായി വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.