ന്യൂയോർക് സിറ്റിയിൽ കച്ചേരി നടത്തി സൗദി ഓർക്കസ്ട്ര
text_fieldsജിദ്ദ: അമേരിക്കയിലെ ന്യൂയോർക് സിറ്റിയിൽ കച്ചേരി അവതരിപ്പിച്ച് സൗദി ഓർക്കസ്ട്ര. തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ മ്യൂസിക് അതോറിറ്റിയായിരുന്നു സംഘാടകർ. സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ രക്ഷാകർതൃത്വത്തിലാണ് ന്യൂയോർക് സിറ്റിയിലെ ലിങ്കൺ സെന്ററിലുള്ള മെട്രോപൊളിറ്റൻ ഓപറ ഹൗസ് തിയറ്ററിൽ ‘മാസ്റ്റർപീസ് ഓഫ് സൗദി ഓർക്കസ്ട്ര’ എന്ന കച്ചേരി സംഘടിപ്പിച്ചത്.
അമീർ തുർക്കി അൽഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. സൗദി നാഷനൽ ഓർക്കസ്ട്രയും കോറൽ ബാൻഡും രാജ്യത്തെ ആദ്യത്തെ ദേശീയ സാംസ്കാരിക സ്ഥാപനങ്ങളാണെന്ന് മ്യൂസിക് അതോറിറ്റി സി.ഇ.ഒ പോൾ പസിഫിക്കോ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
‘സൗദി വിഷൻ 2030’ന് അനുസൃതമായി സാംസ്കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സൗദി അറേബ്യയിൽ സമഗ്രവും സുസ്ഥിരവുമായ സംഗീത സംവിധാനം വികസിപ്പിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഒന്നായി സൗദി മ്യൂസിക് അതോറിറ്റി വികസിപ്പിച്ചെടുത്തതാണ് സൗദി ഓർക്കസ്ട്ര. അതുകൊണ്ട് തന്നെ ഈ ദേശീയ പരിപാടി ഞങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതാണ്.
സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരികവും സംഗീതപരവുമായ പൈതൃകം പ്രദർശിപ്പിക്കുന്ന ഒരു സംഗീതനിശയാണ് ഇവിടെ അരങ്ങേറുന്നത്. ഒപ്പം പരമ്പരാഗത വസ്ത്രങ്ങളും ആചാരങ്ങളും സംഗീത പാരമ്പര്യവും ചേർന്ന സൗദിയിലെ 13 പ്രദേശങ്ങളിൽ നിന്നുള്ള പാരമ്പര്യ നൃത്തരൂപങ്ങളുമാണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിൽ പര്യടനം നടത്തുന്ന ‘മാസ്റ്റർപീസ് ഓഫ് സൗദി ഓർക്കസ്ട്ര’യുടെ മൂന്നാമത്തെ പരിപാടിയാണ് ന്യൂയോർക്കിൽ അരങ്ങേറിയത്. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലായിരുന്നു ആദ്യത്തെ പരിപാടി. രണ്ടാമത്തെ പരിപാടിക്ക് വേദിയായത് മെക്സികോ സിറ്റിയായിരുന്നു.
‘വിഷൻ 2030’ന്റെ കുടക്കീഴിൽ സാംസ്കാരിക മന്ത്രാലയം കൈവരിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം വർധിപ്പിക്കുക, സൗദി സംഗീതത്തിന്റെയും പ്രകടന കലയുടെയും മാസ്റ്റർപീസുകൾ ആഗോള സമൂഹത്തെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഗീതക്കച്ചേരിയുമായി ആഗോള പര്യടനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.