ദാസ്വരം@60-എത്ര മധുരമിന്നും ഈ നാദം
text_fields'ജാതിഭേദം, മതദ്വേഷം/
ഏതുമില്ലാതെ സർവരും/
സോദരത്വേന വാഴുന്ന/
മാതൃകാസ്ഥാനമാണിത്...'
1961 നവംബർ 14ന് ഈ ശ്രീനാരായണശ്ലോകം ആലേഖനം ചെയ്യപ്പെട്ടത് അന്നത്തെ മദിരാശി ഭരണി സ്റ്റുഡിയോയിലെ ടേപ്പിൽ മാത്രമല്ല, പല തലമുറകളിലെ മലയാളികളുടെ ഹൃദയത്തിലുമാണ്. ആറു പതിറ്റാണ്ടായി മലയാളിയുടെ കാതിൽ തേന്മഴയായി പെയ്തിറങ്ങുന്ന രാഗമാധുര്യത്തിന്‍റെ ആദ്യ ചലച്ചിത്രഗാന റെക്കോഡിങ്ങായിരുന്നു അത്. ഓരോ മലയാളിയുടെയും ചോരയിൽ ഓരോ കാലങ്ങളിൽ പടർന്ന വികാരത്തിെൻറ പേരായി യേശുദാസ് എന്ന നാലക്ഷരം മാറിയതിന്‍റെ തുടക്കം. എക്കാലത്തും പ്രസക്തമായ മതസമഭാവനയുടെ സന്ദേശം പാടി കേരളത്തിന് ശുദ്ധസംഗീതം സമ്മാനിച്ച ഗന്ധർവ നാദത്തിന് ഇന്നും അതേ ചെറുപ്പം.
ദൈവം ശ്രുതിയിട്ട സപ്തസ്വരങ്ങൾ തൊണ്ടയിലൊളിപ്പിച്ച് 1961 ജൂണിലൊരു നാളിലാണ്, 21ാം വയസ്സിൽ ടാക്സി ഡ്രൈവര്‍ മത്തായിച്ചേട്ടനിൽനിന്ന് കടം വാങ്ങിയ 16 രൂപയുമായി കൊച്ചിയിലെ ഹാര്‍ബര്‍ സ്റ്റേഷനില്‍നിന്ന് മദ്രാസിലെ മൈലാപുരിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസ് തീവണ്ടി കയറുന്നത്. മലയാളി ഉള്ളിടത്തേക്കെല്ലാം നടത്തുന്ന, പതിറ്റാണ്ടുകൾ നീളുന്ന സംഗീത തീർഥയാത്രയുടെ തുടക്കമായിരുന്നു അത്. 60 വർഷം മുമ്പത്തെ ആ ദിവസം യേശുദാസ് ഓർത്തെടുക്കുന്നത് ഇങ്ങനെ: ''കെ.എസ്. ആൻറണി സംവിധാനം ചെയ്യുന്ന 'കാൽപ്പാടുകൾ' എന്ന സിനിമയുടെ റെക്കോഡിങ്ങിലായിരുന്ന സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസന്‍റെ മുന്നിലാണ് ഞാൻ എത്തപ്പെട്ടത്. പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ മുകേഷിന്‍റെ 'ദോ റോസ് മേം വോ പ്യാർ കാ ആലം ഗുസർ ഗയാ' എന്ന ഗാനവും രണ്ടു നാടകഗാനങ്ങളും പാടിക്കേൾപ്പിച്ചു. ശാസ്ത്രീയഗാനം വേണമെന്ന് പറഞ്ഞപ്പോൾ ബഹുദാരിയിലുള്ള ത്യാഗരാജ കീർത്തനം 'ബ്രോവഭാരമാ രഘുരാമ'യും പാടി. ബോധ്യമായതോടെ ശ്രീനാരായണഗുരു സൂക്തം 'ജാതിഭേദം' റിഹേഴ്സൽ എന്നുപറഞ്ഞാണ് പാടിച്ചത്. പക്ഷേ, അത് ടേക്ക് ആയിരുന്നു.''
പിന്നീട് യേശുദാസിന്‍റെ ജീവിതസന്ദേശം തന്നെ ആയി മാറിയ ആ പാട്ട് അല്ലായിരുന്നു അദ്ദേഹം ആദ്യം പാടേണ്ടിയിരുന്നത്. 'കാണുേമ്പാൾ ഞാനൊരു കാരിരുമ്പ്' എന്നൊരു ഹാസ്യഗാനമാണ് ദാസിന്‍റെ സിനിമ അരങ്ങേറ്റത്തിനായി മദിരാശി ഒരുക്കിവെച്ചിരുന്നത്. എന്നാൽ, ടൈഫോയ്ഡ് പിടിപെട്ടതിനാൽ അദ്ദേഹത്തിനത് പാടാനായില്ല. അതിൽ നിരാശപ്പെട്ട് കഴിയുേമ്പാളാണ് 'ജാതിഭേദം' ദാസിനെ തേടിയെത്തുന്നത്. ഒരു തട്ടുപൊളിപ്പൻ പാട്ട് പാടിയല്ല സംഗീതവഴിയിലെ ദാസിന്‍റെ തീർഥാടനം തുടങ്ങേണ്ടതെന്ന് ദൈവം തീരുമാനിച്ചുറപ്പിച്ച പോലെ...
ആദ്യം റെക്കോഡ് ചെയ്തത് 'ജാതിഭേദം' ആണെങ്കിലും മലയാളികൾ ദാസിന്‍റെ ശബ്ദം ആദ്യമായി കേട്ടത് 1962 ഫെബ്രുവരി 23ന് റിലീസ് ചെയ്ത 'വേലുത്തമ്പി ദളവ' എന്ന സിനിമയിലെ 'പുഷ്പാഞ്ജലികൾ' (രചന-അഭയദേവ്, സംഗീതം-ദക്ഷിണാമൂർത്തി) എന്ന ശീർഷകഗാനത്തിലൂടെയാണ്. കാരണം, ഗാനം റെക്കോഡ് ചെയ്ത് 10 മാസത്തോളം കഴിഞ്ഞ് 1962 സെപ്റ്റംബർ ഏഴിനാണ് 'കാൽപ്പാടുകൾ' റിലീസ് ചെയ്തത് (അതിൽ ശാന്ത പി. നായർക്കൊപ്പം 'അറ്റൻഷൻ പെണ്ണേ അറ്റൻഷൻ' എന്ന ഹാസ്യഗാനവും ദാസ് പാടിയിരുന്നു). 'വേലുത്തമ്പിദളവ'യുടെ ടൈറ്റിൽ കാർഡിൽ യേശുദാസിന്‍റെ പേരും പാട്ടുപുസ്തകത്തിൽ അദ്ദേഹം പാടിയ ഗാനവും കൊടുത്തിരുന്നുമില്ല. ഇത്തരം തിരസ്കാരങ്ങൾക്കും നിരുത്സാഹപ്പെടുത്തുന്ന എതിര്‍പ്പുകൾക്കുമൊന്നും ദാസിന്‍റെ ആലാപനപാടവത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല എന്ന് പിന്നീട് കാലം തെളിയിച്ചു.
'വേലുത്തമ്പി ദളവ'ക്കുശേഷം 1962ൽ 'ശാന്തിനിവാസ്' (മാർച്ച് എട്ട്), 'ശ്രീകോവിൽ' (ഏപ്രിൽ 13', 'പാലാട്ടുകോമൻ' (സെപ്റ്റംബർ 1) എന്നീ സിനിമകളിൽ പാടിയെങ്കിലും സെപ്റ്റംബർ 28ന് പുറത്തിറങ്ങിയ കെ.എസ്. സേതുമാധവെൻറ 'കണ്ണും കരളും' എന്ന ചിത്രത്തിലെ 'ആരെ കാണാൻ അലയുന്നു കണ്ണുകൾ' (വയലാർ-എം.ബി. ശ്രീനിവാസൻ) ആയിരുന്നു ദാസിന്‍റെ ആദ്യ ഹിറ്റ്. 1962ൽതന്നെ 'വിധി തന്ന വിളക്ക്' (ഒക്ടോബർ 5), 'ഭാഗ്യജാതകം' (നവംബർ 16), 'വിയർപ്പിന്‍റെ വില' (ഡിസംബർ 1), 'ഭാര്യ' (ഡിസംബർ 20) എന്നീ ചിത്രങ്ങൾകൂടി ദാസിന്‍റെ നാദസൗകുമാര്യത്തിൽ ഇറങ്ങിയതോടെ പിറന്നത് മലയാള സിനിമാസംഗീതത്തിലെ പുതുചരിത്രമാണ്.
ദാസിന്‍റെ 'കാൽപ്പാടുകളി'ലെ ആദ്യഗാനം റെക്കോഡ് ചെയ്ത് കഴിഞ്ഞ് നിർമാതാവ് രാമൻ നമ്പിയത്തും ബാക്കിയുള്ളവരും അഭിപ്രായത്തിനായി കാത്തുനിൽക്കേ, അന്നത്തെ വിഖ്യാത ശബ്ദലേഖകൻ കോടീശ്വരറാവു പറഞ്ഞത് '10 വർഷം കഴിഞ്ഞ് പറയാം' എന്നാണ്. 10 വർഷങ്ങൾ പലത് കഴിഞ്ഞു. മലയാളനദി കടന്ന് കശ്മീരി ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും കടൽ കടന്ന് ഇംഗ്ലീഷ്, അറബി, ലാറ്റിന്‍, റഷ്യന്‍, ഗ്രീക് ഭാഷകളിലേക്കും ആ ശബ്ദമാധുര്യം പരന്നൊഴുകി. അരലക്ഷത്തിലേറെ പാട്ടുകൾ... സ്വപ്‌നം കാണുേമ്പാഴും പ്രണയിക്കുേമ്പാഴും സങ്കടപ്പെടുേമ്പാഴും സന്തോഷിക്കുേമ്പാഴുമെല്ലാം അവ മലയാളിയുടെ ഹൃദയത്തിൽ റെക്കോഡ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.