ഇമാറാത്തി റോക് സ്റ്റാർസ്
text_fieldsയു.എ.ഇയിലെ സംഗീത പ്രേമികളുടെ പുതിയ ആവേശമാണ് മെറ്റാറസ്റ്റ് ബാൻഡ്. മൂന്ന് ഇമാറാത്തി പൗരൻമാർ ചേർന്ന് ഒരുക്കിയ ബാൻഡ് ദുബൈയിലെ സംഗീത ലോകത്തെ ഇളക്കി മറിക്കുകയാണ്. ഗിറ്റാറിസ്റ്റ് സെയ്ഫ് സമി, ഡ്രമ്മർ സാമിർ സമി, ബാസിസ്റ്റ് മർവാൻ എൽ മെസീരി എന്നിവരാണ് ഇമാറാത്തിന്റെ പ്രിയ സംഗീതജ്ഞരായി മാറിയിരിക്കുന്നത്. സെയ്ഫ് സമിയാണ് മുഖ്യ ഗായകൻ.
ദുബൈ ബർഷ സൗത്തിലെ വീടിനുള്ളിലെ ചെറിയൊരു മുറിയാണ് ഇവരുടെ റെക്കോഡിങ് സ്റ്റുഡിയോ. 13 വർഷം മുൻപ് സംഗീത മേഖലയിൽ സജീവമായ ഇവർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് അടുത്തകാലത്താണ്. സൗഹൃദത്തിൽ നിന്നുടലെടുത്തതാണ് ഈ കൂട്ടുകെട്ട്. 13 വർഷം മുൻപ് സ്കൂൾ പഠനകാലത്ത് തുടങ്ങിയ മർവാൻ- സെയ്ഫ് സൗഹൃദമാണ് മെറ്റാറസ്റ്റ് എന്ന ബാൻഡിലേക്ക് എത്തിപ്പെട്ടത്. അത്ര സീരിയസല്ലാതെ പാടിത്തുടങ്ങിയ ഇവരോടൊപ്പം സെയ്ഫിന്റെ സഹോദരൻ സാമിറിന്റെ ഡ്രമ്മും ചേർന്നതോടെയാണ് ലെവൽ മാറിയത്.
മൂവരും ഒരുമിച്ച് സംഗീതം പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിലെ വേദികളായിരുന്നു ആദ്യ പരീക്ഷണ കളരി. പിന്നീട് ഇബ്നു ബത്തൂത്ത മാളിലും ഗ്ലോബൽ വില്ലേജിലുമെല്ലാം പാട്ടും കൂത്തുമായി ഇവർ എത്തി. ഇന്ത്യക്കാരുടെ വിവാഹ പരിപാടികളിൽ പോലും മെറ്റാറസ്റ്റ് സാന്നിധ്യം അറിയിച്ചു. സെയ്ഫും സാമിറും ഓഡിയോ എൻജിനീയർമാർ കൂടിയാണ്. ദുബൈ എസ്.എ.ഇ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. 2016ൽ മർവാൻ ഉന്നത വിദ്യാഭ്യാസത്തിനായി യു.കെയിലേക്ക് പറന്നതോടെ പ്രതിസന്ധിയിലായി. രണ്ട് രാജ്യത്തിരുന്ന് ഓഡിയോ റെക്കോഡ് ചെയ്ത് ഷെയർ ചെയ്തെങ്കിലും താളം കണ്ടെത്താനായില്ല.
ഒരുമിച്ചിരിക്കാൻ കഴിയാതെ വന്നതോടെ പാട്ടുകൾ പലതും പാതിവഴിയിൽ നിലച്ചു. അവധിക്കാലത്ത് നാട്ടിൽ വരുമ്പോൾ മർവാൻ സ്വന്തം ഭാഗം റെക്കോഡ് ചെയ്ത് നൽകി മടങ്ങും. എല്ലാവരും ഒരുമിച്ച് യു.എ.ഇയിൽ ഉണ്ടായിരുന്നപ്പോൾ മാത്രമാണ് ആദ്യത്തെ ആൽബമായ 'കില്ലിങ് മി സൈക്കോ' റെക്കോർഡ് ചെയ്യാൻ കഴിഞ്ഞത്. ഓരോ ഗാനങ്ങൾ കഴിയുമ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ഇവർ ശ്രമിച്ചുകൊണ്ടിരുന്നു. ക്രച്ച് സിറ്റി, ഇ.ജി.ഒ, അറ്റോൺ പോലുള്ളവ സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻഡി, ഹിപ്പ് ഹോപ് മുതൽ ജാസും ക്ലാസിക്കലുമെല്ലാം മെറ്റാറസ്റ്റിൽ നിന്ന് ഒഴുകിയെത്തി.
മുന്നോട്ടുപോകാൻ ആത്മവിശ്വാസം പകരുന്നത് യു.എ.ഇയിലെ തന്നെ ബാൻഡുകളായ സ്വെൻഗാലി, കോട് ഓഫ് ആംസ്, കോളസ് മൈൻഡ്സ് തുടങ്ങിയവയുടെ വളർച്ചയും അതിജീവനവുമാണെന്ന് ഇവർ പറയുന്നു. കൃത്യമായ ലക്ഷ്യങ്ങളോടെയാണ് മൂവർ സംഘത്തിന്റെ മുന്നേറ്റം. അഞ്ച് വർഷത്തിനുള്ളിൽ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനെ ഇളക്കിമറിക്കുന്ന പരിപാടി അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ഇമാറാത്തിന്റെ റോക് സ്റ്റാർസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.