കർണൻ നെപ്പോളിയൻ ഭഗത് സിംഗിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
text_fieldsഫസ്റ്റ് പേജ് എന്‍റർ ടെയ്ൻമെന്‍റിന്‍റെ ബാനറിൽ മോനു പഴേടത്ത് നിർമിച്ചു ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എന്തിനാണെന്‍റെ ചെന്താമരേ... എന്നു തുടങ്ങുന്ന പ്രണയഗാനം രചിച്ചിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. രഞ്ജിൻ രാജിെന്റതാണ് സംഗീതം. രഞ്ജിൻ രാജ് ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.
മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം പ്രമുഖ ചലച്ചിത്ര താരങ്ങളായ ജയസൂര്യ, നിവിൻ പോളി, ടോവിനോ തോമസ്, മഞ്ജു വാര്യർ, മിയ ജോർജ്, അജു വർഗീസ് തുടങ്ങി നിരവധി പേർ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ ഗാനത്തിന്‍റെ കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത് ഇംതിയാസ് അബൂബക്കറാണ്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. എഡിറ്റർ റെക്‌സൺ ജോസഫ്. ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്‍റെ രചനയിൽ ഉണ്ണിമേനോൻ ആലപിച്ച കാതോർത്തു കാതോർത്തു എന്ന ഗാനവും, റഫീക് അഹമ്മദിന്‍റെ രചനയിൽ കെ.എസ് ഹരിശങ്കർ പാടിയ സായാഹ്ന തീരങ്ങളിൽ എന്നുതുടങ്ങുന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞവയാണ്. ഗായകരായ സിയാ ഉൾ ഹഖും കണ്ണൂർ ഷരീഫും കർണൻ നെപ്പോളിയൻ ഭഗത് സിംഗിനായി പാടിയിട്ടുണ്ട്. ചിത്രത്തിനായി അജീഷ് ദാസനും ശരത് ജി മോഹനും വരികളെഴുതിയിട്ടുണ്ട്. സെൻസറിംഗ് പൂർത്തിയായ കർണൻ നെപ്പോളിയൻ ഭഗത് സിംഗ്' പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.