സംഗീതത്തെ സ്നേഹിച്ച ബാബ്ജാന് വിട
text_fieldsകോഴിക്കോട്: അനശ്വരമായ ഹിന്ദുസ്ഥാനി ഗാനങ്ങളുടെ ആരാധകനും മികച്ച സംഘാടകനുമായ ഡോ. ബാബ്ജാെൻറ മരണം സംഗീതനഗരമായ കോഴിക്കോടിന് കണ്ണീരായി.
തുടർച്ചയായി 23 വർഷം 'റഫി നൈറ്റ്' സംഘടിപ്പിച്ച ബാബ്ജാൻ പാലക്കാട് വ്യാഴാഴ്ച രാവിലെയാണ് വിടപറഞ്ഞത്. ഹോമിയോ ഡോക്ടർ എന്ന നിലയിൽ പാവങ്ങൾക്ക് ആശ്രയംകൂടിയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിൽ വേരുകളുള്ള ഡോ. മുഹമ്മദ് യൂസഫ് എന്ന ബാബ്ജാന് മുഹമ്മദ് റഫിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
നഗരത്തിലെ പ്രശസ്തമായ ബ്രദേഴ്സ് മ്യൂസിക് ക്ലബിൽ അംഗമായിരുന്നു. സാഹിത്യകാരൻ കെ.ടി. മുഹമ്മദ്, നടന്മാരായ കെ.പി. ഉമ്മർ, നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. എം.എസ്. ബാബുരാജുമായി സുഹൃദ് ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിെൻറ 'പ്രിയ' എന്ന ചിത്രത്തിനുവേണ്ടി പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുമായി ബന്ധപ്പെടുകയും ആ സ്നേഹബന്ധം റഫിയുടെ മരണംവരെ തുടരുകയും ചെയ്തു.
ഏറെക്കാലം ഷാർജയിലായിരുന്ന ബാബ്ജാൻ ഇന്ത്യൻ സോഷ്യൽ സെൻറർ എന്ന സംഘടനയുടെ സാരഥിയായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് 1996ൽ കോഴിക്കോട്ട് തിരിച്ചെത്തി. കണ്ണഞ്ചേരിയിലായിരുന്നു താമസം. ഹോമിയോ ക്ലിനിക്കും അവിടെ തന്നെയായിരുന്നു.
ടൗൺഹാളിലും മറ്റുമായി തുടർച്ചയായി റഫി നൈറ്റ് സംഘടിപ്പിച്ചാണ് ബാബ്ജാനും അദ്ദേഹത്തിെൻറ സംഘടനയും ശ്രദ്ധേയമായത്. പ്രമുഖരായ നിരവധി ഗായകർ റഫി നൈറ്റിനെത്തിയിരുന്നു. നഗരത്തിലും പരിസരത്തുമുള്ള ഗായകർക്കും അദ്ദേഹം അവസരം നൽകി.
കോവിഡ് വ്യാപിക്കുന്നതിന് മുമ്പുവരെ റഫി നൈറ്റ് സംഘടിപ്പിച്ചിരുന്നു. കുറച്ച് വർഷം മുമ്പ് പാലക്കാട് നഗരത്തിലെ മകെൻറ വീട്ടിലേക്ക് താമസം മാറിയിരുന്ന ബാബ്ജാൻ സംഗീത പരിപാടികൾക്കായി കോഴിക്കോട്ടേക്ക് ഓടിയെത്തുമായിരുന്നു.
ടൗൺഹാളിൽ എം.ഇ.എസ് നടത്തിയ ഒരുദിവസം നീണ്ടുനിന്ന 'റഫിയുടെ 100 പാട്ടുകൾ' എന്ന പരിപാടിയിൽ മുഖ്യസംഘാടകനായിരുന്നു. രക്തദാനമടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
കോഴിക്കോട് ടൗൺ ഹാളിൽ അരങ്ങേറിയ 'ടാങ്കേവാലാ' ഹിന്ദി നാടകത്തിൽ പ്രധാന അഭിനേതാവായിരുന്നു.
കടമ, പുണ്യം, മാതൃഭൂമിയുടെ ഉണ്ണിയാർച്ച, ശൈത്താെൻറ വീട് തുടങ്ങിയ സീരിയലുകളിലും കല്ലായ് എഫ്.എം എന്ന സിനിമയിലും അഭിനയിച്ചു. ചെറുപ്പത്തിൽ ഫുട്ബാളിൽ തൽപരനായിരുന്ന ബാബ്ജാൻ ജില്ല ടീമിലും കേരളത്തിനകത്തും പുറത്തുമുള്ള മറ്റു പ്രമുഖ ടീമുകൾക്കും ബൂട്ടണിഞ്ഞു. യു.എ.ഇ സൈന്യത്തിൽ 28 വർഷത്തെ സേവനത്തിനുശേഷം 1995ലാണ് സർവിസിൽനിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.