ഇതിഹാസ ഗായകന് കണ്ണീരോടെ വിട; താമരപ്പാക്കത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം
text_fieldsചെന്നൈ: ഇതിഹാസ ഗായകന് എസ്.പി.ബിക്ക് കണ്ണീരോടെ വിട ചൊല്ലി ആരാധകരും കുടുംബാംഗങ്ങളും. ചെന്നൈക്ക് സമീപം താമരപ്പാക്കത്താണ് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം നടന്നത്. പ്രിയഗായകന് വിട ചൊല്ലാൻ ആയിരങ്ങളാണ് എത്തിയത്. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. മകൻ എസ്.പി.ബി ചരൺ അന്ത്യകർമങ്ങൾ നിർവഹിച്ചു. ഉച്ചക്ക് 12.30ഓടെയാണ് മൃതദേഹം സംസ്കരിച്ചത്.
താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചു. ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി തിരുവള്ളൂര്‍ ജില്ലയിലാണ് താമരപ്പാക്കം ഗ്രാമം. രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ തുടങ്ങാൻ വൈകിയിരുന്നു.
ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം റെഡ് ഹിൽ ഫാം ഹൗസിൽ എത്തിക്കുകയായിരുന്നു. ഫാം ഹൗസിൽ നിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്തായിരുന്നു പൊതുദർശനം. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ചലചിത്ര താരം റഹ്മാൻ, സംവിധായകനായ ഭാരതിരാജ തുടങ്ങി നിരവധി പേര് എസ്.പി.ബിയെ അവസാനമായി കാണാനെത്തി.
എസ്.പി.ബി' എന്ന ചുരുക്കപ്പേരിൽ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാർഥനകൾ വിഫലമാക്കി അരങ്ങൊഴിയുന്നത് 74ാം വയസ്സിലാണ്.
സമയവും കാലവും കീഴടക്കിയ സ്വരമാധുരിയിൽ അര നൂറ്റാണ്ടിലേറെയായി കലാപ്രേമികളെ ആസ്വാദ്യതയുടെ ഉത്തുംഗതയിലെത്തിച്ച സംഗീത ചക്രവർത്തിയുടെ വിടവാങ്ങൽ രാജ്യത്തിെൻറ ദുഃഖമായി. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യൻ ചലച്ചിത്രഗാന രംഗത്തെ വിഖ്യാത ഗായകരിൽ ഒരാളായി തീരാൻ കഴിഞ്ഞതായിരുന്നു എസ്.പി.ബിയുടെ സവിശേഷത. ഗായകൻ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായി നിറഞ്ഞുനിന്നതായിരുന്നു ആ കലാജീവിതം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ൽ അധികം പാട്ടുപാടി റെക്കോഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.