Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ദാസേട്ടാ മാപ്പ്​,...

'ദാസേട്ടാ മാപ്പ്​, മാപ്പ്​, മാപ്പ്​...'-ഒരു ആരാധികയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ ശ്രദ്ധേയമാകുന്നു

text_fields
bookmark_border
rethi jayakumar
cancel

മലയാളത്തിന്‍റെ ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്​ ചലച്ചിത്ര പിന്നണി ഗാനരംഗത്ത്​ എത്തിയിട്ട്​ 60 വർഷം പൂർത്തിയാക്കിയ ഇന്ന്​ നിരവധി ആരാധകരാണ്​ അ​ദ്ദേഹത്തിന്​ ആശംസകൾ അർപ്പിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​. അതിൽ 'ദാസേട്ടാ മാപ്പ്​, മാപ്പ്​, മാപ്പ്​' എന്ന തലക്കെട്ടിൽ ഒരു ആരാധിക എഴുതിയ പോസ്റ്റ്​ ശ്രദ്ധേയമാകുകയാണ്​. യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിലെ സങ്കടമാണ്​ രതി ജയകുമാർ എന്ന ആരാധിക ഫേസ്​ബുക്ക്​ വീഡിയോയിലൂടെ പങ്കുവെക്കുന്നത്​.

'ഗുരുവായൂർ ക്ഷേത്രത്തിൽ ഒന്നു പ്രവേശിക്കണമെന്ന മോഹവുമായി അദ്ദേഹം കാത്തിരിപ്പ്​ തുടങ്ങിയിട്ട് എത്ര കാലമായി? അടുത്ത ജനുവരിയിൽ ദാസേട്ടന് 82 വയസ്സാകാൻ പോകുന്നു. ഇനിയെന്നാണ് അദ്ദേഹത്തിന്‍റെ അർഥനയെ നാം ചെവിക്കൊള്ളുക? ആചാരങ്ങളെ തച്ചുടയ്ക്കണമെന്നൊന്നുമല്ല ഞാൻ പറയുന്നത്. അദ്ദേഹത്തിന് ക്ഷേത്രപ്രവേശം അനുവദിച്ചാൽ തകർന്നുവീഴുന്നതാണോ കാലപ്രയാണത്തിൽ പരശ്ശതം പരീക്ഷണങ്ങളെ അതിജീവിച്ച നമ്മുടെ സംസ്കൃതി?'- രതി ജയകുമാർ ചോദിക്കുന്നു. സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവേ ഓഫിസറായി തൃശ്ശൂർ യൂനിറ്റിൽ ജോലി ചെയ്യുന്ന രതി ജയകുമാർ കോവിഡ്​ ലോക്​ഡൗൺ കാലത്ത്​ ജനപ്രിയ ആലപിച്ച്​ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയയായ ആളാണ്.

രതി ജയകുമാർ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത വിഡിയോയിൽ നിന്ന്​-

'ദാസേട്ടന്‍റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തിട്ട് ഇന്ന് 60 വർഷം തികയുന്നു. അതിനാലാണ് രണ്ടുവാക്ക് പറയണമെന്ന് കരുതിയത്. കുറെക്കാലമായി മനസ്സിൽ നീറിപ്പുകയുന്ന ഒരു കാര്യം പങ്കു​െവക്കട്ടെ. ആദ്യമേ പറയുന്നു, ഞാനൊരു പ്രഭാഷകയോ രാഷ്ട്രീയക്കാരിയോ ഒന്നുമല്ല. സംഗീതത്തിന്‍റെ ഒരു എളിയ ഉപാസക മാത്രമാണ് ഞാൻ. അതുകൊണ്ടാണ് ദാസേട്ടനെക്കുറിച്ചോർത്ത് ഉള്ള് നീറുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഒന്നു പ്രവേശിക്കണമെന്ന മോഹവുമായി അദ്ദേഹം കാത്തിരിപ്പ്​ തുടങ്ങിയിട്ട് എത്ര കാലമായി? അടുത്ത ജനുവരിയിൽ ദാസേട്ടന് 82 വയസ്സാകാൻ പോകുന്നു. ഇനിയെന്നാണ് അദ്ദേഹത്തിന്‍റെ അർഥനയെ നാം ചെവിക്കൊള്ളുക? ആചാരങ്ങളെ തച്ചുടയ്ക്കണമെന്നൊന്നുമല്ല ഞാൻ പറയുന്നത്.

ജന്മദിനമെല്ലാം മൂകാംബിക ദേവിയുടെ സന്നിധിയിൽ ചിലവഴിക്കുന്ന, സുപ്രഭാതമായെന്നു പാടി ശ്രീരാമനെയും പരമശിവനെയും വിഘ്നേശ്വരനെയും നിദ്രയിൽ നിന്ന് ഉണർത്തുന്ന, 'ഹരിവരാസനം' പാടി ധർമ്മശാസ്താവിനെ ഉറക്കുന്ന, 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം...' എന്നു പാടി നമ്മെ നാദബ്രഹ്മത്തിൽ ആറാടിക്കുന്ന ഒരു ദേവഗായകനെ നമ്മുടെ ദേവന്മാർക്ക് സ്വീകാര്യമല്ലാതെ വരുമോ? അദ്ദേഹത്തിന് ക്ഷേത്രപ്രവേശം അനുവദിച്ചാൽ തകർന്നു വീഴുന്നതാണോ കാലപ്രയാണത്തിൽ പരശ്ശതം പരീക്ഷണങ്ങളെ അതിജീവിച്ച നമ്മുടെ സംസ്കൃതി?

ദാസേട്ടന്‍റെ നിത്യഹരിത ഗാനങ്ങൾ പാടാൻ തിരഞ്ഞെടുക്കുമ്പോൾ ഓരോ പ്രാവശ്യവും ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്, എനിക്ക്​ അതിനുള്ള ധാർമ്മികമായ അവകാശമുണ്ടോയെന്ന്. പലപ്പോഴും എന്‍റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. സംഗീത ചക്രവർത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതർ തന്‍റെ പൊന്നാട എടുത്ത് അണിയിച്ചത് ഈ ഗായകനെയാണ്. ദാസേട്ടനെ ചെമ്പൈ ഭാഗവതർ ചേർത്തുപിടിച്ചതിന് സാക്ഷികളാണ് മുംബൈ ഷൺമുഖാനന്ദ ഹാളിൽ പ്രിയ ഗായകന്‍റെ ശുദ്ധസംഗീത ആലാപനത്തിൽ സ്വയം ലയിച്ചുപോയ ശ്രോതാക്കൾ. ദാസേട്ടന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി നൽകാൻ എന്‍റെ പക്കൽ അധികാരമൊന്നുമില്ല. ദാസേട്ടൻ പാടിയതുപോലെ, അമ്പലനടയിൽ പോയി അതിനുവേണ്ടി പ്രാർഥിക്കാൻ മാത്രമേ എനിക്ക്​ കഴിയൂ. എന്നാൽ, ഒരു കാര്യം തീർച്ച. ഗാനഗന്ധർവനായ ദാസേട്ടൻ ചോദിച്ചാൽ, ക്ഷേത്രത്തിനകത്തെ ഗോപകുമാരൻ തന്‍റെ ഓടക്കുഴൽ പ്രിയ ഗായകന് നൽകുക തന്നെ ചെയ്യും! സംഗീതപ്രിയനായ മുരളീധരൻ, ഗാനലോലുപനായ ദാസേട്ടന് താൻ മീട്ടുന്ന മുരളി നൽകാതിരിക്കുമോ?'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ Yesudasfacebook videos
News Summary - FB video of a fan about Yesudas went viral
Next Story