ദൈവം തൊട്ട വിരലുകൾ
text_fieldsദീർഘകാലം പുറംലോകത്തുനിന്ന് അകന്നുനിന്നുകൊണ്ട് സംഗീതത്തിനു വേണ്ടിമാത്രം ജീവിക്കുന്ന, പഞ്ചാബ് ഘരാനക്കാരുടെ ചില്ല കട്നാ എന്ന അനുഷ്ഠാനം അല്ലാ രഖായും മകൻ സാക്കിർ ഹുസൈനും മുറതെറ്റാതെ ശീലിച്ചിട്ടുണ്ട്
തബലയിൽ ഒരു നാദപ്രപഞ്ചംതന്നെ നിർമിച്ച ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങുന്നു. ഹിന്ദുസ്താനി സംഗീതപ്രേമികൾ മാത്രമല്ല, ക്ലാസിക്കൽ സംഗീതത്തോട് ഏറെ ബന്ധമില്ലാത്ത സാധാരണക്കാർപോലും ഈ വിയോഗത്തിൽ ദുഃഖിക്കുന്നു. ലോകമെങ്ങുമുള്ള സംഗീതജ്ഞർ നഷ്ടബോധത്തിന്റെ ശൂന്യത അനുഭവിക്കുന്നു. സംഗീതലോകത്തെ ഗ്രസിക്കുന്ന ഈ അഗാധവിഷാദം അത്ര സ്വാഭാവികമാണ്. കാരണം, ദേശങ്ങളെയും പല മട്ടിൽ വിഭജിതരായ മനുഷ്യരെയും നാദസഞ്ചയത്തിലൂടെ ഒരുമിപ്പിക്കാനുള്ള കലയുടെ അപൂർവ സിദ്ധിയായിരുന്നു സാക്കിർ ഹുസൈന്റെ കൈമുതൽ. മാന്ത്രികമായ ആ വിരലുകൾ നിശ്ചലമാകുന്നത് ആർക്കാണ് സങ്കൽപിക്കാൻ പോലുമാവുക!
കാൽ നൂറ്റാണ്ടുമുമ്പ് അദ്ദേഹത്തോടൊപ്പം കുറച്ചു ദിവസം ചെലവഴിക്കാനുള്ള അപൂർവഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. 1997ൽ വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിനുവേണ്ടി ഗാനരചന നിർവഹിച്ചപ്പോഴായിരുന്നു അത്. ആ ചിത്രത്തിന്റെ സംഗീതസംവിധാനം സാക്ഷാൽ സാക്കിർ ഹുസൈൻ! വലുപ്പച്ചെറുപ്പമില്ലാതെ ആളുകളോട് കുശലം പങ്കുവെക്കുകയും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും സംഗീതംപോലെ മനോഹരമായിരുന്നു. പത്തു വിരലുകൾകൊണ്ട് തബലയിൽ അദ്ദേഹം ഭാഷക്കും ദേശത്തിനും അതീതമായ സംഗീതത്തിന്റെ ഭാഷ സൃഷ്ടിച്ചു. അതിനപ്പുറം ഓരോ സംസ്കാരത്തിന്റെയും സംവേദനശീലങ്ങൾ അദ്ദേഹം അനായാസം ഉൾക്കൊണ്ടു.
തബലവായനയിൽ താനവതരിപ്പിക്കുന്ന സങ്കീർണമായ കണക്കുകളെ കുട്ടിത്തം നിറഞ്ഞ ഒരു ചിരികൊണ്ട് അദ്ദേഹം പുറമേ മറയ്ക്കും. ആ വിരലുകളുടെ അദ്ഭുതകരമായ വേഗം തബലവായന അത്രക്ക് അനായാസം എന്നു തോന്നിപ്പിക്കും. സാറാ ബർദീൻ എന്ന കലാനിരൂപക പണ്ടേ പറഞ്ഞു: ‘സാക്കിർ ഹുസൈന്റെ അവതരണം കാണുന്നത് മാന്ത്രികമായ അനുഭവമാണ്. കണ്ണുകൾക്കെത്താനാവാത്ത വേഗതയിൽ അദ്ദേഹത്തിന്റെ വിരലുകൾ പറക്കുന്നു; കൂടെയുള്ള സംഗീതജ്ഞരെ വൈകാരികമായി മനസ്സിലാക്കിക്കൊണ്ട് അവരോടു ചേർന്നുപോവുകയും ചെയ്യുന്നു.’
ഇന്ത്യയിൽ ഹരിപ്രസാദ് ചൗരസ്യയുടെ ബാംസുരിക്കും കുന്നക്കുടി വൈദ്യനാഥന്റെ വയലിനുമൊപ്പം സാക്കിർ ഹുസൈൻ തബല വായിക്കുമ്പോൾ നാം ഇത് അനുഭവിച്ചതാണല്ലോ. അന്നൊക്കെ അതേ ഉപകരണങ്ങളോടു ചേർന്ന് തബല ഒരു സുഷിരവാദ്യമോ തന്ത്രിവാദ്യമോപോലെ സ്വരാത്മകസംഗീതം പൊഴിച്ചതു കേട്ട് വിസ്മയിക്കാത്തവർ ആരുണ്ട്!
അദ്ദേഹത്തിന്റെ പിതാവും തബലവായനയിലെ ഇതിഹാസവുമായ അല്ലാ രഖാ വാദനശൈലിയിൽ പഞ്ചാബ് ഘരാനയിലുൾപ്പെടുന്ന കലാകാരനാണ്. പിൽക്കാലത്ത് ഇന്ത്യയിലും പാകിസ്താനിലുമായി മുറിഞ്ഞുപോകുന്നതിനുമുമ്പുള്ള പഞ്ചാബിന്റെ പൊതുവായ സംഗീതശൈലിയാണത്. മറ്റു പ്രദേശങ്ങളിലെ ശൈലികളിൽനിന്ന് പഞ്ചാബ് ഘരാനയെ വേറിട്ടുനിർത്തുന്ന ഒരു പ്രധാനഘടകം തബലവാദനരീതിയിൽതന്നെ പഖ്വാജിന്റെ ചൊല്ലുകൾകൂടി സമന്വയിപ്പിക്കുന്ന പരിശീലന പദ്ധതിയാണ്. പഞ്ചാബ് ഘരാനക്കാർ പൊതുവെ പിന്തുടരുന്ന ചില്ല കട്നാ എന്ന അനുഷ്ഠാനവും എടുത്തുപറയേണ്ടതുണ്ട്. ദീർഘകാലം പുറംലോകത്തുനിന്ന് അകന്നുനിന്നുകൊണ്ട് സംഗീതത്തിനു വേണ്ടിമാത്രം ജീവിക്കുകയാണതിന്റെ സ്വഭാവം. അല്ലാ രഖായും സാക്കിർ ഹുസൈനും ഇതു മുറതെറ്റാതെ ശീലിച്ചിട്ടുണ്ട്. ഉസ്താദ് ലാൽ മുഹമ്മദിന്റെ സ്വാധീനവും മിർ കാദർ ബക്ഷിന്റെ ശിക്ഷണവും ചേർന്നു രൂപപ്പെടുത്തിയ അല്ലാ രഖായുടെയും അതിനെ പിൻപറ്റുന്ന സാക്കിർ ഹുസൈന്റെയും വാദനത്തിലെ മാന്ത്രികവേഗങ്ങൾക്ക് ഇവയൊക്കെ കാരണങ്ങളായിപ്പറയാം. പിൽക്കാലത്ത് സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ സാക്കിർ ഹുസൈനെ വിലയിരുത്തിയതിങ്ങനെ: ‘പത്തു വിരലുകൾ മാത്രമുപയോഗിച്ച് ഹുസൈൻ വൈവിധ്യമുള്ള വാദ്യശബ്ദങ്ങളുടെ ഓർക്കസ്ട്രാ നിർമിക്കുന്നു. മനുഷ്യർക്കു സാധ്യമാകുന്നതിനെക്കാൾ സമഗ്രമായ നിയന്ത്രണത്തോടെയാണ് അദ്ദേഹം സ്വരങ്ങളെ വാദ്യശബ്ദത്തിലേക്കാവാഹിക്കുന്നതെന്നു തോന്നും’
പ്രിയപ്പെട്ട ഉസ്താദ്, ആ കുസൃതിമുഖത്തെ പുഞ്ചിരിയും വിരലുകൾകൊണ്ടുതീർത്ത നാദപ്പെരുക്കവും ഉള്ളിൽനിന്ന് മായുന്നില്ല. ആ തബലയിൽനിന്നുയർന്ന നാദശലഭങ്ങൾ ഇപ്പോഴും ലോകത്തെ ചുറ്റി ചിറകടിച്ചു പറക്കുന്നുണ്ട്. അവയിലെ ദൈവസ്പർശനം ഇപ്പോഴും ഞങ്ങൾ അനുഭവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.