പിന്നണി ഗായകനും നടനുമായ സീറോ ബാബു ഓർമയായിട്ട് നാലുവർഷം
text_fieldsമട്ടാഞ്ചേരി: കൊച്ചിയുടെ പ്രിയ ഗായകരിൽ ഒരാളായിരുന്ന സീറോ ബാബു എന്ന പിന്നണി ഗായകൻ കെ. ജെ. മുഹമ്മദ് ബാബു വിടവാങ്ങിയിട്ട് നാല് വർഷം. സംഗീതവും അഭിനയവും ഒരു പോലെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ബാബുവിന് നാട്ടുകാർ സീറോ എന്നു പേരിട്ടെങ്കിലും സംഗീത പ്രേമികൾക്കിടയിൽ ബാബു ഹീറോ തന്നെയായിരുന്നു. ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാൻ ഒരു മോട്ടോർ കാർ എന്ന പ്രശസ്തമായ പാട്ടാണ് മുഹമ്മദ് ബാബുവിനെ സീറോ ബാബു ആക്കിയത്.
പി.ജെ. ആൻറണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിൽ അഭിനയിച്ചു പാടിയ മുഹമ്മദ് ബാബു പിന്നീട് ജീവിതാവസാനം വരെ അറിയപ്പെട്ടത് സീറോ ബാബു എന്ന പേരിലായിരുന്നു. ജീവിതചക്രം മുന്നോട്ടു കൊണ്ടു പോകാൻ നിരവധി വേഷങ്ങൾ കെട്ടിയ ബാബുവിന് പണ്ട് കൊച്ചിയിൽ നടന്നിരുന്ന ചെറു രീതിയിലുള്ള കാർണിവൽ പരിപാടികളുടെ ഇടവേളകളിൽ പാടാൻ അവസരം കിട്ടുമായിരുന്നു.
ഒരു ദിവസം പാടിയാൽ അന്ന് കിട്ടിയിരുന്നത് അഞ്ചു രൂപ മാത്രം. സാധാരണക്കാരനെ ഹരം കൊള്ളിക്കുന്ന തമിഴ് ഗാനങ്ങളായിരുന്നു ബാബുവിന്റെ തുറുപ്പ് ചീട്ട്. രാജേന്ദ്ര മൈതാനത്ത് നടന്ന കാർണിവലിൽ സീറോ ബാബുവിന്റെ പാട്ടുകൾ പ്രധാന ഐറ്റമായി പിന്നീട് മാറുകയായിരുന്നു. സ്ത്രീ ശബ്ദവുമായാണ് ബാബുവിന്റെ സംഗീത രംഗത്തെ കടന്നു വരവ്. ആവാര എന്ന പഴയ ഹിന്ദി ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടിയ ‘ആ ജാവോ തഡപ്തേ ഹേ അർമാൻ’ ഹിറ്റ് ഗാനം നിരവധി സ്റ്റേജുകളിൽ വനിതാ ശബ്ദത്തിൽ പാടി ബാബു കൈയടി നേടിയിട്ടുണ്ട്.
സ്ത്രീ ശബ്ദത്തിന് മാറ്റം വന്നു തുടങ്ങിയപ്പോൾ മത്തായി മാഞ്ഞൂരാന്റെ കേരള സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി വിപ്ലവ ഗാനങ്ങൾ പാടി തുടങ്ങി. കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി പാടിയത്. പിന്നീട് സുബൈദ, അവൾ, ഇത്തിക്കരപ്പക്കി, വിസ, പോർട്ടർ കൃഞ്ഞാലി, ഖദീജ, ചൂണ്ടക്കാരി, ഭൂമിയിലെ മാലാഖ തുടങ്ങിയ ചിത്രങ്ങളിൽ പാടി. കുറുക്കന്റെ കല്യാണം, മറക്കില്ലൊരിക്കലും എന്നീ സിനിമകളിൽ സംഗീത സംവിധാനവും നിർവഹിച്ചു. മാടത്തരുവി കൊലക്കേസ്, തോമശ്ലീഹ, കാബൂളിവാല, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
മൂന്നു പതിറ്റാണ്ടു കാലം നാടകത്തിലും സിനിമയിലും ബാബു തന്റെതായ വിലാസം എഴുതിച്ചേർത്തു. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും ലഭിച്ചു. ഭാര്യയും നാലു മക്കളുമുണ്ട്. മൂത്തയാൾ സബിത ഫോർട്ടുകൊച്ചിയിൽ താമസിക്കുന്നു. സൂരജ്, സുൽഫി, ദീപ എന്നിവർ ചെന്നൈയിലാണ്.
മൂന്നു പേരും സംഗീത ലോകത്ത് ശ്രദ്ധേയരാണ്. ബാബുവിന്റെ ഓർമ ദിനമായ തിങ്കളാഴ്ച സീറോ ബാബു മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് കപ്പലണ്ടിമുക്ക് ഷാദി മഹലിൽ സീറോ ബാബു അനുസ്മരണവും സംഗീത രാവും ഒരുക്കിയിട്ടുണ്ട്. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.