നിശാ ക്ലബ്ബിൽ നിന്ന് ആൾക്കൂട്ടങ്ങൾക്ക് നടുവിലേക്ക്, ഇടർച്ചയില്ലാത്ത ആ ശബ്ദത്തിന്റെ ജൈത്രയാത്ര
text_fieldsകോട്ടയത്ത് സി.പി.എം സംസ്ഥാന സമ്മേളനം നടന്നപ്പോൾ സമാപന സമ്മേളനത്തിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞ ആ ഡയലോഗ് ഇപ്പോഴും ആരും മറന്നിട്ടുണ്ടാവില്ല. വി.എസിനെ കണ്ട് ഇളകിമറിഞ്ഞ പാർട്ടി പ്രവർത്തകരെ ‘ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’ എന്നു പറഞ്ഞായിരുന്നു പിണറായി അടിച്ചിരുത്തിയത്. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. തമിഴ്നാട്ടിലെ അയ്യർ കുടുംബത്തിൽ ജനിച്ച് ഹിന്ദി സിനിമയിലൂടെ ഇന്ത്യൻ പോപ് ഗായികയായി വളർന്ന ഉഷ ഉതുപ്പ് ഒരർഥത്തിൽ കോട്ടയംകാരി കൂടിയാണ്. കോട്ടയം മണർകാടുകാരൻ ജാനി ചാക്കോ ഉതുപ്പായിരുന്നവല്ലോ ഉഷയുടെ ഭർത്താവ്.
77 വയസ്സുകാരിയായ ഉഷ ഉതുപ്പ് ഈ മാസം 14,15 തിയതികളിൽ പൂണെയിൽ നടക്കുന്ന ‘എൻ.എച് 7 വീക്കെൻഡർ’ എന്ന വമ്പൻ ഷോയിൽ ഗാനങ്ങൾ അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ്.
സംഗീത പാരമ്പര്യമുള്ള അയ്യർ കുടുംബത്തിൽ ജനിച്ചെങ്കിലും പരുക്കൻ ശബ്ദം കാരണം പാട്ടുപഠിക്കാൻ കൊള്ളില്ലെന്ന് ഗുരുക്കന്മാർ വിധിയെഴുതിയ ശബ്ദമാണ് മൈതാനങ്ങളെയും മനസ്സുകളെയും ഇളക്കിമറിച്ചത് എന്നത് പിൽക്കാല ചരിത്രം. സഹോദരിമാരൊക്കെയും ശാസ്ത്രീയ സംഗീതം അഭ്യസിച്ചവർ. പക്ഷേ, ശബ്ദം പരുക്കനെങ്കിലും അതിൽ സംഗീതമുണ്ടെന്നറിഞ്ഞ സംഗീത അധ്യാപകൻ നൽകിയ അവസരങ്ങളിലൂടെ പിടിച്ചുകയറിയ ഉഷ നിശാ ക്ലബ്ബിലെ പാട്ടുകാരിയായി മാറി. പിന്നീട് ചലച്ചിത്ര പിന്നണി ഗായികയും ആൽബങ്ങളിലൂടെ ഇന്ത്യയുടെ പോപ് ഗായികയുമായി തീർന്നു. പിന്നെ ഉഷാ ഉതുപ്പിന്റെ പാട്ടുകൾ തലമുറ ഭേദമില്ലാതെ ഹിറ്റ് ചാർട്ടിലൂടെ ഒഴുകി. മുഖം നിറഞ്ഞു നിൽക്കുന്ന വലിയ പൊട്ടും വാരിച്ചുറ്റിയ കാഞ്ചീപുരം സാരികളുമായി ഒരു ‘ഉഷാ ഉതുപ്പ്’ ഐക്കൺ തന്നെ അവർ വേദികളിൽ തീർത്തു. ഏതാനും സിനിമകളിൽ വേഷവുമിട്ടു. ‘പോത്തൻ വാവ’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ അമ്മ വേഷത്തിലൂടെ മലയാളി താരവും ആയി.
'
താൻ ഇന്നുവരെ ആരെയും അനുകരിച്ചിട്ടില്ലെന്നും തന്റേതായ ശൈലിയാണ് ഗാനാലാപനത്തിൽ പിന്തുടർന്നതെന്നും ‘ദ ടെലഗ്രാഫി’ന് നൽകിയ അഭിമുഖത്തിൽ ഉഷ ഉതുപ്പ് പറയുന്നു. ‘മൗലികതയിലാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് മറ്റാരെയും പകർത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. അവസരങ്ങൾക്കായുള്ള നെരിപ്പാച്ചിലിൽ ഞാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ധാരാളം അവസരങ്ങൾ കിട്ടിയില്ല എന്നതിൽ ഒട്ടും ഖേദവുമില്ല. ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്’ - ഉഷ ഉതുപ്പ് പറയുന്നു.
‘ദൈവം ദയയുള്ളവനാണ്, ഞാൻ വളരെ കഠിനാധ്വാനം ചെയ്തു. ഒരുപാട് അഭിനിവേശത്തോടെ പ്രവർത്തിച്ചു. കഠിനാധ്വാനം ചെയ്തു. ഞാൻ എപ്പോഴും പറയാറുണ്ട്, കഠിനാധ്വാനത്തിന് കുറുക്കുവഴിയില്ല എന്ന്. ഒരു പെർഫോമർ എന്ന നിലയിൽ ഓരോ പ്രേക്ഷകരുമായും ഇടപഴകുന്നത് ചിലപ്പോൾ വെല്ലുവിളിയാണ്. എന്നെ ഞാനാക്കിയത് പ്രേക്ഷകരാണ്. ചിലപ്പോൾ ഒന്നോ രണ്ടോ പാട്ടുകൾ കൊണ്ട് അവരെ ആകർഷിക്കാൻ കഴിയും. അവർ ആസ്വദിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ ചിലപ്പോൾ മൂന്നിൽ കൂടുതൽ ഗാനങ്ങൾ വേണ്ടിവന്നേക്കാം.’ - അവർ തന്റെ സ്റ്റേജ് അനുഭവം പങ്കുവെക്കുന്നു.
ചെന്നൈ മൗണ്ട് റോഡിലെ ‘നയൻ ജെംസ്’ എന്ന നിശാ ക്ലബ്ബിലെ പാട്ടുകാരിയായാണ് ഉഷ ഉതുപ്പ് കരിയർ ആരംഭിക്കുന്നത്. അവിടെ അകമ്പടിയായി ഒരു ഡ്രം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ഉഷ ഓർമിക്കുന്നു. ഒരിക്കൽ, ഡൽഹിയിലെ ഒബ്‌റോയ് കോണ്ടിനെന്റൽ ഹോട്ടലിൽ പരിപാടി അവതരിപ്പിക്കുമ്പോൾ, ദേവാനന്ദ്, ആർ.ഡി. ബർമൻ, ശശി കപൂർ തുടങ്ങി ഹിന്ദി സിനിമ രംഗത്തെ പ്രമുഖരായ നിരവധിപേർ സദസ്സിലുണ്ടായിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ അഭിനന്ദിക്കാനെത്തിയ ദേവാനന്ദ് അദ്ദേഹത്തിന്റെ അടുത്ത സിനിമയായ ‘ഹരേ രാമ ഹരേ കൃഷ്ണ’യിൽ പാടാൻ അവസരം വാഗ്ദാനം ചെയ്തു. അങ്ങനെ ‘ദം മരോ ദം’ എന്ന ഗാനത്തിൽ ആഷാ ഭോത്സ്ലേക്കൊപ്പം പാടാൻ അവസരമുണ്ടായി. പട്ടുപോലെ നേർത്ത ഗായികമാരുടെ ശബ്ദത്തിനിടയിൽ അൽപം പരുക്കൻ ഭാവമുള്ള ഉഷയുടെ ശബ്ദം വേറിട്ടതായിരുന്നു. അത്തരം പാട്ടുകൾ ഉഷയെ തേടിവന്നു. പോപ് സംഗീതത്തിന് ഇണങ്ങുന്നതാണ് ആ ശബ്ദം എന്ന് തിരിച്ചറിഞ്ഞതോടെ ഉഷയുടെ ശബ്ദം തേടി ആൽബം കമ്പനികളും എത്തി തുടങ്ങി.
1968 ൽ ഉഷ തുടരെ ഇംഗ്ലീഷ് ആൽബങ്ങൾ പുറത്തിറക്കി. ഇന്ത്യയിലും പുറത്തുമെല്ലാം ഈ ആൽബങ്ങൾക്ക് നല്ല ജനസമ്മതി ലഭിച്ചു. ബി.ബി.സി. റേഡിയോ വരെ അവരുടെ അഭിമുഖങ്ങൾ നൽകി. 1970- 1980 കാലഘട്ടത്തിൽ സംഗീതസംവിധായകരായ ആ.ഡി. ബർമൻ, ബപ്പി ലഹരി എന്നിവരുടെ സംവിധാനത്തിൽ ഉഷ നിരവധി ഗാനങ്ങൾ ആലപിച്ചു. അതൊക്കെയും ഹിറ്റുമായി.
പിന്നണി ഗായിക എന്നതിനെക്കാൾ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തിനു മുന്നിൽ ലൈവായി പെർഫോം ചെയ്യുന്ന ഒരു കലാകാരി എന്നതായിരുന്ന ഉഷയുടെ ഏറ്റവും വലിയ പ്രത്യേകത. ‘ഞാൻ പെർഫോം ചെയ്യുമ്പോൾ എനിക്കു ചുറ്റും ആൾക്കൂട്ടം വേണം. അപ്പോൾ ഞാൻ അവരിൽ ഒരാളാകും. പ്രേക്ഷകരില്ലാതെ ഞാനില്ല. ശരിക്കും ഞാൻ അവരുടെ ആരാധികയാണ്. തത്സമയ പ്രകടനം നടത്തുന്നതിനെക്കാൾ മികച്ച മറ്റൊന്നുമില്ല’ എന്തുകൊണ്ടാണ് വേദികളെ താൻ ഇഷ്ടപ്പെടുന്നത് എന്ന് ഉഷ പറയുന്നു.
പുതിയ തലമുറയിലെ ഇന്ത്യൻ പോപ് ഗായകരിൽ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് ഉഷ പറയുന്നു. ‘പല ശബ്ദങ്ങളും അതിശയിപ്പിക്കുന്നതാണ്. ഇത്രയുംകാലം ഇവർ എവിടെയായിരുന്നു എന്ന് ഞാൻ അദ്ഭുതപ്പെടാറുണ്ട്. വളരെ ആവേശത്തോടെ അവർ പ്രകടനം നടത്തുന്നു. മികച്ച വരികളും മികച്ച സംഗീതവും സൃഷ്ടിക്കുന്നു. മൗലികമാണ് അവരുടെ സൃഷ്ടികൾ. അവർക്കുമുന്നിൽ അവസരങ്ങളുടെ ആകാശം തുറന്നു കിടക്കുന്നു’.
രാജ്യം പത്മഭൂഷൺ നൽകിയാണ് ഉഷയെ ആദരിച്ചത്. 2024 ജൂലൈ എട്ടിന് ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് കൊൽക്കത്തയിൽ നിര്യാതനായി. 77ാം വയസ്സിലും ഇടർച്ചയില്ലാത്ത ശബ്ദവുമായി പുതു തലമുറയുടെ മുന്നിൽ പുതുപുത്തൻ സംഗീതം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഉഷ ഉതുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.