ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം ? -ജി വേണുഗോപാൽ
text_fields
കോവിഡ് മഹാമാരിയുടെ ഭീഷണിക്കൊപ്പം പേമാരി ആർത്തുലച്ചെത്തി ജീവനുകൾ കൊയ്തപ്പോൾ മറ്റൊരു ദുരന്തം കൂടി മലയാള മണ്ണിന് താങ്ങാനാവുമായിരുന്നില്ല. എന്നാൽ ഇന്നലെ കരിപ്പൂരിൽ സംഭവിച്ച വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളീയർ. കേരളം കഴിഞ്ഞ കുറച്ചുവർഷങ്ങളായി തുടർച്ചയായി നേരിടുന്ന മഹാ ദുരന്തങ്ങളിൽ വേദനിപ്പിക്കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഗായകൻ ജി വേണുഗോപാൽ. ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം ? എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ഇക്കഴിഞ്ഞ ആറു മാസങ്ങളായി ലോകമെങ്ങും നടമാടുന്ന രോഗപീഢ, മരണ, ദുരിതങ്ങൾക്കിടയിൽ മനസ്സ് കുളിർക്കാൻ ഇടയ്ക്കിടയ്ക്കെത്തിയിരുന്നത് കനിവിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ മാത്രമായിരുന്നു. ഇപ്പോൾ, തുടർച്ചയായിത് മൂന്നാം വർഷവും കേരളത്തിൻ്റെ വടക്ക്, മദ്ധ്യ പ്രദേശങ്ങൾ പേമാരിയിൽ അടിഞ്ഞൊടുങ്ങുമ്പോൾ, ഭൂമി പിളർന്ന് ഉടലോടെ മനുഷ്യരെ വിഴുങ്ങുമ്പോൾ, "ഇത്രയും പോരാ " എന്ന ഉഗ്ര ശാസനയോടെ വിധിയുടെ ഖഡ്ഗം ഇരുട്ടത്ത് വെട്ടിത്തിളങ്ങി വീണ്ടും ആഞ്ഞാഞ്ഞ് പതിക്കുന്നു. എങ്ങും ആർത്തനാദങ്ങൾ, പാതി വെന്ത ശരീരങ്ങളിൽ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകൾ.
ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം ?
കൊട്ടിക്കയറിയ തായമ്പകയുടെ അവസാന കുട്ടപ്പൊരിച്ചിൽ പോലെ, തനിയാവർത്തന മേളയിൽ അതി ദ്രുതഗതിയിലെ വിന്യാസം പോലെ, വിധിയുടെ ഈ മൃഗീയ സിംഫണി ഇവിടെയവസാനിച്ചാലും! ഇനിയൊരു കലാശക്കൊട്ടിന് കാണികൾ അവശേഷിക്കുന്നുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.